പെരുങ്കോടയിൽ ഇനി‘പെരിയ’ കളികൾ; കാൽപന്ത് കളിയുടെ നാളുകൾക്ക് തുടക്കം

Mail This Article
പൊഴുതന∙ പെരുങ്കോടയിൽ കാൽപന്ത് കളിയുടെ നാളുകൾക്ക് തുടക്കമാകുന്നു. ജീവ കാരുണ്യ പ്രവർത്തനത്തിന് ഫണ്ട് ശേഖരിക്കുന്നതിന്റെ ഭാഗമായി പിഎൽസി പെരുങ്കോടയും വയനാട് വിഷനും സംയുക്തമായാണ് ആൾ ഇന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ഈ മാസം 26നാണ് ടൂർണമെന്റിന് ആദ്യ വിസിൽ ഉയരുന്നത്. ഉദ്ഘാടന മത്സരത്തിൽ സ്കൈ ബ്ലൂ എടപ്പാൾ കെഎഫ്സി കാളികാവിനെ നേരിടും. തുടർന്നുള്ള ദിവസങ്ങളിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം, ലിൻഷ മെഡിക്കൽസ് മണ്ണാർക്കാട്, ജിംഖാന തൃശൂർ, അൽ മദീന ചെർപ്പുളശേരി, ഫിഫ മഞ്ചേരി അടക്കമുള്ള 24 ടീമുകൾ കളിക്കളത്തിൽ മാറ്റുരയ്ക്കും.
ഉദ്ഘാടന ദിവസം രാത്രി 8നും തുടർന്നുള്ള ദിവസങ്ങളിൽ രാത്രി 9നും ആയിരിക്കും കിക്കോഫ്. മികച്ച വെളിച്ച സംവിധാനത്തോടെ 8000 പേർക്ക് കളി കാണാനുള്ള ഗാലറി സൗകര്യം ഒരുക്കിയിട്ടുണ്ട്. മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചെത്തിയ കുടുംബങ്ങളിലെ 5 പെൺകുട്ടികളുടെ വിവാഹം നടത്തുന്നതിനും മാറാ രോഗം പിടിപെട്ട് ദുരിതമനുഭവിക്കുന്ന നിർധനരെ സഹായിക്കുന്നതിനും വേണ്ടിയാണ് ടൂർണമെന്റിൽ നിന്ന് ലഭിക്കുന്ന പണം ചെലവഴിക്കുക എന്നു സംഘാടകർ പറഞ്ഞു.