അമരക്കുനിയെ വിടാതെ കടുവ; വീണ്ടും ആടിനെ പിടിച്ചു
Mail This Article
പുൽപള്ളി ∙അമരക്കുനി ഗ്രാമത്തെ മുൾമുനയിൽ നിർത്തി വീണ്ടും കടുവ ആടിനെക്കൊന്നു. വടക്കെക്കുടിയിൽ രതികുമാറിന്റെ ആട്ടിൻകൂട്ടിൽ നിന്നാണ് കഴിഞ്ഞരാത്രി ആടിനെ കൊന്നുവലിച്ചുകൊണ്ടുപോയത്. രാത്രി 11ന് ശബ്ദംകേട്ട് വീട്ടുകാർ ഉണർന്നു ലൈറ്റിട്ടപ്പോൾ കടുവവേഗത്തിൽ പോകുന്നതും കണ്ടു. വനപാലകർ സ്ഥലത്തെത്തി ആടിന്റെ ജഡത്തിനു സമീപം ക്യാമറ സ്ഥാപിച്ചു. കുറെ സമയത്തിനുശേഷം കടുവയെത്തി ആടിന്റെ ജഡം വിലിച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞു.വിവരമറിഞ്ഞു തടിച്ചുകൂടിയ ജനങ്ങൾ രോഷാകുലരാവുകയും കുറച്ചുസമയം വാഹനങ്ങൾ തടഞ്ഞിടുകയും ചെയ്തു. നടപടികൾ വേഗത്തിലാക്കുമെന്നും അടുത്ത കൂട് സ്ഥാപിക്കാമെന്നും വനപാലകർ ഉറപ്പുനൽകി. ഉച്ചയോടെ വേറെ കൂടെത്തിച്ചു രതികുമാറിന്റെ സ്ഥലത്തിനരികിൽ സ്ഥാപിച്ചു. ക്യാമറയിൽ നിന്നു ലഭിച്ച ദൃശ്യങ്ങൾ പരിശോധിച്ചതിൽ കടുവ പുതുതായെത്തിയതാണെന്നും ക്ഷീണിതനാണെന്നും കണ്ടെത്തി. പരുക്കേറ്റതിനാൽ ഇരതേടാനാവാതെ കർണാടക വനത്തിൽ നിന്നെത്തിയതാവാമെന്നു സംശയിക്കുന്നു.
പ്രദേശത്ത് കടുവസാന്നിധ്യം ഉറപ്പായതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. തൊഴുത്തുകളിലും വീടിനു പുറത്തും വെളിച്ചം ഉറപ്പാക്കകുകയും രാത്രിയാത്ര ഒഴിവാക്കുകയും വേണമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.സംശയാസ്പദമായി എന്തെങ്കിലും കാണുകയോ, കേൾക്കുകയോ ചെയ്താൽ വനംവകുപ്പിന്റെ സേവനം ലഭ്യമാക്കണമെന്നും ഇരുളം ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നു ജാഗ്രതാ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. സൗത്ത് വയനാട് ഡിഎഫ്ഒ.അജിത് കെ.രാമൻ, ചെതലയം റേഞ്ച്ഓഫിസർ എം.കെ.രാജീവ്കുമാർ, ഡപ്യൂട്ടി റേഞ്ച് ഓഫിസർമാരായ കെ.കെ.അബ്ദുൽ ഗഫൂർ, എ.നിജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലകസംഘമാണ് സ്ഥലത്തുള്ളത്.
കടുവശല്യം; ഇന്ന് റേഞ്ച് ഓഫിസ് മാർച്ച്
അമരക്കുനി ∙ പ്രദേശത്ത് രൂക്ഷമായ കടുവശല്യത്തിനു പരിഹാരം ആവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് 10ന് പുൽപള്ളിയിലെ ചെതലയം റേഞ്ച് ഓഫിസ് മാർച്ച് നടത്താൻ ജനകീയ സമിതി തീരുമാനിച്ചു.സമിതിയുടെ നേതൃത്വത്തിൽ അമരക്കുനി മുതൽ പറോട്ടിക്കവലവരെ പ്രതിഷേധ പ്രകടനം നടത്തി.