മുണ്ടക്കൈ ഉരുൾപൊട്ടൽ: വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ടിനെതിരെ വ്യാപക പ്രതിഷേധം
Mail This Article
മേപ്പാടി ∙ ഉരുൾപൊട്ടലുണ്ടായ പുഞ്ചിരിമട്ടത്തിനു മുകളിൽ 50 മീറ്റർ ദൂരത്തിന് അപ്പുറവും പുഞ്ചിരിമട്ടത്തിന് താഴെ 30 മീറ്ററിന് അപ്പുറവും വാസയോഗ്യമാണെന്ന വിദഗ്ദ സംഘത്തിന്റെ റിപ്പോർട്ടിനെതിരെ വ്യാപക പ്രതിഷേധം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രദേശങ്ങളിലെ വാസയോഗ്യമായ സ്ഥലം അടയാളപ്പെടുത്താനുള്ള അധികൃതരുടെ നീക്കം നാട്ടുകാർ തടഞ്ഞു.
ഫീൽഡ് പരിശോധനയുടെ മുന്നോടിയായി രാവിലെ പത്തോടെ മേപ്പാടി പഞ്ചായത്ത് ഓഫിസിലെത്തിയ ഉദ്യോഗസ്ഥ സംഘത്തെയാണു നാട്ടുകാർ തടഞ്ഞത്. സർക്കാർ നിയോഗിച്ച ജോൺ മത്തായി സമിതിയുടെ റിപ്പോർട്ട് പ്രകാരം വാസയോഗ്യമായതും അല്ലാത്തതുമായ (ഗോ ആൻഡ് നോ ഗോ സോൺ) പ്രദേശങ്ങൾ ദുരന്തബാധിത പ്രദേശങ്ങളിൽ നേരിട്ട് പരിശോധന നടത്തി അതിർത്തി നിർണയിക്കാൻ പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ച് കലക്ടർ ഡി.ആർ.മേഘശ്രീ കഴിഞ്ഞ 11ന് ഉത്തരവിറക്കിയിരുന്നു.
ജില്ലാ ജിയോളജിസ്റ്റ്, ജില്ലാ മണ്ണുസംരക്ഷണ ഓഫിസർ, സർവേ ഡപ്യൂട്ടി ഡയറക്ടർ, വയനാട് ഹസാർഡ് അനലിസ്റ്റ്, വൈത്തിരി തഹസിൽദാർ, മേപ്പാടി പഞ്ചായത്ത് സെക്രട്ടറി എന്നിവരടങ്ങുന്നതാണ് സംഘം. ഇവർ കൽപറ്റ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, തദ്ദേശസ്ഥാപന അംഗങ്ങൾ എന്നിവരെ മുൻകൂട്ടി അറിയിച്ച് ഫീൽഡ് പരിശോധന നടത്തണമെന്നായിരുന്നു ഉത്തരവ്.
വിവരശേഖരണത്തിന് 5 പഞ്ചായത്ത് ജീവനക്കാരെയും 10 റവന്യു ജീവനക്കാരെയും നിയോഗിച്ചിരുന്നു. ഇൗ സംഘമാണു ഇന്നലെ ഫീൽഡ് സർവേയ്ക്കായി മേപ്പാടി പഞ്ചായത്ത് ഓഫിസിലെത്തിയത്. റിപ്പോർട്ട് വന്നതോടെ, ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ പുഞ്ചിരിമട്ടത്തെ ഗോത്രവർഗ സങ്കേതവും 2019ൽ ഉരുൾപൊട്ടലുണ്ടായ ചൂരൽമല സ്‌കൂൾ റോഡിന് മുകൾഭാഗത്തെ ജനവാസ മേഖലയായ പടവെട്ടിക്കുന്നും മുണ്ടക്കൈ അങ്കണവാടിക്ക് സമീപത്തെ വീടുകളും വാസയോഗ്യമേഖലയായി. വിദഗ്ധ സമിതിയുടെ പ്രാഥമിക പരിശോധനയിൽ വാസയോഗ്യമല്ലെന്നു പറഞ്ഞിരുന്ന പ്രദേശങ്ങൾ വരെ അന്തിമ റിപ്പോർട്ടിൽ സുരക്ഷിത മേഖലയായെന്നു ദുരന്തബാധിതർ ആരോപിച്ചു.
