ഇങ്ങനെ വൈകിയാൽ എങ്ങനാ? മത്സരങ്ങൾ നടന്നത് 12 മണിക്കൂർ വരെ വൈകി; ഉറക്കം തൂങ്ങി മത്സരാർഥികൾ
Mail This Article
ബത്തേരി ∙ മത്സരങ്ങൾ പലതും മണിക്കൂറുകൾ വൈകിയപ്പോൾ ഉറക്കച്ചടവോടെ ക്ഷീണിതരായി മത്സരാർഥികൾ. കൃത്യ സമയത്തോ അതിനടുത്തെങ്കിലുമോ മത്സരങ്ങൾ നടത്താൻ കഴിയാതിരുന്നതു സംഘാടനത്തിലെ വലിയ പിഴവായി. വൈകിട്ട് 7നു നടക്കേണ്ട വൃന്ദവാദ്യം നടന്നത് പിറ്റേന്നു പുലർച്ചെ 4ന്. വൈകിട്ട് 7നു നടക്കേണ്ട മത്സരം വേദി മാറ്റിയതിനാൽ ഉച്ചയ്ക്ക് 2.30ന് നടക്കുമെന്ന് അറിയിപ്പ് ലഭിച്ചിരുന്നതായി പങ്കെടുത്തു ടീമുകൾ പറയുന്നു. അതേ തുടർന്നു മത്സരാർഥികൾ ഉച്ചയ്ക്ക് 2.30 മുതൽ തന്നെ ഒരുങ്ങിയെത്തി. എന്നാൽ എന്നാൽ വൈകിട്ടോ, രാത്രിക്കോ മത്സരം അരങ്ങിൽ കയറ്റാനായില്ല. നടന്നതു പിറ്റേന്ന് 4 മണിയോടെ. 12 മണിക്കൂറിലധികം വൈകിയപ്പോൾ വെട്ടിലായതു മത്സരാർഥികൾ മാത്രമല്ല, ജഡ്ജസും ഒപ്പമെത്തിയവരുമൊക്കെ പെട്ടു. വേദി ഒന്നിൽ വൈകിട്ട് 5.30നു തുടങ്ങേണ്ടിയിരുന്ന തിരുവാതിര അവസാനിച്ചത് പിറ്റേന്ന് പുലർച്ചെ 2ന്.
മിക്ക വേദികളിലും ഇത്തരത്തിൽ പരിപാടികൾ മണിക്കൂറുകൾ വൈകി. രാവിലെ 9.30നു തുടങ്ങേണ്ട മത്സരങ്ങൾ പത്തരയ്ക്കു ശേഷമാണ് പലയിടത്തും ആരംഭിച്ചത്. ഉദ്ഘാടന ചടങ്ങ് നീട്ടിയതും വിനയായി. കൂടുതൽ വേദികളിൽ കൂടുതൽ ജഡ്ജസിനെ ഉൾപ്പെടുത്തി മത്സരം നടത്തിയിരുന്നെങ്കിൽ പുലർച്ചെ വരെ നീളില്ലായിരുന്നു.രണ്ടും മൂന്നും ഇരട്ടി ഉപജില്ലകളുള്ള മറ്റിടങ്ങളിൽ സമയബന്ധിതമായി മത്സരങ്ങൾ നടക്കുമ്പോഴാണ് വയനാട് കലോത്സവത്തിൽ ഈ മെല്ലെപ്പോക്ക്.
മിൻഹയെ ഉരുളെടുത്തെങ്കിലും വഞ്ചിപ്പാട്ട് മത്സരവുമായി വെള്ളാർമല സ്കൂൾ
നടവയൽ ∙ മിൻഹ ഫാത്തിമ ഇല്ലാതെ ഉരുളെടുത്ത നാടിന്റെ ഒാർമകളിൽ വഞ്ചിപ്പാട്ട് മത്സരത്തിനെത്തിയ വെള്ളാർമല സ്കൂളിന് കലോത്സവ നഗരിയിൽ നിറഞ്ഞ കയ്യടി. പ്രധാനാധ്യാപകൻ ഉണ്ണിക്കൃഷ്ണന്റെ ശിക്ഷണത്തിലെത്തിയ കുട്ടികളാണ് സദസ്സിന്റെ മനം കവർന്നത്. ഉരുൾ എത്തുന്നതിന് മുൻപ് സ്കൂളിലെ വഞ്ചിപ്പാട്ട് സംഘത്തെ തിരഞ്ഞെടുത്തപ്പോൾ അതിൽ മിൻഹയും ഉണ്ടായിരുന്നു. എന്നാൽ മത്സരം സ്റ്റേജിലേക്ക് എത്തുന്നതിന് മുൻപ് ഉരുൾ മിൻഹയെയും സ്കൂളിനെയും ഉരുൾ കവർന്നു. കുഞ്ചൻ നമ്പ്യാരുടെ കുട്ടനാടൻ ശൈലിയിലെ കിരാത വഞ്ചിപ്പാട്ടാണ് ഇവർ അരങ്ങിലെത്തിച്ചത്.
ഉരുൾജലത്തിന് മീതേ തുഴഞ്ഞു; ചൂരൽമലയിലെ കുട്ടികൾ വഞ്ചിപ്പാട്ടിൽ ഒന്നാമത്
നടവയൽ ∙ ഉരുളെടുത്ത ദുരന്തഭൂമിയിൽ നൊമ്പരങ്ങൾക്ക് അവധി കൊടുത്തു വഞ്ചിപ്പാട്ടിന്റെ ആരവവുമായി ചൂരൽമല കുട്ടികളെത്തി. സങ്കടം മറന്ന് അവർ പാടിത്തിമിർത്തപ്പോൾ മേപ്പാടി ജിഎച്ച്എസ്എസിന് ഹയർ സെക്കൻഡറി വിഭാഗം വഞ്ചിപ്പാട്ടിൽ ഒന്നാം സ്ഥാനം. ടീമിലെ കെ.ബി. സൽന, ഡി. ലക്ഷ്മി എന്നിവർ ഉരുൾപൊട്ടൽ ദുരിതബാധിതരാണ്. സൽന ഉരുൾജലത്തിൽ നിന്നു കഷ്ടിച്ചാണു രക്ഷപെട്ടത്. തലയ്ക്കും പരുക്കേറ്റു. ഒഴുകിയെത്തിയ ചെളിവെള്ളത്തിൽ കുടുങ്ങി പരുക്കോടെ രക്ഷപെട്ടയാളാണ് ലക്ഷ്മി. ഇരുവരുടെയും വീടും സ്ഥലവുമെല്ലാം ഉരുളെടുത്തു. ഇപ്പോൾ മേപ്പാടിയിലും മുണ്ടേരിയിലുമായി താൽക്കാലിക പുനരധിവാസത്തിലാണ്. എം.ആർ. വിസ്മയ, പി. വിഷ്ണുമായ, എസ്. ആർദ്ര, സാന്ദ്ര സജി, നസിയ ജുബിൻ, പി.കെ. ശ്രീനന്ദ, ടി.എസ്. അർച്ചന, കെ.എസ്. അനാമിക എന്നിവരും സൽനയ്ക്കും ലക്ഷ്മിക്കുമൊപ്പം അരങ്ങിലെത്തിയിരുന്നു.