പുഞ്ചവയൽ: വിളവെടുപ്പിന് പാകമായ നെല്ല് തിന്നുതീർത്ത് കാട്ടാനക്കൂട്ടം
Mail This Article
പനമരം ∙ പുഞ്ചവയൽ പാടശേഖരത്തിൽ വിളവെടുപ്പിന് പാകമായ നെല്ല് തിന്നുതീർത്ത് കാട്ടാനക്കൂട്ടം. കഴിഞ്ഞ നാല് ദിവസമായി പാതിരി സൗത്ത് സെക്‌ഷൻ വനാതിർത്തിയിലെ മണൽവയൽ ഭാഗത്തുനിന്ന് ഇറങ്ങുന്ന കാട്ടാനക്കൂട്ടമാണ് കൊയ്ത്തുമെതിയന്ത്രം എത്തുന്ന മുറയ്ക്ക് കൊയ്യാനിരുന്ന നെല്ല് തിന്നും ചവിട്ടിയും നശിപ്പിച്ചത്. നരസിപുഴയും പുഞ്ചവയൽ - ദാസനക്കര റോഡും കടന്ന് ഇന്നലെ മാത്തൂർ പാടശേഖരത്തോടു ചേർന്നു കിടക്കുന്ന പുഞ്ചവയൽ പാടശേഖരത്തിറങ്ങിയ കാട്ടാനക്കൂട്ടം പുഞ്ചവയൽ ചന്ദ്രൻ, പത്മകുമാരി, രാധ, ചന്ദ്രശേഖരൻ തുടങ്ങി ഒട്ടേറെ കർഷകരുടെ നെല്ലാണ് തിന്നുതീർത്തത്.
പുഞ്ചവയൽ ചന്ദ്രന്റെ മാത്രം 8 ഏക്കർ നെൽക്കൃഷിയിൽ പകുതിയും കാട്ടാന നശിപ്പിച്ചു.കാട്ടാന ഇറങ്ങിയ ഭാഗത്ത് വൈക്കോൽ പോലും ലഭിക്കാത്ത അവസ്ഥയാണ്. കൊയ്ത്ത് ആരംഭിക്കുന്നതിന് ബുധനാഴ്ച വൈകിട്ട് തന്നെ കൊയ്ത്ത് യന്ത്രം എത്തിച്ച് ഇന്നലെ കർഷകർ കൊയ്ത്തിനായി വയലിൽ എത്തിയപ്പോഴാണ് കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി നെൽക്കൃഷി നശിപ്പിച്ചതായി കണ്ടെത്തിയത്. കാട്ടാനശല്യം പ്രതിരോധിക്കാനായി കോടികൾ മുടക്കിയുള്ള ക്രാഷ് ഗാർഡ് വേലിയുടെ നിർമാണ പ്രവർത്തനം ആരംഭിച്ചെങ്കിലും പണികൾ ഇഴയുകയാണ്.