മഴയിൽ ഇടിഞ്ഞ റോഡ് നന്നാക്കാൻ നടപടിയില്ല; ഓവുപാലം തകർന്ന് റോഡ് നശിച്ചത് ജൂലൈയിൽ

Mail This Article
നീർവാരം ∙ കനത്ത മഴയെ തുടർന്നുണ്ടായ കുത്തൊഴുക്കിൽ ഇടിഞ്ഞു തകർന്ന റോഡ് നന്നാക്കാൻ നടപടിയില്ല. ക്ഷീരകർഷകർ അടക്കം ഒട്ടേറെ പേർ ആശ്രയിക്കുന്ന പനമരം പഞ്ചായത്തിലെ മഞ്ഞവയൽ - വാളമ്പാടി റോഡിനോടാണ് അവഗണന. കഴിഞ്ഞ ജൂലൈയിൽ ഉണ്ടായ ശക്തമായ മഴയിലാണ് റോഡിനു കുറുകെ സ്ഥാപിച്ച ഓവുപാലം തകർന്ന് റോഡ് ഇടിഞ്ഞു നശിച്ചത്.
ഇതോടെ ഇതുവഴിയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം പൂർണമായും നിലച്ചിരുന്നു. കഴിഞ്ഞ ദിവസത്തെ മഴയിൽ റോഡിന്റെ കൂടുതൽ ഭാഗം ഇടിഞ്ഞുതാണതോടെ ചെറിയ വാഹനങ്ങൾക്കും പോകാൻ കഴിയാതായി.
റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പലതവണ പഞ്ചായത്തധികൃതരെ സമീപിച്ചെങ്കിലും ഫണ്ട് വച്ചിട്ടുണ്ടെന്നു പറയുന്നതല്ലാതെ നന്നാക്കാൻ നടപടിയുണ്ടായില്ല. റോഡ് ഇടിഞ്ഞ് വാഹനങ്ങൾ എത്താതായതോടെ പാലളക്കുന്ന കർഷകരും ഗോത്രസാരഥിയെ ആശ്രയിക്കുന്ന വിദ്യാർഥികളും ദുരിതത്തിലായി.

ഓട്ടോറിക്ഷ പോലും എത്താതായതോടെ കഴിഞ്ഞദിവസം നാട്ടുകാരുടെ നേതൃത്വത്തിൽ ഓവുപാലം പുനഃസ്ഥാപിച്ച് റോഡ് താൽക്കാലികമായി മണ്ണിട്ട് ഗതാഗതയോഗ്യമാക്കിയെങ്കിലും മഴ പെയ്താൽ വീണ്ടും റോഡ് കുത്തിയൊലിച്ചു പോകുമെന്ന അവസ്ഥയാണ്.
ആറാം വാർഡിലെ മഞ്ഞവയൽ, കൊട്ടവയൽ, നഞ്ചറമൂല പ്രദേശങ്ങളിലെ 127 കുടുംബങ്ങളുടെ ഏക ആശ്രയമാണ് ഈ റോഡ്. ഇതിൽ തന്നെ 84 പേർ പട്ടികവർഗ വിഭാഗത്തിൽ പെട്ടവരാണ്. 4 കിലോമീറ്ററിനപ്പുറമുള്ള റോഡിന്റെ തുടക്കത്തിൽ നിന്ന് 500 മീറ്റർ മാറിയാണ് റോഡ് ഇടിഞ്ഞുതാഴ്ന്നത്.
റോഡ് തകർന്നതിനു പുറമേ ഇതിനോടു ചേർന്നുള്ള കർഷകനായ മഞ്ഞവയൽ അനിൽകുമാറിന്റെ സ്ഥലവും ഇടിഞ്ഞു കൃഷികൾ നശിച്ചിട്ടുണ്ട്.
വനാതിർത്തി ഗ്രാമമായതിനാൽ വന്യമൃഗശല്യവും ഇവിടെ രൂക്ഷമാണ്. റോഡ് എത്രയും പെട്ടെന്ന് നന്നാക്കാൻ നടപടിയില്ലാത്ത പക്ഷം സമരവുമായി രംഗത്തിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.
എന്നാൽ റോഡിന്റെ തകർന്ന ഭാഗം നന്നാക്കുന്നതിനായി 4 ലക്ഷം രൂപ വകയിരുത്തി ടെൻഡർ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും എത്രയും വേഗം പണി തുടങ്ങാനുള്ള നടപടി സ്വീകരിക്കുമെന്നും പഞ്ചായത്തംഗം ജയിംസ് കാഞ്ഞിരത്തിങ്കൽ പറഞ്ഞു.