മൈസൂർ മാവ് തുണച്ചു; ആനക്കുട്ടിയെ പിടികൂടൽ എളുപ്പമായി: കുട്ടിയാനയ്ക്കു പിന്നാലെ കാട്ടാനക്കൂട്ടം എത്തുമോ?
Mail This Article
കാട്ടിക്കുളം ∙ ഓലഞ്ചേരി ക്ഷേത്രത്തിലെ തിറ ഉത്സവത്തിന് മലദൈവങ്ങളെ ഇറക്കുന്ന ഓലഞ്ചേരി വനത്തിൽ നിന്നാണ് കാടിറങ്ങി കുട്ടിക്കൊമ്പനെത്തിയത്. ബേലൂർ മഖ്നയെന്ന കൊലയാളി ആന ഉണ്ടാക്കിയ ഭയപ്പാടുകൾ ഇനിയും ഉണങ്ങാത്തതിനാൽ ജനവാസ കേന്ദ്രത്തിലിറങ്ങിയത് കുട്ടിയാനയാണെങ്കിലും ആളുകളുടെ ആശങ്കയ്ക്ക് അറുതി ഉണ്ടായില്ല. കൂട്ടം തെറ്റിയ മുറിവേറ്റ കുട്ടിയാനയെ തിരഞ്ഞു തള്ളയാനയും സംഘവും നാട്ടിലിറങ്ങിയേക്കുമെന്നതിയാരുന്നു ഭീതിക്ക് കാരണം. രാവിലെ ഏഴോടെ സ്ഥലത്തെത്തിയ തിരുനെല്ലി പൊലീസും വനപാലകരും ദൗത്യം പൂർത്തീകരിക്കും വരെ ജനങ്ങൾക്കൊപ്പം നിന്നു. കാലിനാണു കുട്ടിയാനയ്ക്കു പരുക്കേറ്റത്.
കടുവയുടെ അക്രമത്തിൽ മുറിവേറ്റ വേദനയിൽ പാഞ്ഞ് നടക്കുന്ന കുട്ടിയാനയെ പിടികൂടി ചികിത്സ നൽകുക എന്നത് ദുഷ്കരമായ ദൗത്യമായിരുന്നു. ഇതിന് വേണ്ട സർവസന്നാഹവുമായാണ് ആർആർടി സംഘങ്ങൾ എത്തിയത്. തിരുനെല്ലി പഞ്ചായത്ത് അംഗങ്ങളായ കെ. സിജിത്ത്, പി.എൻ. ഹരീന്ദ്രൻ, കെ.ബേബി, ഉണ്ണികൃഷ്ണൻ അടിമാരി തുടങ്ങിയവരും സ്ഥലത്തുണ്ടായിരുന്നു. വനപാലകരുടെ നിർദേശങ്ങൾ തടിച്ച്കൂടിയ ജനക്കൂട്ടം അനുസരിച്ചത് ദൗത്യം സുഗമമാക്കി. പിടിച്ച് നിർത്തി കാലിൽ കുടുക്കിട്ട് വാഹനത്തിൽ കയറ്റിയ കുട്ടിക്കൊമ്പനെ വാഹനത്തിൽ കയറ്റി. അനങ്ങാതെ നിൽക്കാൻ കഴകൾ വച്ച് കെട്ടി. നട്ടുച്ചയിലെ കൊടും ചൂട് ഏൽക്കാതിരിക്കാൻ തുണി നനച്ച് പുറത്തിട്ടാണ് ആനക്കുട്ടിയെ കൊണ്ടുപോയത്.
മന്ത്രിയുടെ ഗ്രാമത്തിൽ അപ്രതീക്ഷിത അതിഥിയായി കുട്ടിയാന എത്തിയ വിവരം അറിഞ്ഞ് ജനക്കൂട്ടംഎത്തിയപ്പോഴേക്കും ദ്രുതഗതിയിൽ ആനയെ പിടികൂടിയ ആർആർടി സംഘം കൈയ്യടി നേടി. വിവരം അറിഞ്ഞ ഉടൻ വനപാലകർ സ്ഥലത്തെത്തി. ഒട്ടും വൈകാതെ മാനന്തവാടിയിൽ നിന്നും ബത്തേരിയിൽ നിന്നും 50 പേർ അടങ്ങുന്ന ആർആർടി സംഘവും നോർത്ത് വയനാട് ഡിഎഫ്ഒ കെ.ജെ.മാർട്ടിൻ ലോവലിന്റെ നേതൃത്വത്തിൽ കൂടുതൽ വനപാലകരും പൊലീസും സ്ഥലത്തെത്തി.ബേഗൂർ റേഞ്ച് ഒഫിസർ രഞജിത്ത്കുമാർ, ഡപ്യൂട്ടി റേഞ്ച് ഒഫിസർ ജയേഷ് ജോസഫ്, ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. അജേഷ് മോഹൻദാസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പഴുതടച്ച നീക്കമാണ് മണിക്കൂറുകൾക്കകം കുട്ടിയാനയെ പിടികൂടാൻ വഴിയൊരുക്കിയത്. വനപാലകരുടെ ദൗത്യവുമായി നാട്ടുകാരും പൂർണമായും സഹകരിച്ചു.
മൈസൂർ മാവ് തുണച്ചു; ആനക്കുട്ടിയെ പിടികൂടൽ എളുപ്പമായി
കാട്ടിക്കുളം ∙ മുള്ളൻകൊല്ലി മേൽത്താട്ടുപുരയിൽ ഹംസയുടെ വീടിന് മുറ്റത്തെ മൈസൂർ മാവാണ് ഇന്നലെ വനപാലകർക്ക് തുണയായത്. അതിരാവിലെ നാട്ടിലിറങ്ങിയ ആനക്കുട്ടി രാവിലെ 7.30ഓടെയാണ് സമീപത്തെ ജിംനേഷിന്റെ തോട്ടത്തിൽ എത്തിയത്.2 മണിക്കൂറോളം തോട്ടത്തിൽ തുടർന്ന ആനക്കുട്ടി കുറച്ച് നേരം അവിടെ കിടന്നു. അപ്പോഴേക്കും ഏത് വിധേനയും ആനക്കുട്ടിയെ പിടികൂടാൻ എല്ലാ വിധ സംവിധാനത്തോടും കൂടി ആർആർടി സംഘം ചുറ്റും നലിയുറപ്പിച്ചിരുന്നു. തോട്ടത്തിൽ നിന്നാണ് റോഡ് കടന്ന് കുട്ടിയാന ഹംസയുടെ വീടിന് സമീപത്ത് എത്തിയത്.
ഭാര്യ സൗജത്ത് മക്കളായ അർഷാദ്, അൻഷാദ് എന്നിവവരാണ് വീട്ടിലുണ്ടായിരുന്നത്. ആനയുടെ പിന്നാലെ നാട്ടുകാരും വീടിന് ചുറ്റും എത്തി. ഉയരം കുറഞ്ഞ മാവിന്റെ ചുവട്ടിൽ എത്തിയതോടെ ആനക്കുട്ടിക്ക് മുന്നോട്ട് പോകാനായില്ല. മരത്തിന്റെ ചുവട്ടിൽ കുടുങ്ങിപ്പോയ ആനക്കുട്ടിയെ ഞൊടി ഇടയിൽ വനപാലകർ പിടികൂടി.20 ഓള ഒരുമിച്ച് പിടിച്ച് വച്ചതോടെ ആനയ്ക്ക് കുതറിമാറാൻ പോലും കഴിഞ്ഞില്ല. ശബ്ദം ഉയർത്തിയും ശരീരം വിറപ്പിച്ചുമെല്ലാം പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും ആർആർടി സംഘം തെല്ലും പതറിയില്ല. ആനക്കുട്ടി മുന്നോട്ട് പോകാതിരിക്കാനായി മുന്നിൽ വലിയ വല ഇട്ടു. കാലിൽ കയറുവച്ച് കെട്ടി. മാവിൻ ചുവട്ടിൽ നിന്ന് തന്നെ ആനക്കുട്ടിയ്ക്ക് വെള്ളവും കൊടുത്താണ് വാഹനത്തിൽ കയറ്റിയത്.