അസൗകര്യങ്ങളാൽ വീർപ്പുമുട്ടി കാന്തൻപാറ വെള്ളച്ചാട്ടം; വസ്ത്രം മാറാൻപോലും ഇടമില്ല
Mail This Article
കാന്തൻപാറ ∙ കാന്തൻപാറ വെള്ളച്ചാട്ടം കാണാനെത്തുന്ന സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ അധികൃതർ. ഡിടിപിസിയുടെ കീഴിലുള്ള കേന്ദ്രത്തിൽ ശുദ്ധജലം ഒരുക്കാനോ തകർന്ന റോഡ് നന്നാക്കാനോ നടപടിയില്ലാത്തതു സഞ്ചാരികളെ ബുദ്ധിമുട്ടിലാക്കുന്നു. വെള്ളത്തിൽ ഇറങ്ങുന്നവർക്ക് വസ്ത്രം മാറാൻ പോലും സൗകര്യമില്ല. സിസിടിവിയും ഇല്ല. കാന്തൻപാറ വെള്ളച്ചാട്ടത്തിലേക്കുള്ള 3 കിലോമീറ്റർ റോഡ് പൂർണമായും തകർന്നിരിക്കുകയാണ്.റോഡിൽ ആകെ വെള്ളക്കെട്ടുകളും കുഴികളും നിറഞ്ഞു കിടക്കുകയാണ്. ടാറിങ് നടത്തിയിട്ട് കാലങ്ങളായി. ഇറക്കം കൂടുതലുള്ള ഭാഗങ്ങളിൽ റോഡിൽ സിമന്റിട്ടതും തകർന്നു.
കാന്തൻപാറ വെള്ളച്ചാട്ടത്തിന് സമീപം വരെ ബസ് പോലുള്ള വലിയ വാഹനങ്ങൾക്ക് പോകാൻ കഴിയില്ല. ബസിലെത്തുന്നവർ പാതിവഴിയിൽ ഇറങ്ങി ജീപ്പിലാണ് പോകുന്നത്. ഏറെ സഞ്ചാരികളെത്തുന്ന കാന്തൻപാറയിൽ ശുചിമുറി സംവിധാനം അപര്യാപ്തമാണ്. പുരുഷന്മാർക്ക് ഒരു ശുചിമുറിയും സ്ത്രീകൾക്കു രണ്ടെണ്ണവുമേയുള്ളൂ.കൂടുതൽ പേർ ഒന്നിച്ചെത്തിയാൽ ശുചിമുറിക്കായി ക്യൂ നിൽക്കേണ്ട അവസ്ഥയാകും. സഞ്ചാരികൾക്ക് വെള്ളത്തിലിറങ്ങാനും ആസ്വദിക്കാനും കഴിയുന്ന ചുരുക്കം ചില കേന്ദ്രങ്ങളിലൊന്നാണ് കാന്തൻപാറ വെള്ളച്ചാട്ടം. എന്നാൽ, വെള്ളത്തിലിറങ്ങിയ ശേഷം വസ്ത്രം മാറാൻ സൗകര്യമില്ലെന്നതുള്ളതാണ് വലിയ പ്രതിസന്ധി.
ജീവനക്കാർ താൽക്കാലികമായി പണിത ഷെഡ് മാത്രമാണ് ഏക ആശ്രയം. കർട്ടൻ ഉപയോഗിച്ച് മറച്ചാണ് സ്ഥലം ഒരുക്കിയിരിക്കുന്നത്. വസ്ത്രം മാറുന്നതിനായി 6 വർഷം മുൻപ് കണ്ടെയ്നർ എത്തിച്ചെങ്കിലും ഇതുവരെ ഉപയോഗിച്ചിട്ടില്ല. തകരാർ പരിഹരിക്കാനായി മാസങ്ങൾക്ക് മുൻപാണ് സിസിടിവി അഴിച്ചുകൊണ്ടു പോയത്. ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. ഇതോടെ, നിരീക്ഷണ–സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാത്ത അവസ്ഥയിലാണ് കേന്ദ്രം.വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം ഭിന്നശേഷി സൗഹാർദമാകണമെന്ന നിർദേശവും കാന്തൻപാറയിൽ നടപ്പായില്ല.ഭിന്നശേഷിക്കാർക്ക് ഇപ്പോഴും വെള്ളച്ചാട്ടത്തിന്റെ അടുത്തേക്ക് എത്താനുള്ള വഴി സൗകര്യമില്ല. മഴയും പിന്നാലെ ഉരുൾപൊട്ടലുമെത്തിയതോടെ രണ്ടര മാസത്തോളമാണ് കാന്തൻപാറ അടച്ചിട്ടത്.എന്നിട്ടും ജില്ലയിലെ മറ്റ് കേന്ദ്രങ്ങൾ തുറന്ന് ആഴ്ചകൾ കഴിഞ്ഞിട്ടാണ് കാന്തൻപാറ തുറന്നത്. ഇത്രയും കാലം അടച്ചിട്ടപ്പോൾ ഡിടിപിസിക്ക് കേന്ദ്രത്തിലെ അസൗകര്യങ്ങൾ പരിഹരിക്കാമായിരുന്നെങ്കിലും ശ്രമിച്ചില്ല.