മരിയനാട് തോട്ടം പതിച്ചു നൽകാൻ നടപടി തുടങ്ങി; ഉന്നത വനപാലകർ സ്ഥലം സന്ദർശിച്ചു

Mail This Article
പുൽപള്ളി ∙ മരിയനാട്ടെ കെഎഫ്ഡിസി കാപ്പിത്തോട്ടം അവിടെ കുടിൽകെട്ടി സമരം നടത്തുന്ന ഗോത്രകുടുംബങ്ങൾക്കു നൽകാൻ സർക്കാർ നടപടികളാരംഭിച്ചു. ഇതിനു മുന്നോടിയായി പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ രാജേഷ് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം മരിയനാട് സമരഭൂമി സന്ദർശിച്ചു.കെഎഫ്ഡിസി കാപ്പിത്തോട്ടമാക്കിയിരുന്ന 98 ഹെക്ടർ സ്ഥലം ഭൂരഹിത ഗോത്രകുടുംബങ്ങൾക്കു നൽകണമെന്നാവശ്യപ്പെട്ട് വർഷങ്ങളായി ഗോത്രസമൂഹം സമരത്തിലാണ്. 1995 ൽ ഈ ഭൂമി ഭൂരഹിത പട്ടികവർഗ കുടുംബങ്ങൾക്കു പതിച്ചു നൽകണമെന്ന് സുപ്രിംകോടതി വിധിയുണ്ടായിരുന്നു. എന്നാൽ വിവിധ കാരണങ്ങളാൽ ഭൂമി കൈമാറ്റം നീണ്ടുപോയി. ഇപ്പോൾ 530 കുടുംബങ്ങൾ ഇവിടെ കുടിൽകെട്ടി കഴിയുന്നുണ്ട്.തോട്ടത്തിന്റെ ഒരുഭാഗത്ത് മുൻതൊഴിലാളികളും ഭൂമിയിൽ അവകാശം സ്ഥാപിച്ചു താമസിക്കുന്നുണ്ട്. ഇവർക്ക് വനംവകുപ്പിൽനിന്നു ലഭിക്കാനുള്ള ആനുകൂല്യങ്ങൾ നൽകിയിട്ടില്ല.
ശമ്പള കുടിശിക, പിഎഫ് തുടങ്ങിയ ആനുകൂല്യങ്ങൾ വേണമെന്നാവശ്യപ്പെട്ട് തൊഴിലാളി സംഘടനകൾ ഏറെക്കാലം സമരം നടത്തിയിരുന്നു. ഇതിനിടെയാണ് മരിയനാട് ഭൂമി പതിച്ചുനൽകണമെന്നാവശ്യപ്പെട്ട് ഭൂസമരസമിതിയുടെ നേതൃത്വത്തിൽ 2022 മെയ് 30ന് കുടിൽകെട്ടി സമരം ആരംഭിച്ചത്.കുടിൽകെട്ടിവർ വളച്ചുവച്ച സ്ഥലത്ത് കൃഷിപ്പണികളും ആരംഭിച്ചു. സുപ്രീം കോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളും ഇവർക്കു പിന്തുണയുമായി രംഗത്തിറങ്ങി. ഏറ്റവുമൊടുവിൽ ഈ മാസം 8ന് സ്ഥലത്തെ താമസക്കാർ തിരുവനന്തപുരത്തെത്തി അവിടെ സമരം നടത്തി. ഇവരുമായി ചർച്ച നടത്തിയ പിസിസിഫ് ഉടനടി സ്ഥലത്തെത്താമെന്നു നൽകിയ ഉറപ്പിലാണ് സമരക്കാർ മടങ്ങിയത്.ഇന്നലെ മരിയനാട്ടെത്തിയ ഉദ്യോഗസ്ഥസംഘം കുടിൽകെട്ടി കഴിയുന്നവരെ കണ്ട് പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു. താമസക്കാർക്ക് സൗരോർജ വിളക്ക്, ശുദ്ധജലം, പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യങ്ങൾ എന്നിവ വേഗത്തിൽ ലഭ്യമാക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വീടുകൾക്ക് ഭീഷണിയായ മരങ്ങളുടെ കൊമ്പുകൾ മുറിച്ചുമാറ്റും. ഇവിടത്തെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന തൊഴിൽപരിശീലന കേന്ദ്രം തുടർന്നുപയോഗിക്കാനും അനുമതി നൽകി.മരിയനാട്ടെ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കാര്യങ്ങൾ പഠിച്ച് പാവപ്പെട്ട തൊഴിലാളികൾക്കു നൽകുന്നതു സംബന്ധിച്ച അനുകൂല റിപ്പോർട്ട് സർക്കാരിനു നൽകുമെന്ന് പിസിസിഎഫ് രാജേഷ് രവീന്ദ്രൻ പറഞ്ഞു.നിലവിൽ ഇവിടെ താമസിക്കുന്നവർ ഇവിടം വിട്ടുപോകേണ്ടിവരില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.ഉദ്യോഗസ്ഥ സന്ദർശനം വലിയ പ്രതീക്ഷ നൽകുന്നുണ്ടെന്ന് സമരസമിതി ചെയർമാൻ ബി.വി.ബോളൻ പറഞ്ഞു .പാലക്കാട് സർക്കിൾ സിസിഎഫ് കെ.വിജയാനന്ദൻ, കണ്ണൂർ മേഖലാ സിസിഎഫ് കെ.എസ്.ദീപ, സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ.രാമൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. സമിതി നേതാക്കളായ ബി.വി.ബോളൻ, പി.ടി.ജോൺ, എ.ചന്തുണ്ണി, ബീനാ ശ്രീകുമാർ, എ.ഡി.ബാലകൃഷ്ണൻ, പി.സി.ഷാജു, വിനോദ് ഗോപാലൻ, പി.രാജൻ എന്നിവരടങ്ങിയ സംഘം ഉദ്യോഗസ്ഥരെ കാര്യങ്ങൾ ധരിപ്പിച്ചു.