ഉരുൾപൊട്ടൽ പുനരധിവാസം: നവീകരിച്ച അന്തിമ ഗുണഭോക്തൃ പട്ടിക ഇന്നു പ്രസിദ്ധീകരിക്കും
Mail This Article
കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കായി കൽപറ്റയിലും നെടുമ്പാലയിലുമായി ഒരുക്കുന്ന ടൗൺഷിപ്പിന്റെ നവീകരിച്ച അന്തിമ ഗുണഭോക്തൃ പട്ടിക ഇന്നു പ്രസിദ്ധീകരിക്കും. ചൂരൽമലയിലെ 88 വീടുകൾ അടക്കം 281 വീടുകളായിരിക്കും ഇൗ പട്ടികയിലുണ്ടായിരിക്കുമെന്നാണു സൂചന. ഡിസംബർ 20ന് പ്രസിദ്ധീകരിച്ച ഒന്നാംഘട്ട കരടിന്റെ നവീകരിച്ച പട്ടികയും 2–ാംഘട്ട കരടുപട്ടികയുമാണ് പ്രസിദ്ധീകരിക്കുക. പടവെട്ടിക്കുന്ന് മേഖല അടക്കം 2–ാംഘട്ടത്തിൽ പരിഗണിക്കും. ഇൗ പട്ടികയിൽ 120 വീടുകളുണ്ടാകുമെന്നും സൂചനയുണ്ട്. 2–ാം കരടുപട്ടികയിലെ പരാതികൾ സ്വീകരിച്ച് ഫെബ്രുവരി ആദ്യവാരം 2–ാം ഘട്ടത്തിലെ നവീകരിച്ച പട്ടികയും പ്രസിദ്ധീകരിക്കും. ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവരും വാടക വീടുകളിലോ പാടികളിലോ താമസിച്ചിരുന്ന മറ്റെവിടെയും വീടില്ലാത്തതുമായ ദുരന്തബാധിതരുമെന്നു തിരിച്ചാകും പട്ടിക.
വാസയോഗ്യമല്ലാത്ത (നോ ഗോ സോൺ) ഇടങ്ങളിലായിട്ടും നിലവിലെ കരട് പട്ടികയിൽ ഉൾപ്പെടാത്തവരെ എ ലിസ്റ്റിലും വീട് വാസയോഗ്യമായ (ഗോ സോൺ) സ്ഥലത്താണെങ്കിലും എത്തിപ്പെടാനുള്ള വഴി, വാസയോഗ്യമല്ലാത്ത പ്രദേശങ്ങളിലൂടെ ആണെങ്കിൽ അവരെ ബി ലിസ്റ്റിലും ഉൾപ്പെടുത്തും. ദുരന്തമുണ്ടായിനാലരമാസത്തിനുശേഷമാണു ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചത്. 388 കുടുംബങ്ങളാണ് ഒന്നാംഘട്ട കരട് പട്ടികയിൽ ഉണ്ടായിരുന്നത്. അർഹരായവരിൽ പലരും പട്ടികയിൽ നിന്നു പുറത്തായെന്നും അനർഹർ പട്ടികയിൽ ഇടംപിടിച്ചെന്നും കാണിച്ചു ദുരന്തബാധിതർ മേപ്പാടി പഞ്ചായത്ത് ഓഫിസ് കഴിഞ്ഞ ഡിസംബർ 21നു ഉപരോധിച്ചിരുന്നു. 11–ാം വാർഡായ മുണ്ടക്കൈയിലെ ഗുണഭോക്താക്കളുടെ പട്ടികയിൽ 65 ൽ അധികം പേരുകൾ ആവർത്തിച്ചിരുന്നു. ഒരു വീട്ടിലെ തന്നെ രണ്ടും മൂന്നും പേർ പട്ടികയിൽ ഉൾപ്പെട്ടു. അർഹരായ പലരും പുറത്തായി. പൂർണമായും ഉരുളെടുത്ത് പോയി ആരും അവശേഷിച്ചിട്ടില്ലാത്ത കുടുംബങ്ങളും പട്ടികയിലുണ്ടായിരുന്നു. 10, 12 വാർഡുകളിലെ പട്ടികയിലും പ്രശ്നമുണ്ടായിരുന്നു.
ഉരുൾപൊട്ടലിന്റെ പ്രഭവ കേന്ദ്രത്തിന് സമീപത്തെ പുഞ്ചിരിമട്ടത്തുള്ള വീടുകൾ വരെ ആദ്യത്തെ പട്ടികയിൽ നിന്നു ഒഴിവാക്കപ്പെട്ടിരുന്നു. ഇതെല്ലാം പുതുക്കിയ പട്ടിക വരുന്നതോടെ പരിഹരിക്കപ്പെടുമെന്നാണ് അധികൃതർ പറയുന്നത്. ഉരുൾ അവശിഷ്ടങ്ങൾ അടിഞ്ഞു കൂടിയ ഭാഗത്തു നിന്നു ശേഷിക്കുന്ന സ്ഥലങ്ങളിൽ വരും കാലത്ത് മണ്ണിടിച്ചിലോ ഉരുൾപൊട്ടലോ ഉണ്ടാവുകയാണെങ്കിൽ ആഘാതം എത്രത്തോളമെത്തും എന്നതിന്റെ അടയാളപ്പെടുത്തൽ സർക്കാർ നിശ്ചയിച്ച വിദഗ്ധ സമിതി ചെയർമാൻ ജോൺ മത്തായിയുടെ നേതൃത്വത്തിൽ നടത്തിയിരുന്നു. വിദഗ്ധ സമിതി മാർക്ക് ചെയ്ത സ്ഥലങ്ങൾ അടിസ്ഥാനപ്പെടുത്തി നേരത്തേ പ്രസിദ്ധീകരിച്ച കരടുഗുണഭോക്തൃ ലിസ്റ്റിനോടൊപ്പമാണു പുതിയതായി എ, ബി ലിസ്റ്റുകൾ മാനന്തവാടി സബ് കലക്ടർ തയാറാക്കുന്നത്. പുനരധിവാസ ടൗൺഷിപ്പിനായുള്ള ഗുണഭോക്തൃ പട്ടിക ദുരന്ത നിവാരണ അതോറിറ്റിയുടെ അംഗീകാരത്തോടെ പ്രസിദ്ധീകരിക്കും.