അമരക്കുനിയിലെത്തിയ കടുവയെ മയക്കുവെടി വച്ചു പിടികൂടും; തീരുമാനം ജനകീയ പ്രതിഷേധത്തെത്തുടർന്ന്
Mail This Article
പുല്‍പള്ളി∙ അമരക്കുനിയിൽ വളർത്തുമൃഗങ്ങളെ കൊന്നു തിന്ന കടുവയെ മയക്കുവെടി വച്ചു പിടികൂടും. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്നാണ് തീരുമാനം. ഫോറസ്റ്റ് റേഞ്ച് ഓഫിസിലേക്കു ജനകീയ മാർച്ചും ഉപരോധവും സംഘടിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ ചർച്ചയിൽ, വനം വകുപ്പ് ഉദ്യോഗസ്ഥർ, വനം മന്ത്രി എ.കെ. ശശീന്ദ്രന്‍, മന്ത്രി ഒ.ആര്‍. കേളു എന്നിവരുമായി ഫോണില്‍ സംസാരിച്ചതിനെ തുടർന്ന് മയക്കുവെടിവയ്ക്കാൻ തീരുമാനമാകുകയായിരുന്നു. ഉദ്യോഗസ്ഥർ നൽകിയ ഉറപ്പിൽ നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചു.
ശനിയാഴ്ച ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം എത്തി മയക്കുവെടിവയ്ക്കാനുള്ള നടപടികൾ ആരംഭിക്കും. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രണ്ടു വളര്‍ത്തു മൃഗങ്ങളെ കൊന്ന കടുവയ്ക്കായി രണ്ടു കൂടുകള്‍ സ്ഥാപിച്ചിട്ടും പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.