തൊഴിലാളികൾക്കായി താമസ സ്ഥലങ്ങൾ പുതുക്കിപ്പണിത് ഹാരിസൺസ് മലയാളം
Mail This Article
കൽപറ്റ ∙ മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ താമസ സ്ഥലം നഷ്ടപ്പെട്ട തേയില തോട്ടം തൊഴിലാളികൾക്കായി ഹാരിസൺസ് മലയാളം 95 പുതുക്കിയ താമസ സ്ഥലങ്ങൾ ഒരുക്കിയതായി അധികൃതർ അറിയിച്ചു.ഒഴിഞ്ഞു കിടന്ന ലയങ്ങളാണു മികച്ച രീതിയിൽ പുതുക്കിപ്പണിതു താമസത്തിനു യോഗ്യമാക്കിയത്. 127 കുടുംബങ്ങൾക്കാണു പാർപ്പിടം നഷ്ടമായത്.ഓരോ കുടുംബത്തിനും നിത്യോപയോഗ സാമഗ്രികളുടെ കിറ്റ്, പാത്രങ്ങൾ തുടങ്ങിയവയും സൗജന്യമായി നൽകി.
അരപ്പറ്റ, ചൂണ്ടേൽ, അച്ചൂർ എസ്റ്റേറ്റുകളിലാണു സൗകര്യം ഏർപ്പെടുത്തിയത്. 45 കുടുംബങ്ങൾ പുതിയ സ്ഥലത്തേക്ക് താമസം മാറ്റിയിട്ടുണ്ട്. ബാക്കി ഉള്ളവരും ഉടനെത്തും.മണ്ണിടിച്ചിലിനെ തുടർന്ന് 40 തൊഴിലാളികൾ ആവശ്യപ്പെട്ട പ്രകാരം സ്ഥലം മാറ്റം അനുവദിച്ചു.മരിച്ച തൊഴിലാളികളുടെ ആശ്രിതർക്ക് സ്ഥിരം ജോലി വാഗ്ദാനം ചെയ്തിരുന്നു.അതിൽ 3 പേർ ജോലിക്ക് കയറി. ദുരന്തത്തെത്തുടർന്ന് മാനസിക സംഘർഷം അനുഭവിക്കുന്നവർക്ക് കൗൺസലിങ് അടക്കമുള്ള സംവിധാനങ്ങളും ഹാരിസൺസ് മലയാളം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.