എല്ലാമുണ്ടായിട്ടും ഒന്നുമില്ലാതെ ബത്തേരി താലൂക്ക് ആശുപത്രി
Mail This Article
ബത്തേരി താലൂക്ക് ആശുപത്രിയിൽ ഇപ്പോഴും 57 പേരെ കിടത്തിച്ചികിത്സിക്കാനാവശ്യമായ ആരോഗ്യപ്രവർത്തകർ മാത്രമാണ് ജോലി ചെയ്യുന്നത്. എന്നാൽ ഒരുദിവസം 1200 മുതൽ 1400 വരെ രോഗികളാണ് ചികിത്സ തേടി ബത്തേരിയിലേക്കെത്തുന്നത്. തമിഴ്നാട്ടിലെ ഗൂഡല്ലൂരുവിൽ നിന്നു പോലും രോഗികൾ ഇവിടേക്കു വരുന്നു. ഇത്രയും രോഗികൾക്ക് ആകെ ലഭ്യമായിട്ടുള്ളത് 22 ഡോക്ടർമാരുടെയും 50 സ്റ്റാഫ് നഴ്സിന്റെയും 8 ക്ലീനിങ് സ്റ്റാഫുകളുടെയും സേവനം മാത്രമാണ്. രേഖകളിൽ ആശുപത്രി 57 കിടക്കകൾ മാത്രമുള്ളതായതിനാൽ അതിനനുസരിച്ചുള്ള തസ്തികകൾ മാത്രമേ ഇവിടെ നിർമിക്കപ്പെടുന്നുള്ളു
സൗകര്യങ്ങൾ ഒരുപാട്, ഉപയോഗിക്കാൻ ആളില്ല
180 കിടക്കകളുള്ള പുതിയ ബ്ലോക്ക് നിർമാണം പൂർത്തിയായി എന്നാൽ ജീവനക്കാരില്ലാത്തതിനാൽ തുറന്നിട്ടില്ല. ആധുനിക സജ്ജീകരണങ്ങളെല്ലാമുള്ള പോസ്റ്റ്മോർട്ടം യൂണിറ്റിൽ സ്ഥിരമായി ഫൊറൻസിക് സർജനില്ല. ജോലി ക്രമീകരണത്തിലാണു ഫൊറൻസിക് സർജൻ ബത്തേരിയിലെത്തുന്നത്. അതുപോലെ ബ്ലഡ് ബാങ്കിൽ മെഡിക്കൽ ഓഫിസറില്ല. ഡയാലിസിസ് യൂണിറ്റിൽ പകരം ചാർജ് നൽകിയിരിക്കുന്നു. കിടപ്പു രോഗികളുടെ ആശ്രയമായ പാലിയേറ്റീവ് കെയർ യൂണിറ്റ് ഡോക്ടർമാർ ഇല്ലാത്തതിനാൽ പൂട്ടിയിട്ടിരിക്കുന്നു. ഗൈനക്കോളജി കൺസൽറ്റന്റും ഫിസിഷൻ കൺസൽറ്റന്റും ആശുപത്രിയിൽ ജോലി ക്രമീകരണത്തിൽ പോലുമില്ല. ഡോക്ടർമാരുടെ കുറവ് കാരണം ഒപിയിൽ ദിവസവും വലിയ തിരക്കാണ്. ഫലത്തിൽ എല്ലാ സൗകര്യങ്ങളുമുള്ള വലിയൊരു ആശുപത്രിയിലെ ഉപകരണങ്ങളും കെട്ടിടവും ജോലി ചെയ്യാൻ ആളില്ലാത്തതിനാൽ നശിക്കുന്നു.
എത്തിയ ഉടൻ ചുരമിറങ്ങുന്ന ഡോക്ടർമാർ
ബത്തേരിയിൽ ജോലി ചെയ്യുന്ന 22 ഡോക്ടർമാരിൽ പലരും താൽക്കാലിക നിയമനത്തിൽ വരുന്നവരാണ്. സർവീസ് തുടങ്ങുന്ന സമയത്ത് തന്നെ ജോലിക്ക് കയറുന്ന യുവ ഡോക്ടർമാരാണ് അധികവും.ചാർജെടുത്ത് ഉടനെ തന്നെ മിക്കയാളുകളും ജോലി രാജിവച്ച് ഉന്നത പഠനത്തിനു പോകും. വീണ്ടും താൽക്കാലിക നിയമനത്തിൽ അടുത്തയാൾ വരും. വയനാട്ടിൽ ജോലി ചെയ്യണമെന്ന ആഗ്രഹത്തോടെ ഇവിടേക്ക് വരുന്നവർ വളരെ കുറവാണ്.
വേണം ട്രോമ കെയർ
അപകടം പറ്റി ഹോസ്പിറ്റലിൽ എത്തുന്നവരെ ചികിത്സിക്കാൻ ട്രോമ കെയർ യൂണിറ്റ് ബത്തേരിയിൽ പ്രവർത്തിക്കുന്നില്ല. അത്യാസന്ന നിലയിൽ രോഗികളെ എത്തിക്കാൻ എപ്പോഴും സജ്ജമായിരിക്കേണ്ട ഐസിയു ആംബുലൻസ് മിക്കപ്പോഴും കട്ടപ്പുറത്തുമാണ്. ദേശീയപാത 766 കടന്നു പോകുന്ന താലൂക്കിൽ ട്രോമ കെയർ ഇല്ലാതെ ഒരു ആശുപത്രി പ്രവർത്തിക്കുന്നത് തന്നെ അദ്ഭുതമാണ്.(നാളെ– മെഡിക്കൽ കോളജ് എന്ന പേരിലും ജില്ലയിലുണ്ട് ഒരാശുപത്രി).
25 കോടിയുടെ കെട്ടിടത്തിൽ ആളില്ല
25 കോടി മുതൽ മുടക്കിൽ പണിതീർത്ത സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയാണ് ജീവനക്കാരുടെ കുറവു മൂലം തുറന്നുകൊടുക്കാത്തത്. നിലവിൽ ഗൈനക്കോളജി, ശിശുരോഗ വിദഗ്ധരുടെ കുറവ് താലൂക്ക് ആശുപത്രിയിലുണ്ട്. അതിനാൽ പുതിയ ആശുപത്രിയിലേക്ക് ഡോക്ടർമാരെ നൽകാൻ സാധിക്കില്ല. ഡോക്ടർമാർ മാത്രമല്ല, മറ്റു ജീവനക്കാരുടെയും ഗണ്യമായ കുറവാണ് പുതിയ കെട്ടിടം തുറക്കാനുള്ള തടസ്സമായി വിലയിരുത്തപ്പെടുന്നത്. പുതിയ രണ്ടു ഡോക്ടർമാരും ഏറ്റവും കുറഞ്ഞത് 20 നഴ്സുമാരെയും അധികമായി ലഭിച്ചാലേ പുതിയ കെട്ടിടം തുറന്ന് പ്രവർത്തിക്കാൻ സാധിക്കുകയുള്ളു.ഇപ്പോഴുള്ളതിന്റെ മൂന്നിരട്ടിയെങ്കിലും ആരോഗ്യപ്രവർത്തകരുടെ സേവനം ലഭ്യമായെങ്കിൽ മാത്രമേ എല്ലാ സൗകര്യങ്ങളെയും അതിന്റെ പൂർണതയിൽ ഉപയോഗിക്കാൻ ബത്തേരി താലൂക്ക് ആശുപത്രിക്ക് കഴിയു.