വയനാട് ഉപതിരഞ്ഞെടുപ്പിൽ 16 സ്ഥാനാർഥികൾ; എല്ലാ സ്ഥാനാർഥികൾക്കും ചിഹ്നം അനുവദിച്ചു
Mail This Article
കൽപറ്റ ∙ ഉപതിരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാനദിവസവും പിന്നിട്ടതോടെ വയനാട്ടിൽ മത്സരാർഥികളുടെ ചിത്രം തെളിഞ്ഞു. പത്രിക നൽകിയ ആരും ഇന്നലെ പത്രിക പിൻവലിച്ചില്ല. ഇതോടെ 16 സ്ഥാനാർഥികളാണു വയനാട് ലോക്‌സഭാ മണ്ഡലത്തിൽ മത്സരരംഗത്തുള്ളത്. ഇവർക്ക് ചിഹ്നവും അനുവദിച്ചു. സ്ഥാനാർഥികളുടെ പേര്, പാർട്ടി, ചിഹ്നം എന്നിവ യഥാക്രമം.
നവ്യ ഹരിദാസ് (ബിജെപി – താമര), പ്രിയങ്ക ഗാന്ധി (കോൺഗ്രസ് – കൈപ്പത്തി), സത്യൻ മൊകേരി (സിപിഐ –ധാന്യക്കതിരും അരിവാളും), ഗോപാൽ സ്വരൂപ് ഗാന്ധി (കിസാൻ മസ്ദൂർ ബറോസ്ഗാർ സംഘ് പാർട്ടി – കരിമ്പ് കർഷകൻ), ജയേന്ദ്ര കെ. റാത്തോഡ് (റൈറ്റ് ടു റീകാൾ പാർട്ടി – പ്രഷർ കുക്കർ ), ഷെയ്ക്ക് ജലീൽ (നവരംഗ് കോൺഗ്രസ് പാർട്ടി – ഗ്ലാസ് ടംബ്ലർ ), ദുഗ്ഗിറാല നാഗേശ്വര റാവു (ജതിയ ജനസേവ പാർട്ടി – ഹെൽമെറ്റ്), എ.സീത (ബഹുജൻ ദ്രാവിഡ പാർട്ടി – ഡയമണ്ട്). സ്വതന്ത്രർ: അജിത്ത് കുമാർ. സി (ട്രക്ക്) , ഇസ്മയിൽ സബിഉല്ല (ഏഴ് കിരണങ്ങളോട് കൂടിയ പേനയുടെ നിബ്ബ് ), എ. നൂർമുഹമ്മദ് (ഗ്യാസ് സിലിണ്ടർ), ഡോ.കെ.പത്മരാജൻ (ടയറുകൾ), ആർ.രാജൻ (ഡിഷ് ആന്റിന), രുഗ്മിണി (കംപ്യൂട്ടർ), സന്തോഷ് പുളിക്കൽ (ഓട്ടോറിക്ഷ ) , സോനുസിങ് യാദവ് (എയർ കണ്ടീഷണർ). വരണാധികാരിയും കലക്ടറുമായ ഡി.ആർ.മേഘശ്രീയുടെ നേതൃത്വത്തിലാണ് ചിഹ്നം അനുവദിക്കൽ ഉൾപ്പെടെയുള്ള നടപടി പൂർത്തിയായത്.
സ്ഥാനാർഥികൾ നയം വ്യക്തമാക്കണം
കൽപറ്റ ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളും മൂന്നണികളും വയനാടൻ കൃഷിയുടെയും ഗോത്ര വിഭാഗങ്ങളുടെയും പരിസ്ഥിതിയുടെയും നിലനിൽപിനെക്കുറിച്ചും അതിജീവനത്തെക്കുറിച്ചുമുള്ള നയം വ്യക്തമാക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. രാത്രിയാത്രാ നിരോധനവും തുരങ്ക പാതയും റെയിൽവേയും എയർ സ്ട്രിപ്പും ചുരം ബദൽ റോഡുകളുമാണു വയനാടൻ ജനത നേരിടുന്ന വികസന വെല്ലുവിളികളെന്ന് എല്ലാ സ്ഥാനാർഥികളും ധരിച്ചിരിക്കുകയാണ്. സി.എ.ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എ.വി.മനോജ്, എൻ. ബാദുഷ, തോമസ് അമ്പലവയൽ, തച്ചമ്പത്ത് രാമകൃഷ്ണൻ, ബാബു മൈലമ്പാടി, പി.എം.സുരേഷ്, സണ്ണി മരക്കാവ്, ഒ.ജെ.മാത്യു എന്നിവർ പ്രസംഗിച്ചു.
സ്ഥാനാർഥികളുടെ ചെലവു റജിസ്റ്ററുകളുടെ സൂക്ഷ്മ പരിശോധന
ലോക്‌സഭ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർഥികളുടെ ചെലവുകൾ സംബന്ധിച്ച റജിസ്റ്ററുകളുടെ സൂക്ഷ്മ പരിശോധന നവംബർ 3, 7, 11 തീയതികളിൽ കലക്‌ടറേറ്റ് റൗണ്ട് കോൺഫറൻസ് ഹാളിൽ ചെലവ് നിരീക്ഷകന്റെ നേതൃത്വത്തിൽ നടക്കും. അംഗീകൃത ഏജന്റ് നിശ്ചിത മാതൃകയിലുള്ള റജിസ്റ്റർ പൂരിപ്പിച്ച് അനുബന്ധ രേഖകളും വൗച്ചറുകളും ബില്ലുകളും സഹിതം പരിശോധനയ്ക്കു ഹാജരാക്കണം. ഇത് സംബന്ധിച്ച് നാളെ 2ന് നടക്കുന്ന പരിശീലന ക്ലാസ്സുകളിൽ പങ്കെടുക്കണമെന്നും അധികൃതർ അറിയിച്ചു.
വോട്ടു ചെയ്യൂ; ബോധവൽക്കരണവുമായി വിദ്യാർഥികൾ
മാനന്തവാടി ∙ കണ്ണൂർ സർവകലാശാല അധ്യാപക വിദ്യാഭ്യാസ കേന്ദ്രം മാനന്തവാടിയുടെ നാഷനൽ സർവീസ് സ്കീം യൂണിറ്റിന്റെയും ഇലക്ടറൽ ലിറ്ററസി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ വോട്ടേഴ്സ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ഇലക്ടറൽ ലിറ്ററസി ക്ലബ് ജില്ലാ കോ–ഓർഡിനേറ്റർ എസ്. രാജേഷ് കുമാർ ഉദ്ഘാടനം ചെയ്തു. സ്വീപ് അസിസ്റ്റന്റ് ഹാരിസ് നെന്മണി, ക്യാംപസ് ഡയറക്ടർ പി.ഹരീന്ദ്രൻ, കോഴ്സ് ഡയറക്ടർ ഡോ. എം.പി.അനിൽ, വൊളന്റിയർമാരായ വി.പി.ചന്ദന, പി.വി.നിജാസ് എന്നിവർ പ്രസംഗിച്ചു. ബോധവൽക്കരണത്തിന്റെ ഭാഗമായി ഗോൾ ചാലഞ്ച്, ഫ്ലാഷ് മോബ് എന്നിവയും നടന്നു.