പ്രതിഷേധം ശക്തമായതോടെ കലക്ടർ ഡി.ആർ.മേഘശ്രീ ഇന്നലെ വൈകിട്ടു ദുരന്തബാധിതരെ കൂടി ഉൾപ്പെടുത്തി അടിയന്തര സർവകക്ഷി യോഗം വിളിച്ചു. പ്രായോഗികമല്ലാത്തതും അശാസ്ത്രീയമായതുമായ റിപ്പോർട്ട് തള്ളണമെന്ന ആവശ്യം യോഗത്തിൽ ഉയർന്നു. ദുരന്തഭൂമിയിലെ വാസയോഗ്യമായ മേഖലകൾ അടയാളപ്പെടുത്താനുള്ള സർവേ താൽകാലികമായി നിർത്തിവച്ചതായും ജനങ്ങളുടെ ആശങ്ക സർക്കാരിനെ അറിയിക്കുമെന്നും കലക്ടർ ഡി.ആർ.മേഘശ്രീ യോഗത്തിൽ അറിയിച്ചു.
നാട്ടുകാരുടെ ആശങ്ക ദുരീകരിക്കും: കലക്ടർ
കൽപറ്റ ∙ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത പ്രദേശങ്ങളിൽ വിദഗ്ധ സമിതി നടത്തിയ റിപ്പോർട്ടിനെ കുറിച്ചുള്ള നാട്ടുകാരുടെ ആശങ്ക ദൂരീകരിക്കുമെന്ന് കലക്ടർ ഡി.ആർ.മേഘശ്രീ. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു കലക്ടർ. പുനരധിവാസ ഗുണഭോക്തൃ പട്ടിക തയാറാക്കുമ്പോൾ മേഖലയിൽ വിതരണം ചെയ്ത റേഷൻ കാർഡുകളുടെ പട്ടിക, കെഎസ്ഇബി ജിയോ റഫറൻസ് ഡേറ്റ, ഹരിതമിത്രം ആപ് റഫറൻസ് ഡേറ്റ എന്നിവയും പരിശോധിക്കും. തയാറാക്കുന്ന ഗുണഭോക്തൃ പട്ടിക ജനകീയ സമിതിയിലും ഗ്രാമസഭയിലും അവതരിപ്പിച്ച് അർഹരെ കണ്ടെത്തും.
അർഹരായ എല്ലാവർക്കും സുരക്ഷിത പുനരധിവാസം ഉറപ്പാക്കുകയാണു സർക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ലക്ഷ്യം. ദുരന്തഭൂമിയിലെ സർവേ താൽക്കാലികമായി നിർത്തിവച്ചതായി കലക്ടർ യോഗത്തിൽ അറിയിച്ചു. വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൽ പ്രദേശവാസികൾ, ഭരണസമിതി അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ അറിയിച്ച ആശങ്കയും പ്രതിഷേധവും ജില്ലാ ഭരണകൂടം സർക്കാരിനെ അറിയിക്കും.
ദുരന്തഭൂമിയിൽ നടത്തിയ പഠന റിപ്പോർട്ട് ജനങ്ങൾക്ക് പഠിക്കാൻ നൽകണം, റിപ്പോർട്ടിലെ ആശങ്ക പരിഹരിക്കാൻ മന്ത്രി തലത്തിൽ സർവകക്ഷിയോഗം ചേരണം, റിപ്പോർട്ടിൽ ആവശ്യമായ പരിഷ്കാരം വരുത്തണം, പഞ്ചായത്ത് ഭരണസമിതി–ജനകീയ ആക്‌ഷൻ കമ്മിറ്റികളെ ഉൾപ്പെടുത്തി റിപ്പോർട്ട് പുനഃപരിശോധിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉയർന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ ബെന്നി ജോസഫ്, ഡപ്യൂട്ടി കലക്ടർ കെ.അജീഷ്, മേപ്പാടി പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ദുരന്തബാധിതർ എന്നിവർ പങ്കെടുത്തു.