തരിയോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിനെതിരെ പരാതിപ്രളയം
Mail This Article
ചെന്നലോട്∙ തരിയോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ മികച്ച സേവനം ഉറപ്പു വരുത്തണമെന്ന ആവശ്യവുമായി നാട്ടുകാർ.കൃത്യനിർവഹണത്തിൽ ജീവനക്കാരുടെ മെല്ലെപ്പോക്ക് രോഗികളെ ഏറെ ദുരിതത്തിലാക്കുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. ഇന്നലെ ടോക്കൺ വിതരണവും മറ്റ് സേവനങ്ങളും ഏറെ നേരം ഇല്ലാതിരുന്നത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പരാതി പറയാൻ അധികൃതരെ വിളിച്ചപ്പോൾ ഒഴുക്കൻ മറുപടി മാത്രമാണ് ലഭിച്ചതെന്നും പരാതിയുണ്ട്.ഒടുവിൽ ജനപ്രതിനിധികൾ ഇടപെട്ടാണ് മുടങ്ങിക്കിടന്ന സേവനങ്ങൾ പുനരാരംഭിച്ചത്. ഏറെ നേരം കാത്തു നിന്നതിനാൽ വൻ ദുരിതം അനുഭവിക്കേണ്ടി വന്നെന്നു രോഗികളും പറയുന്നു. ഇവിടെ ചികിത്സയ്ക്കു വന്നാൽ ഏറെ നേരം കഴിഞ്ഞേ മടങ്ങാനാകൂവെന്ന പരാതിയുമുണ്ട്. വിവിധ പഞ്ചായത്തുകളിലെ ഒട്ടേറെ രോഗികളുടെ ആശ്രയ കേന്ദ്രമായ ഇവിടെ സേവനം മെച്ചപ്പെടുത്തുന്നതിന് അടിയന്തര നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.