തിരച്ചിൽ തുടരും; അമരക്കുനിയിലെത്തിയ കടുവ കാണാമറയത്ത്
Mail This Article
പുൽപള്ളി ∙ കഴിഞ്ഞ ദിവസം അമരക്കുനി ജനവാസമേഖലയിലെത്തി ആടിനെ കൊന്ന കടുവയെ കുരുക്കാൻ കൂടുതൽ സംവിധാനങ്ങളുമായി വനംവകുപ്പ്. ഇന്നലെ രാവിലെ ചെതലയം റേഞ്ച് ഓഫിസർ എം.കെ.രാജീവ്കുമാർ, ഇരുളം ഡെപ്യുട്ടി റേഞ്ച് ഓഫിസർ കെ.കെ.അബ്ദുൽ ഗഫൂർ എന്നിവരുടെ നേതൃത്വത്തിൽ മുപ്പതോളം വനപാലകർ പ്രദേശത്ത് തിരച്ചിൽ നടത്തി.ഇവിടെ പലേടത്തായി 20 ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. കടുവയെ കുരുക്കാനുള്ള കൂടും കാവലും തുടരുന്നു.ആടിനെ പിടിച്ച സ്ഥലത്തും പരിസരങ്ങളിലും സ്ഥാപിച്ച ക്യാമറകളിലൊന്നും കടുവയുടെ ദൃശ്യം പതിഞ്ഞിട്ടില്ല. അമരക്കുനി അങ്ങാടിക്കടുത്ത് കുറ്റിക്കാട്ടിൽ കടുവയുടെ കാൽപാട് നേരത്തേ കണ്ടെത്തിയിരുന്നു.10 വയസുള്ള ആൺകടുവയാണ് നാട്ടിലിറങ്ങിയതെന്നാണ് നിഗമനം. ആരോഗ്യ പ്രശ്നങ്ങളുള്ള കടുവകളാണ് ഈ പ്രായത്തിൽ വളർത്തുമൃഗങ്ങളെ പിടിക്കുന്നത്.വയനാട് വന്യജീവി സങ്കേതത്തിൽ നിന്നു കഷ്ടിച്ച് ഒരുകിലോമീറ്റർ മാത്രമാണ് ഇവിടേക്കുള്ള ദൂരം. വന്നവഴിയെ മടങ്ങിയോയെന്ന സംശയവും വനപാലകർക്കുണ്ട്.വരും ദിവസങ്ങളിലും കാവലും തിരച്ചിലും തുടരാനാണ് തീരുമാനം.പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും വനംവകുപ്പ് നിർദേശിച്ചിട്ടുണ്ട്. വീടുകളുടെ പുറത്ത് ലൈറ്റിടണമെന്നും രാത്രിയാത്ര ഒഴിവാക്കണമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.