പെരുന്തട്ടയും ചുഴലിയും ആശങ്കയിൽ; കടുവയ്ക്കായി തിരച്ചിൽ ശക്തമാക്കി വനംവകുപ്പ്
Mail This Article
ചുഴലി ∙ പെരുന്തട്ട, ചുഴലി മേഖലകളെ ആശങ്കയിലാക്കിയ കടുവയ്ക്കായി തിരച്ചിൽ ശക്തമാക്കി വനംവകുപ്പ്. വനം വകുപ്പിന്റെ മുണ്ടക്കൈ, വൈത്തിരി, മുട്ടിൽ സെക്‌ഷനിലെ ജീവനക്കാരും മേപ്പാടി ആർആർടി അംഗങ്ങളുമാണ് സംഘങ്ങളായി തിരിഞ്ഞ് ചുഴലി, പെരുന്തട്ട മേഖലകളിൽ തിരച്ചിൽ നടത്തിയത്.ഇന്നലെ രാവിലെ 10.30 നു പെരുന്തട്ടയിൽ നിന്നാണു തിരച്ചിൽ തുടങ്ങിയത്. കോഫി ബോർഡിന് കീഴിലെ തോട്ടവും ചുഴലിയിൽ കോസ്മോ പൊളിറ്റൻ ക്ലബ്ബിന് സമീപം കടുവയെ പിടികൂടാൻ സ്ഥാപിച്ച കൂടിന് സമീപം വരെയും തിരച്ചിൽ നടത്തി.
പഴയതും മാഞ്ഞു തുടങ്ങിയതുമായ കാൽപാടുകൾ അല്ലാതെ പുതിയതൊന്നും കണ്ടെത്താനായില്ല. വൈകിട്ട് 4 വരെ തിരച്ചിൽ നീണ്ടു. കടുവ തോട്ടത്തിൽ നിന്നു മാറിയെന്നാണ് പ്രാഥമിക നിഗമനം. പെരുന്തട്ട സ്വദേശി സുബ്രഹ്മണ്യന്റെ 2 വയസ്സുള്ള പശുവിനെയാണ് കഴിഞ്ഞ 2ന് രാത്രിയിൽ കടുവ ആക്രമിച്ചു കൊന്നത്. ചുഴലി കോസ്മോ പൊളിറ്റൻ ക്ലബ്ബിന് സമീപത്തായി കോഫി ബോർഡ് പാട്ടത്തിനെടുത്ത കാപ്പിത്തോട്ടത്തിലാണ് ആക്രമണമുണ്ടായത്.
3ന് രാവിലെ കാപ്പി പറിക്കാൻ എത്തിയ തൊഴിലാളികളാണ് പശുവിന്റെ ജഡം ആദ്യം കണ്ടത്. ഇവിടെ നിന്നു കഷ്ടിച്ച് ഒന്നര കിലോമീറ്റർ മാത്രം അകലെയുള്ള പെരുന്തട്ട പൂളക്കുന്നിൽ കഴിഞ്ഞ 29ന് ഒരുവയസ്സുള്ള പശുവിനെ കടുവ ആക്രമിച്ചു കൊന്നിരുന്നു. തുടർന്നു പൂളക്കുന്ന് മേഖലയിൽ കൂട് സ്ഥാപിച്ചെങ്കിലും കടുവ കൂട്ടിൽ വീണില്ല.ഇതിനിടയിലാണ് ചുഴലിയിൽ കടുവയുടെ ആക്രമണമുണ്ടായത്. തുടർന്നു പൂളക്കുന്നിലെ കൂട് ചുഴലിയിലേക്ക് മാറ്റി സ്ഥാപിച്ചു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ബുധനാഴ്ച വൈകിട്ടോടെ മറ്റൊരു കൂട് പൂളക്കുന്നിൽ സ്ഥാപിച്ചിരുന്നു.
ഇന്നലെ കോഫി ബോർഡ് അധികൃതർ, വനംവകുപ്പ്, നഗരസഭാ അധികൃതർ എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ജനവാസ മേഖലയിലെ കാടുമൂടി കിടക്കുന്ന പ്രദേശങ്ങൾ 12 ന് രാവിലെ 8 മുതൽ ജനകീയ പങ്കാളിത്തത്തോടെ വെട്ടിത്തെളിക്കാൻ തീരുമാനിച്ചു. നഗരസഭ അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികൾ, കോഫി ബോർഡ് ജീവനക്കാർ, വനംവകുപ്പ് ജീവനക്കാർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുക്കും.
കോഫി ബോർഡ് ഡപ്യൂട്ടി ഡയറക്ടർ ജോർജ് ഡാനിയേൽ, നഗരസഭാ അധ്യക്ഷൻ ടി.ജെ.ഐസക്, ഡിഎഫ്ഒ അജിത് കെ.രാമൻ, നഗരസഭാ സ്ഥിര സമിതി അധ്യക്ഷന്മാരായ മുജീബ് കേയംതൊടി, ആയിഷ പള്ളിയാൽ, എ.പി. മുസ്തഫ, സി.കെ.ശിവരാമൻ, രാജാറാണി, കൗൺസിലർമാരായ സുഭാഷ് പെരുന്തട്ട, സാജിദ മജീദ്, നഗരസഭാ സെക്രട്ടറി അലി അസ്ഹർ, ക്ലീൻ സിറ്റി മാനേജർ സത്യൻ എന്നിവർ പങ്കെടുത്തു.