ഉരുൾ മുറിച്ച മേൽമുറിക്കാർ വീണ്ടും ഒത്തുകൂടി

Mail This Article
മേൽമുറി∙ ഏറെ നാളുകൾക്കു ശേഷം ഉപ്പ നന്നായി ഉറങ്ങി, അതു കണ്ട ഞങ്ങൾക്കും സന്തോഷമായി. പൊഴുതന മേൽമുറിയിൽ സംഘടിപ്പിച്ച ഒത്തുചേരലിൽ പങ്കെടുത്ത് തിരിച്ചു വന്ന കിടപ്പുരോഗിയായ കുഞ്ഞുമുഹമ്മദിനെക്കുറിച്ച് മകൾ ഖൈറുന്നിസ കൂട്ടുകാരികൾക്കയച്ച വാട്സാപ് സന്ദേശത്തിലാണ് സന്തോഷം പങ്കുവയ്ക്കുന്നത്. ഇതേ മാനസികാവസ്ഥ തന്നെയായിരുന്നു അവിടെ ഒത്തു കൂടിയ കുടുംബങ്ങൾക്കെല്ലാം. കാരണം ഒരു കുടുംബമായി കഴിഞ്ഞിരുന്ന മേൽമുറി ദേശത്തുകാരുടെ വർഷങ്ങൾക്കിപ്പുറമുള്ള കൂടിച്ചേരലായിരുന്നു അത്. 2018ൽ ഉരുൾപൊട്ടൽ സംഭവിച്ചതിനെ തുടർന്നാണു മേൽമുറി പ്രദേശത്തെ ആളുകൾ ഇവിടം വിട്ടു പോയത്. പ്രദേശത്തെ മുക്കാൽ പങ്ക് കുടുംബങ്ങളും വിവിധ നാടുകളിൽ ചേക്കേറി.

ഒരു കുടുംബമായി കഴിഞ്ഞിരുന്ന ഇവർ അങ്ങനെ വേർപിരിഞ്ഞു. ഇവരെ ഒരു ദിവസം ഒന്നിച്ച് ഇരുത്തണം എന്ന ആഗ്രഹത്തിന്റെ ഭാഗമായാണ് മേൽമുറിയിൽ വേദി ഒരുക്കിയത്. ഏറെ ആഗ്രഹിച്ച ഒത്തുചേരലിൽ പങ്കുചേരാൻ 23 കിടപ്പു രോഗികളും എത്തി. 1100 ആളുകളാണ് ഒത്തു ചേരലിൽ പങ്കെടുത്തത്. ഇവരിൽ കൂടുതൽ പ്രായമുള്ള നെല്ലിക്കൽ മാധവൻ–കല്യാണി ദമ്പതികളാണ് സംഗമം ഉദ്ഘാടനം ചെയ്തത്. തുടർന്ന് സ്നേഹ വിരുന്നും വിവിധ കലാപരിപാടികളും അരങ്ങേറി. ഇവിടേക്കുള്ള ഏക കെഎസ്ആർടിസി ബസിന്റെ രാവിലത്തെ ട്രിപ് സമയമായ 11ന് ആണ് പരിപാടികൾ ആരംഭിച്ചത്. കാരണം ആ ട്രിപ്പിൽ കണ്ടക്ടർ മുറിച്ചത് ഒത്തുചേരലിന് എത്തിയവർക്കുള്ള ടിക്കറ്റ് മാത്രമായിരുന്നു. പ്രതിസന്ധികൾ ഏറെ ഉണ്ടായിരുന്നെങ്കിലും ഇനിയും ഒത്തു ചേരൽ സംഘടിപ്പിക്കുമെന്ന് ഇവിടത്തുകാർ പറഞ്ഞു.