മാതാ, നിന്റെ വേദന ആരുകാണാൻ; പ്രതികൾക്കെതിരെ ദുർബല വകുപ്പുകളെന്ന് ആരോപണം

Mail This Article
മാനന്തവാടി ∙ ഒന്നു നിവർന്ന് കിടക്കണമെന്ന് മാതന് ആഗ്രഹമുണ്ട്. അര മുതൽ കാലിന്റെ ഉപ്പൂറ്റി വരെ തോൽ ഊർന്ന് പോയതിനാൽ അതിന് കഴിയില്ല. മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളജ‌് ആശുപത്രിയിലെ സർജിക്കൽ വാർഡിൽ കഴിയുന്ന പയ്യമ്പള്ളി കൂടൽക്കടവ് ചെമ്മാട് ആദിവാസി ഉരിലെ മാതൻ(48) വേദന സഹിക്കാനാകാതെ ഇടയ്ക്കിടെ വിതുമ്പുന്നുണ്ട്. അവധി ദിനം ആഘോഷിക്കാനെത്തിയ യുവ സംഘത്തിന്റെ ക്രൂരതയുടെ ഇരയാണ് മാതൻ. കഴിഞ്ഞ ഞായറാഴ്ചയാണ് 4 യുവാക്കൾ ചേർന്ന് കാറിൽ കുരുക്കി മാതനെ ടാർ റോഡിലൂടെ അരക്കിലോമീറ്ററോളം വലിച്ചിഴച്ചത്. വീടിനടുത്തുള്ള കടയിൽ സാധനം വാങ്ങാൻ വന്ന തന്നെ എന്തിനാണ് അവർ ദ്രോഹിച്ചതെന്ന് മാതനറിയില്ല. കൂടൽക്കടവിലെത്തിയ ആളുകൾ തമ്മിൽ വലിയ ഒച്ചയിൽ സംസാരിക്കുന്നത് കേട്ടാണ് കാറിനടുത്തേക്ക് പോയത്.
പെട്ടെന്നാണ് തന്നെയും വലിച്ച് കാർ പാഞ്ഞത്. കാറിന്റെ ഡോറിൽ കുടുങ്ങിയ വിരൽ അറ്റുപോകുമെന്ന് തോന്നിയതിനാൽ കുരങ്ങ് പിടിക്കും പോലെ അളളിപ്പിടിച്ച് നിന്നു. ഇത് കണ്ട നാട്ടുകാർ ബഹളം വച്ചപ്പോഴാണ് ഉപേക്ഷിച്ച് സംഘം കടന്നത്. ഒരാഴ്ചയായിട്ടും വേദനയ്ക്ക് കുറവായിട്ടില്ല. ഡോക്ടർ നടന്ന് നോക്കാൻ പറഞ്ഞു. എന്നാൽ കാല് നിലത്ത് വയ്ക്കാനാകുന്നില്ല. കൂലിപ്പണി ചെയ്ത് ജീവിക്കുന്ന മാതന്റെ കുടുംബം ഇപ്പോൾ പ്രതിസന്ധിയിലാണ്. ഭാര്യ ചിന്നുവിന് തൊഴിലുറപ്പിന് പോകാനാകുന്നില്ല. ട്രൈബൽ വകുപ്പിൽ നിന്ന് കിട്ടിയ 3000 രൂപമാത്രമാണ് കുടുംബത്തിന് കിട്ടിയ ധനസഹായം. എന്നാൽ സന്ദർശകർക്ക് ഒരു കുറവുമില്ല. മന്ത്രി അടക്കം ഒട്ടേറെ പ്രമുഖർ മാതനെ കാണാനെത്തി.
പ്രതികൾക്കെതിരെ ദുർബല വകുപ്പുകളെന്ന് ആരോപണം
കൽപറ്റ ∙ പയ്യമ്പള്ളി ചെമ്മാട് ഊരിലെ മാതനെ കാർ യാത്രികർ റോഡിലൂടെ വലിച്ചിഴച്ച കേസിൽ പ്രതികൾക്കെതിരെ ചുമത്തിയ വകുപ്പുകൾ ദുർബലമെന്ന് ആക്ഷേപം. ക്രൂരത കാണിച്ച പ്രതികൾക്ക് രക്ഷപ്പെടാനുള്ള പഴുതുകൾ നൽകുന്ന വിധത്തിലാണ് പൊലീസ് എഫ്ഐആർ തയാറാക്കിയതെന്ന് ആദിവാസി ഗോത്രമഹാസഭ കോഓർഡിനേറ്റർ എം.ഗീതാനന്ദൻ ആരോപിച്ചു. എസ്‌സി\എസ്ടി അതിക്രമം തടയൽ നിയമത്തിന്റെ വകുപ്പുകൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും കുറ്റകൃത്യത്തിന്റെ കാഠിന്യമനുസരിച്ചുള്ള കുറ്റങ്ങൾ പ്രതികൾക്കെതിരെ ചുമത്തിയിട്ടില്ല.
