കർഷകർ പ്രതിസന്ധിയിൽ: ഒടുവിൽ വാഴക്കൃഷിയും അതിർത്തി കടന്നു
Mail This Article
പുൽപള്ളി ∙ ജില്ലയിലെ കർഷകരുടെ മുഖ്യഇടവിളയായ ഏത്തവാഴ കൃഷിയും അതിർത്തി കടക്കുന്നു. വിവിധ കാരണങ്ങളാൽ കർഷകർ വാഴക്കൃഷി കുറച്ചു. കർണാടക കർഷകരാണ് വാഴക്കൃഷിയിൽ സജീവമായത്. കഴിഞ്ഞവർഷം വാഴക്കൃഷി നടത്തിയവർക്ക് വൻനഷ്ടമുണ്ടായി. കിലോയ്ക്ക് 14 രൂപയാണ് കർഷകർക്കു ലഭിച്ചത്. കർണാടകയിൽ 12 രൂപയും.വന്യമൃഗശല്യം, രോഗബാധ, വരൾച്ച എന്നീകാരണങ്ങളും കൃഷിയെ കൈവിടാൻ കാരണമായെന്ന് കർഷകർ പറയുന്നു. കഴിഞ്ഞ വർഷം മഴയോടൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ വാഴകളെല്ലാം നിലംപൊത്തി. കർഷകർക്ക് കാര്യമായ സഹായം ലഭിച്ചതുമില്ല. ഒരു വാഴ നട്ട് ആദായമെടുക്കുംവരെ ചുരുങ്ങിയത് 150 രൂപവരെ ചെലവാകും.
ഏതെങ്കിലും കാരണത്താൽ വിളവെടുപ്പുമുടങ്ങിയാൽ മുടക്കുമുതൽ നഷ്ടമാകും.കാറ്റിനെ പ്രതിരോധിക്കാൻ താങ്ങുകാൽ നാട്ടുന്നതിനു പുറമെ വാഴ സുരക്ഷിതമായി വലിച്ചുകെട്ടുകയും വേണം. പിണ്ടിതുരന്ന് വാഴയെ ഇല്ലാതാക്കുന്ന പുഴുവും ഓലകരിച്ചിലും ഭീഷണിയാണ്. ഇക്കൊല്ലം നേന്ത്രന് വിലയുണ്ട്. പച്ചക്കായ കിലോയ്ക്ക് 45 രൂപയുണ്ട്. ഇക്കൊല്ലം വില 55 വരെയെത്തിയിരുന്നു. കർണാടകയിൽ 50 രൂപയ്ക്കാണ് ഇന്നലെ വ്യാപാരം നടന്നത്. ജില്ലയിലെ ഗ്രാമപ്രദേശങ്ങളിൽ നിന്നു ലഭിക്കുന്ന വാഴക്കുലകൾ പ്രാദേശിക വിപണിയിലെ ആവശ്യത്തിനുമാത്രമേ തികയുന്നുള്ളൂവെന്ന് പ്രാദേശിക വ്യാപാരികൾ പറയുന്നു. കർണാടകയിൽ നിന്നെത്തുന്ന കായാണ് മറ്റുജില്ലകളിൽ വിൽക്കുന്നത്. ഉൽപന്നത്തിനു ക്ഷാമമേറിയപ്പോൾ വില ഉയർന്നു.
ഏതെങ്കിലും ഉൽപന്നത്തിനു വിലയേറുമ്പോൾ കർഷകർ കൂട്ടത്തോടെ ആ കൃഷിയിലേക്കിറങ്ങുകയും കൂടിയ അളവിൽ കൃഷി നടത്തുകയും ചെയ്യുന്നതാണ് വിലയിടിവിനു കാരണമാകുന്നത്. ഇക്കൊല്ലം ഇഞ്ചിമേഖല നേരിടുന്ന പ്രശ്നവും ഇതുതന്നെ. വർഷാദ്യം ചാക്കിന് 10,000 രൂപയിലധികം വിലയുണ്ടായിരുന്ന ഇഞ്ചിക്ക് ഇപ്പോൾ ലഭിക്കുന്നത് 1500 രൂപമാത്രവും. തമിഴ്നാട്ടിലെ സേലം, പൊള്ളാച്ചി തുടങ്ങിയ ഭാഗങ്ങളിൽ വിളവെടുപ്പ് സജീവമാകുന്നതോടെ നേന്ത്രക്കായ വിലകുറയുമെന്നു പറയുന്നു. വയനാട്ടിൽ കൃഷി തീരെയില്ലാത്തതിനാൽ അന്യസംസ്ഥാന ഉൽപന്നത്തെ ആശ്രയിക്കേണ്ട അവസ്ഥയാകുമെന്ന് വ്യാപാരികൾ പറയുന്നു.