സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വയനാട് ജില്ലയ്ക്കു വൻ നേട്ടം
Mail This Article
മാനന്തവാടി ∙ 20024 വയനാടിന് കണ്ണീർ വർഷമായിരുന്നെങ്കിൽ പുതുവർഷത്തിന്റെ തുടക്കത്തിൽ തന്നെ ജില്ലയ്ക്ക് ആവേശകരമായ വാർത്ത സമ്മാനിച്ചിരിക്കുകയാണ് മാനന്തവാടി എംജിഎം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ. ഇന്നലെ തിരുവനന്തപുരത്ത് കലോത്സവത്തിന് തിരശ്ശീല വീണപ്പോൾ, കൊച്ചു ജില്ലയായ വയനാട്ടിലെ വിദ്യാലയം 91 പോയന്റുകളോടെ ഹൈസ്കൂൾ വിഭാഗത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം എന്ന ഉജ്വല നേട്ടം കരഗതമാക്കി. ആദ്യമായാണ് ജില്ലയിൽ നിന്നുള്ള ഒരു വിദ്യാലയം ഇൗ അതുല്യ നേട്ടം സ്വന്തമാക്കുന്നത്. 113 അംഗ സംഘമാണ് എംജിഎമ്മിനായി പോരാടാൻ തിരുവനന്തപുരത്ത് എത്തിയത്. ആകെ മത്സരിച്ച 21 ഇനങ്ങളിൽ 17 ഇനങ്ങളിലും എ ഗ്രേഡ് സ്വന്തമാക്കാനും വിദ്യാലയത്തിന് സാധിച്ചു.
പാഠ്യ–പാഠ്യേതര രംഗങ്ങളിൽ വർഷങ്ങളായി മികവ് തെളിയിക്കുന്ന വിദ്യാലയമാണ് എംജിഎം. മാസങ്ങളായി നടത്തി വരുന്ന ചിട്ടയായ പരിശീലനമാണ് സ്വപ്ന നേട്ടത്തിലേക്കുള്ള വഴി തുറന്നത്. സ്കൂൾ മാനേജർ ഫാ. സഖറിയ വെളിയത്ത്, പ്രിൻസിപ്പൽ മാത്യു സഖറിയാസ് എന്നിവരുടെ നേതൃത്വത്തിൽ അധ്യയന വർഷം തുടക്കം മുതൽ തന്നെ കലാമേളയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങും. ഉപജില്ലാ– ജില്ലാ തലങ്ങളിൽ തിളക്കമാർന്ന വിജയങ്ങൾ കരഗതമാക്കിയാണ് 21 ഇനങ്ങളിൽ സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയത്. മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിന് ശേഷം അതിജീവനത്തിന്റെ പാതയിൽ നിൽക്കുന്ന വയനാടിന് ഈ വിജയം സമർപ്പിക്കുന്നതായി സ്കൂൾ മാനേജർ ഫാ. സഖറിയ വെളിയത്ത് പറഞ്ഞു.
വിദ്യാർഥികളുടെയും അധ്യാപകരുടെയും വിവിധ ഇനങ്ങളിലെ ഗുരുക്കൻമാരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ വിജയമെന്ന് പ്രിൻസിപ്പൽ മാത്യു സഖറിയാസ് മനോരമയോട് പറഞ്ഞു. എസ്എസ്എൽസി, പ്ലസ് ടു ബാച്ചുകൾ ആരംഭിച്ചത് മുതൽ 100 ശതമാനം വിജയം നേടാനും ഈ വിദ്യാലയത്തിന് കഴിഞ്ഞു.മലയാള മനോരമയുടെ നല്ലപാഠം പദ്ധതിയിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടി ഒരു ലക്ഷം രൂപയുടെ കാഷ് അവാർഡും ട്രോഫിയും കരസ്ഥമാക്കിയ എംജിഎം സ്കൂൾ ഒട്ടേറെ തവണ ജില്ലയിലും വിജയക്കൊടി പാറിച്ചു. മലയാള മനോരമ ബാലജന സഖ്യത്തിന്റെ ജില്ലയിലെ മികച്ച യൂണിറ്റും എംജിഎം ആണ്. മുണ്ടകൈ–ചൂരൽമല ദുരന്ത ബാധിതരെ സഹായിക്കാനായി സ്കൂൾ നടത്തിയ നെൽ കൃഷിയും ശ്രദ്ധേയമായിരുന്നു. ഇന്ന് ജില്ലയിലേക്ക് ആദ്യമായി ചുരം കയറി വരുന്ന കലാ കിരീടത്തിന് ഉജ്വല സ്വീകരണം നൽകാനുള്ള ഒരുക്കത്തിലാണ് എംജിഎം കുടുംബം.