ബോധപൂർവമല്ലാത്ത നരഹത്യാശ്രമത്തിനുള്ള 110-ാം വകുപ്പ് ഒഴികെ മറ്റുള്ളവയെല്ലാം നിസ്സാരമായ വകുപ്പുകളാണ്. ഒരാളെ ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ വാതിലിൽ കൈകുരുക്കി വലിച്ചിഴച്ചത് വധശ്രമം തന്നെയാണ്. ഇൗ സാഹചര്യത്തിൽ, വധശ്രമത്തിനുള്ള 109-ാം വകുപ്പ് പ്രകാരം പ്രതികൾക്കെതിരെ കേസെടുക്കണം. കുറ്റപത്ര സമർപ്പണവും വിചാരണയും സമയബന്ധിതമായി നടത്തണം. പ്രതികളുടെ ഡ്രൈവിങ് ലൈസൻസും വാഹനത്തിന്റെ റജിസ്‌ട്രേഷനും റദ്ദാക്കണം. സംസ്ഥാന സമിതി അംഗങ്ങളായ രമേശൻ കൊയാലിപ്പുര, ഗോപാലൻ മരിയനാട് എന്നിവർ ഒപ്പമുണ്ടായിരുന്നു.
പ്രമോട്ടറെ പിരിച്ചുവിട്ടത് നീതിനിഷേധം
കൽപറ്റ ∙ എടവക പഞ്ചായത്തിലെ പള്ളിക്കൽ വീട്ടിച്ചാൽ ഊരിലെ ചുണ്ടമ്മയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്നതിന് കുടുംബാംഗങ്ങളെ പ്രേരിപ്പിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ആദിവാസി ഗോത്രമഹാസഭ ആവശ്യപ്പെട്ടു. ആംബുലൻസ് ലഭ്യമാക്കാത്തതിന്റെ പേരിൽ ട്രൈബൽ പ്രമോട്ടറെ പിരിച്ചുവിട്ടത് നീതിനിഷേധമാണ്. എല്ലാ കുറ്റങ്ങളും പ്രമോട്ടറുടെ തലയിൽ കെട്ടിവച്ചത് ആദിവാസി വിഭാഗങ്ങളെ ഇപ്പോഴും മനുഷ്യരായി കാണാത്തതിനു മറ്റൊരു ഉദാഹരണമാണ്.
ട്രൈബൽ എക്സ്‌റ്റൻഷൻ ഓഫിസറെ സസ്പെൻഡ് ചെയ്തു
മാനന്തവാടി ∙ ഗോത്ര വയോധികയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ സംസ്കാരത്തിന് കൊണ്ടുപോയ സംഭവത്തിൽ ട്രൈബൽ എക്സ്‌റ്റൻഷൻ ഓഫിസർ ഒ.നൗഷാദിനെ സസ്പെൻഡ് ചെയ്തു. സംഭവത്തെ കുറിച്ച് മാനന്തവാടി ട്രൈബൽ ഡവലപ്‌മെന്റ് ഓഫിസറും കൽപറ്റ ഐടിഡി പ്രൊജക്ട് ഓഫിസറും പ്രാഥമിക അന്വേഷണം നടത്തി വകുപ്പിന് റിപ്പോർട്ട് നൽകിയിരുന്നു. ട്രൈബൽ വകുപ്പ് ഡയറക്ടർ സന്ദീപ്കുമാർ ഉത്തരവിറക്കി. മാനന്തവാടി ട്രൈബൽ ഡവലപ്‌മെന്റ് ഓഫിസിലെ ജൂനിയർ സൂപ്രണ്ട് എം.ആർ. സുരേഷ്കുമാറിന് മാനന്തവാടി ട്രൈബൽ എക്സ്‌റ്റൻഷൻ ഓഫിസറുടെ ചുമതല നൽകിയിട്ടുണ്ട്.