707 കർഷകരിൽ നിന്ന് സംഭരിച്ചത് 18,76,691 കിലോ നെല്ല്

Mail This Article
കൽപറ്റ ∙ വൈകി ആരംഭിച്ച സപ്ലൈകോ നെല്ലു സംഭരണത്തിന്റെ വില എപ്പോൾ ലഭിക്കുമെന്നറിയാതെ ജില്ലയിലെ നെൽക്കർഷകർ. മറ്റു ജില്ലകളിൽ നവംബറിൽ സംഭരണം തുടങ്ങിയപ്പോൾ വയനാട്ടിൽ ജനുവരിയിലാണ് തുടങ്ങിയത്. ഇതുവരെ 707 കർഷകരിൽ നിന്ന് 18,76,691 കിലോ നെല്ല് സംഭരിച്ചു. എന്നാൽ ആർക്കും പണം കൊടുത്തു തുടങ്ങിയിട്ടില്ല. എന്നു കൊടുത്തു തുടങ്ങുമെന്നതിലും അനിശ്ചിതത്വം തുടരുകയാണ്. കഴിഞ്ഞ ഡിസംബർ 15 വരെയുള്ള സംഭരണത്തിന്റെ വില നൽകാനാണ് ഇതുവരെ സർക്കാർ ഉത്തരവായിട്ടുള്ളത്. അടുത്ത ഉത്തരവ് എന്നു വരുമെന്നതിലും കൃത്യമായ മറുപടി നൽകാൻ അധികൃതർക്ക് സാധിക്കുന്നില്ല.
കർഷകരുടെ പേരിൽ തന്നെ കടം എടുത്താണു നിലവിൽ സർക്കാർ നെല്ല് സംഭരണത്തിന്റെ വില നൽകുന്നത്. സർക്കാരിന്റെ ഭാഗത്തുനിന്നു ബാങ്കുകൾക്കുള്ള തിരിച്ചടവു വൈകുന്നതിനാൽ കർഷകർ മറ്റ് ആവശ്യങ്ങൾക്കു ചെല്ലുമ്പോൾ സിബിൽ സ്കോർ കുറവായതിനാൽ ലോൺ ലഭിക്കാറില്ല. സർക്കാരിനു സാമ്പത്തിക ബുദ്ധിമുട്ടായതിനാൽ കഴിഞ്ഞ വർഷത്തെ കടം ബാങ്കുകൾക്ക് കൊടുത്തു തീർത്തതിനു ശേഷമേ ഇപ്പോൾ സംഭരിക്കുന്ന നെല്ലിന്റെ വില നൽകാനുള്ള ഉത്തരവിറങ്ങാൻ സാധ്യതയുള്ളൂ. അതിനാൽ കാത്തിരിപ്പ് നീളുമെന്നുറപ്പാണ്.
സിബിൽ സ്കോർ കുറവായതിനാൽ അടുത്ത വർഷം കൃഷി ചെയ്യാനുള്ള പണം കടമെടുക്കാൻ പോലും സാധിക്കുന്നില്ലെന്ന് കർഷകർ പറയുന്നു.നെൽക്കർഷകരെ കടക്കാരാക്കുന്ന സർക്കാർ നടപടിയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സർക്കാർ നെല്ല് സംഭരണത്തിൽ പണം ലഭിക്കാൻ താമസം നേരിടുന്നതിനാൽ നഷ്ടം സഹിച്ച് നെല്ല് പുറത്തു കൊടുക്കുകയാണ് കർഷകർ. സ്വകാര്യ മില്ലുകാർ 26 രൂപ വരെ ഉടൻ നൽകാൻ തയാറാണെന്നും കർഷകർ പറയുന്നു.
കേന്ദ്രം കൂട്ടിയപ്പോൾ സംസ്ഥാനം കുറച്ചു
താങ്ങുവില വർധനയിലും കർഷകരെ വഞ്ചിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. 2021–22 കാലയളവു മുതൽ നെല്ലിന്റെ താങ്ങുവില കേന്ദ്ര സർക്കാർ വർധിപ്പിക്കുമ്പോൾ അതിനനുസരിച്ചുള്ള ഗുണം കേരളത്തിലെ കർഷകർക്കു ലഭിച്ചില്ല. കേന്ദ്ര വർധനവിനനുസരിച്ചു സംസ്ഥാന സർക്കാർ വിഹിതം (സ്റ്റേറ്റ് പ്രൊഡക്‌ഷൻ ഇൻസെന്റീവ്) കുറയ്ക്കുന്നതാണു കാരണം.
2020–21ൽ കിലോയ്ക്ക് 27.48 രൂപയ്ക്കാണു സർക്കാർ നെല്ല് സംഭരണം നടത്തിയത്. 2021–22ൽ കേന്ദ്രം 0.72 പൈസ കൂട്ടിയപ്പോൾ സംസ്ഥാനം വിഹിതം 0.72 പൈസ കുറച്ചു. അതോടെ കർഷകർക്കു ലഭിക്കേണ്ടിയിരുന്ന സംഭരണ വില 28.72 രൂപയിൽ നിന്നും 28ആയി. ഇങ്ങനെ 2021 മുതൽ 2024 വരെ 3.15 രൂപയാണു സംസ്ഥാനം ആകെ കുറച്ചത്. 31.35 രൂപ ലഭിക്കേണ്ടിടത്ത് ഇപ്പോൾ ലഭിക്കുന്നത് 28.20 രൂപ മാത്രമാണ്.