വയനാടിന് നവ്യ ഹരിദാസിന്റെ വിജയം അനിവാര്യം: അബ്ദുല്ലക്കുട്ടി
Mail This Article
മാനന്തവാടി ∙ വയനാടിന്റെ വികസന സങ്കൽപങ്ങൾ യാഥാർഥ്യമാകാൻ എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസിന്റെ വിജയം ഉറപ്പാക്കണമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുല്ലക്കുട്ടി പറഞ്ഞു. എൻഡിഎ മാനന്തവാടി നിയോജക മണ്ഡലം പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചൂരൽമല പ്രദേശത്തെ പ്രകൃതി ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള ഒരു നടപടിയും സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടില്ല. ഡിപിആർ തയാറാക്കി കേന്ദ്ര സർക്കാരിന് മുൻപാകെ സമർപ്പിക്കാൻ പോലും സംസ്ഥാന സർക്കാരിന് സാധിച്ചിട്ടില്ല. ഇത് പോലും ചെയ്യാതെയാണ് കേന്ദ്രം സഹായിച്ചില്ല എന്ന് കള്ള പ്രചാരണം നടത്തുന്നത്.
രാത്രി യാത്രാ നിരോധനത്തിനും ചുരം ബദൽ റോഡിനും പരിഹാരം കാണും എന്നാണ് രാഹുൽ ഗാന്ധി വയനാടൻ ജനതയ്ക്ക് ഉറപ്പ് നൽകിയത്. ഇത് തന്നെയാണ് പ്രിയങ്ക ഗാന്ധിയും ഇപ്പോൾ പറയുന്നത്. കുടുംബാധിപത്യം വയനാടൻ ജനതയ്ക്ക് മേൽ അടിച്ചേൽപിക്കുവാനുള്ള ശ്രമം വയനാട് തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൻ കണിയാരം അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി കെ.പി.പ്രകാശ് ബാബു, ബിജെപി മേഖലാ പ്രസിഡന്റ് ടി.പി.ജയചന്ദ്രൻ, കെ.സദാനന്ദൻ, കെ.മോഹൻദാസ്, ഇ.മാധവൻ, പുനത്തിൽ രാജൻ, കെ.ജയചന്ദ്രൻ, കെ.എം.പ്രജീഷ്, ഗിരീഷ് കട്ടക്കളം എന്നിവർ പ്രസംഗിച്ചു.