എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണും: കെപിസിസി സമിതി
Mail This Article
ബത്തേരി (വയനാട്)∙ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണുമെന്ന് ഡിസിസി ട്രഷറർ എൻ.എം.വിജയന്റെ കുടുംബാംഗങ്ങളോട് കെപിസിസി അന്വേഷണസമിതി.വിജയന്റെ വീട്ടിലെത്തിയ അച്ചടക്കസമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ ഉറപ്പു നൽകിയത്. ഒന്നേകാലോടെ എത്തിയ സംഘം വിജയന്റെ മകൻ വിജേഷ്, മരുമകൾ പത്മജ എന്നിവരുമായി അര മണിക്കൂറോളം സംസാരിച്ചു. വസ്തുതകൾ മനസ്സിലാക്കാനാണ് വന്നതെന്നും അവർക്ക് പറയാനുള്ളതെല്ലാം കേട്ടെന്നും തിരുവഞ്ചൂർ പറഞ്ഞു.
കുടുംബത്തിന്റെ സാമ്പത്തിക പ്രശ്നങ്ങളടക്കം എല്ലാറ്റിനും പരിഹാരമുണ്ടാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. സമിതിക്ക് മാത്രമായി ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ കഴിയില്ലെന്നതിനാൽ നേതൃത്വത്തിന് റിപ്പോർട്ട് കൈമാറും. ചില തലങ്ങളിൽ കൂടിയാലോചനകൾ നടത്തും.കത്തുകളിൽ കോൺഗ്രസ് നേതാക്കളുടെ പേരുകളുണ്ടല്ലോ എന്ന ചോദ്യത്തിന്, അന്വേഷണം നടക്കുന്ന വിഷയങ്ങളിൽ അഭിപ്രായം പറയുന്നത് ശരിയല്ലെന്നായിരുന്നു മറുപടി. അന്വേഷണത്തെ തടസ്സപ്പെടുത്തില്ല, അത് നീതിപൂർവകമാകണമെന്നും തിരുവഞ്ചൂർ പറഞ്ഞു. വിഷയത്തിൽ പാർട്ടി നേതാക്കളും പ്രവർത്തകരും പാർട്ടിയെ സ്നേഹിക്കുന്നവരും പരസ്യപ്രസ്താവന നടത്തരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പരസ്പരം പകപോക്കാനുള്ള വിഷയമായി ഇതിനെ കാണരുത്. രാഷ്ട്രീയ മുതലെടുപ്പിനുള്ള വിഷയമായി വിട്ടുകൊടുക്കില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു.പ്രിയങ്ക ഗാന്ധി ഉൾക്കൊള്ളുന്ന മണ്ഡലത്തിലെ പ്രശ്നം ഗൗരവത്തോടെ നേതൃത്വത്തെ ധരിപ്പിക്കുമെന്നും പാർട്ടിക്കു വേണ്ടി ജീവിച്ചു മരിച്ച വിജയന്റെ കുടുംബത്തോടൊപ്പമുണ്ടാകുമെന്നും സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു. കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.എൻ.പ്രതാപൻ, ജനറൽ സെക്രട്ടറി കെ.ജയന്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പാർട്ടിയിൽ വിശ്വാസമെന്ന് വിജയന്റെ മകൻ വിജേഷ്
ഇതുവരെ അച്ഛൻ വിശ്വസിച്ചിരുന്ന പാർട്ടിയിൽ തങ്ങൾക്കും വിശ്വാസമാണെന്നു കെപിസിസി അന്വേഷണ സമിതിയുമായി സംസാരിച്ച ശേഷം വിജയന്റെ മകൻ വിജേഷും മരുമകൾ പത്മജയും പറഞ്ഞു. സാമ്പത്തിക ബാധ്യതകളിൽ നിന്ന് രക്ഷിക്കാമെന്നും കൂടെ നിൽക്കാമെന്നും നേതാക്കൾ ഉറപ്പു തന്നിട്ടുണ്ട്. സാമ്പത്തിക കാര്യങ്ങളുടെ മുഴുവൻ വിവരങ്ങളും ശേഖരിച്ച് സഹായിക്കാമെന്നും ഉറപ്പു തന്നിട്ടുണ്ടെന്നു കുടുംബം വെളിപ്പെടുത്തി.