മുണ്ടക്കൈ – ചൂരൽമല പുനരധിവാസം: എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിൽ ഹൈക്കോടതി വിധി നിർണായകം
Mail This Article
തിരുവനന്തപുരം ∙ മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ബാധിതർക്കായി രണ്ടു ടൗൺഷിപ്പുകൾ നിർമിക്കാൻ സർക്കാർ കണ്ടെത്തിയ രണ്ട് എസ്റ്റേറ്റുകളുടെ കേസുകളിൽ ഹൈക്കോടതി വിധി സർക്കാരിനു നിർണായകമാകും. ഭൂമി സർക്കാർ ഏറ്റെടുക്കുന്നത് ചോദ്യം ചെയ്ത് എസ്റ്റേറ്റ് ഉടമകളായ ഹാരിസൺസ് മലയാളം ലിമിറ്റഡും എൽസ്റ്റൺ ടീ എസ്റ്റേറ്റും നൽകിയ ഹർജികളിൽ ഈ മാസം തന്നെ അന്തിമ ഉത്തരവ് ഉണ്ടായേക്കും. ഭൂമി സർക്കാരിന്റെ കൈവശം ലഭിച്ചാൽ മാത്രമേ ടൗൺഷിപ്പുകളിലെ നിർമാണ രൂപരേഖയിൽ വ്യക്തത വരുത്താനും സ്പോൺസർമാരുമായി ചർച്ച നടത്താനും കഴിയൂ. ഭൂമി വേഗത്തിൽ ഏറ്റെടുക്കാനായി ദുരന്തനിവാരണ നിയമം പ്രയോഗിച്ചതാണ് കേസുകളിലേക്കു നയിച്ചത്.
2013ലെ ഏറ്റെടുക്കൽ നിയമപ്രകാരം ഭൂമിയുടെ ഉടമസ്ഥത സർക്കാരിനു ലഭിക്കണമെങ്കിൽ വിജ്ഞാപനങ്ങളും സാമൂഹികാഘാത പഠനവും ഹിയറിങ്ങും ഉൾപ്പെടെ നടപടികൾക്കായി 4 മാസത്തെ സാവകാശമെങ്കിലും വേണം. ഏറ്റെടുക്കാനുള്ള ഭൂമിക്കു യ നഷ്ടപരിഹാരം നൽകാൻ തയാറാണെന്നും തുക കെട്ടിവയ്ക്കാൻ തയാറാണെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. 750 കോടി രൂപ ചെലവിട്ടു 2 ടൗൺഷിപ്പുകൾ ഒറ്റഘട്ടമായി വികസിപ്പിക്കാനും വിസ്തീർണം 1000 ചതുരശ്ര അടിയിൽ നിലനിർത്തി ഒറ്റ, രണ്ടു നിലകളിൽ വീടു നിർമിക്കാനും ഉള്ള പദ്ധതി തയാറാക്കിയിട്ടുണ്ട്. സ്കൂൾ, അങ്കണവാടി, ആശുപത്രി, കളിസ്ഥലങ്ങൾ തുടങ്ങിയവയും 2 ടൗൺഷിപ്പുകളിലും സജ്ജമാക്കും.