സിദ്ധാർഥന്റെ കുടുംബത്തിന് സാമ്പത്തിക സഹായം: സർക്കാരിന് വിമുഖത; ആക്ഷേപവുമായി സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി
Mail This Article
തിരുവനന്തപുരം∙ പൂക്കോട് വെറ്ററിനറി കോളജിൽ റാഗിങ്ങിനെത്തുടർന്നു മരിച്ച ജെ.എസ്.സിദ്ധാർഥന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകാൻ സർക്കാരിന് വിമുഖതയെന്ന് ആക്ഷേപം. ദേശീയ മനുഷ്യാവകാശ കമ്മിഷനും സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും സ്വമേധയാ കേസ് പരിഗണിച്ച് സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. സിദ്ധാർഥന്റെ കുടുംബത്തിന് 7 ലക്ഷം രൂപ നൽകാനാണ് ദേശീയ മനുഷ്യാവകാശ കമ്മിഷൻ സംസ്ഥാന ചീഫ് സെക്രട്ടറിക്കു നിർദേശം നൽകിയത്.
എന്നാൽ, സർക്കാർ ഇക്കാര്യത്തിൽ നിസ്സംഗത പാലിക്കുകയാണെന്നു സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി കുറ്റപ്പെടുത്തി. സിദ്ധാർഥന്റെ മരണകാരണം സംബന്ധിച്ച് സിബിഐയുടെ അന്വേഷണ റിപ്പോർട്ട് കോടതിയുടെ പരിഗണനയിലായതു കൊണ്ട് സാമ്പത്തിക സഹായം നൽകാൻ കഴിയില്ലെന്ന നിലപാടാണ് സർക്കാർ കമ്മിഷനുകളെ അറിയിച്ചതെന്നാണ് വിവരം. എസ്എഫ്ഐ പ്രവർത്തകരായ ഏതാനും വിദ്യാർഥികൾക്കു റാഗിങ്ങിൽ പങ്കുണ്ടെന്ന ആരോപണം നിലനിൽക്കുന്നതു കൊണ്ട് മാത്രമാണു കുടുംബത്തിന് സാമ്പത്തിക സഹായം നൽകാൻ സർക്കാർ വിമുഖത കാട്ടുന്നതെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി.