കടുവഭീതി ഒഴിയാതെ അമരക്കുനിയും പെരുന്തട്ടയും
Mail This Article
പുൽപള്ളി ∙ പഞ്ചായത്തിലെ അമരക്കുനി പ്രദേശത്തു ഒരാഴ്ചയായി നാട്ടുകാരെയും വനപാലകരെയും വട്ടംകറക്കുന്ന കടുവയെ മയക്കുവെടിവച്ചു പിടിക്കാൻ തീരുമാനം. കർണാടകയിൽ നിന്നെത്തിയതെന്നു കരുതുന്ന കടുവ ക്ഷീണിതനും ഇര തേടാൻ പ്രയാസമുള്ള അവസ്ഥയിലുമാണെന്നാണു വിലയിരുത്തൽ. ക്യാമറകളിൽ ഇന്നലെ കടുവയുടെ ദൃശ്യമൊന്നും പതിഞ്ഞിട്ടില്ല. ഇന്നലെ പ്രദേശത്ത് ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തിയിരുന്നു.അടിക്കാടുള്ള അടഞ്ഞ തോട്ടങ്ങളിൽ നിന്നു ദൃശ്യങ്ങളൊന്നും ലഭ്യമായില്ല. വനപാലകർ സ്ഥലത്ത് സൂക്ഷ്മനിരീക്ഷണം നടത്തിയതല്ലാതെ കാടിളക്കിയുള്ള പരിശോധന നടത്തിയില്ല.
ഇന്ന് 10 മണിയോടെ സീനിയർ ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ.അരുൺ സഖറിയയുടെ നേതൃത്വത്തിൽ മയക്കുവെടി ഓപ്പറേഷൻ ആരംഭിക്കാനാണ് തീരുമാനം. അതിനു മുന്നോടിയായുള്ള കാര്യങ്ങൾ വനപാലകർ വിലയിരുത്തി. പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കിയ ശേഷമേ മയക്കുവെടി സംഘത്തിന് മുന്നോട്ടു നീങ്ങാനാവൂ.ഡിഎഫ്ഒ അജിത് കെ.രാമൻ, റേഞ്ച് ഓഫിസർ എം.കെ.രാജീവ്കുമാർ, ഡെപ്യൂട്ടി റേഞ്ച് ഓഫിസർമാരായ കെ.കെ.അബ്ദുൽ ഗഫൂർ, എ.നിജേഷ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥിതി നിരീക്ഷിച്ചു വരുന്നു. കടുവയെ മയക്കുവെടി വച്ചു പിടികൂടണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമിതി റേഞ്ച് ഓഫിസ് മാർച്ച് നടത്തുകയും 2 മണിക്കൂറോളം റേഞ്ച് ഓഫിസറെ തടഞ്ഞു വയ്ക്കുകയും ചെയ്തു. വൈകിട്ടാണു മയക്കുവെടി വയ്ക്കാനുള്ള അനുമതി ലഭിച്ചത്.
പ്രതിഷേധമിരമ്പി ജനകീയ സമിതി റേഞ്ച് ഓഫിസ് മാർച്ച്
∙ കടുവയെ മയക്കുവെടി വച്ചുപിടികൂടണമെന്നാവശ്യപ്പെട്ട് അമരക്കുനി ജനകീയ സമിതിയുടെ നേതൃത്വത്തിൽ ചെതലയം റേഞ്ച് ഓഫിസ് മാർച്ച് നടത്തി. പഞ്ചായത്ത് അംഗം ഇ.എം.ആശ ഉദ്ഘാടനം ചെയ്തു.യു.എൻ.കുശൻ, എം.എസ്.സുരേഷ് ബാബു, കെ.ആർ.രാജീവ്, ടി.കെ.ശിവൻ, ബെന്നി കുറുമ്പാലക്കാട്ട്, വിൽസൻ നെടുംകൊമ്പിൽ, എൻ.യു.ഇമ്മാനുവൽ, ടി.ജെ.ചാക്കോച്ചൻ, സി.ജി.ജയപ്രകാശ്, ബൈജു നമ്പിക്കൊല്ലി, പി.എ.മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. ചർച്ചയ്ക്ക് ഓഫിസിലെത്തിയ നേതാക്കൾ റേഞ്ച്ഓഫിസർ എം.കെ.രാജീവ്കുമാറിനെ രണ്ടുമണിക്കൂറോളം തടഞ്ഞുവച്ചു. മയക്കുവെടിവയ്ക്കാനുള്ള തീരുമാനമുണ്ടാവാതെ പുറത്തുപോകില്ലെന്നവർ വാശിപിടിച്ചു. കൂട് സ്ഥാപിച്ചോ, മയക്കുവെടി വച്ചോ കടുവയെ പിടികൂടാൻ ഉന്നത ഉദ്യോഗസ്ഥർ ഉച്ചയോടെ വാക്കാൽനിർദ്ദേശം നൽകിയതോടെയാണ് സമരക്കാർ പിരിഞ്ഞത്.
പെരുന്തട്ടയിൽ സോളർ എൽഇഡി സ്ഥാപിച്ചു
കൽപറ്റ ∙ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച പെരുന്തട്ടയിൽ വനം വകുപ്പ് സൗരോർജ എൽഇഡി വഴിവിളക്കുകൾ സ്ഥാപിച്ചു. 20, 21, 22 വാർഡുകളിൽ വനഭൂമിയോട് ചേർന്ന ജനവാസ മേഖലയിലാണ് വഴിവിളക്കുകൾ സ്ഥാപിച്ചത്.വൈദ്യുത പോസ്റ്റുകൾ ഇല്ലാത്തതും ആളുകൾ സ്ഥിരമായി പോകുന്നതുമായ വഴികളിലാണ് വിളക്കുകൾ സ്ഥാപിക്കുന്നത്. വനം വകുപ്പിന്റെ ഇക്കോ ഡെവലപ്മെന്റ് പ്രൊജക്ടിന്റെ ഭാഗമായി 8 വഴിവിളക്കുകളാണ് സ്ഥലത്തെത്തിച്ചത്. പ്രദേശത്ത് ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയും വനംവകുപ്പ് ഉദ്യോഗസ്ഥരും ആർആർടി ടീമും ചേർന്ന് ആരംഭിച്ചിട്ടുണ്ട്. പെരുന്തട്ട, പുൽപ്പാറ പ്രദേശങ്ങളിൽ നാളെ മുതൽ വഴിവിളക്കുകൾ സ്ഥാപിക്കുമെന്ന് നഗരസഭാധ്യക്ഷൻ ടി.ജെ. ഐസക് പറഞ്ഞു.