സർവേ; വയനാട്ടിൽ ഹ്യുംസ് വാർബ്ലർ ഉൾപ്പെടെ 120 ഇനം പക്ഷികൾ

Mail This Article
കൽപറ്റ ∙ അപൂർവമായി മാത്രം കേരളത്തിൽ കണ്ടുവരുന്ന ദേശാടനക്കിളിയായ 'ഹ്യുംസ് വാർബ്ലറിനെ' ജില്ലയിൽ നടത്തിയ ആകാശദ്വീപ് (മലത്തലപ്പുകൾ) പക്ഷി സർവേയിൽ കണ്ടെത്തി.കൽപറ്റ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ്‌ലൈഫ് ബയോളജിയും വയനാട് വനം വന്യജീവി വകുപ്പും ആറളം വന്യജീവി സങ്കേതവും ചേർന്ന് നടത്തിയ സർവേയിൽ 120 പക്ഷിജാതികളെയാണു കണ്ടെത്തിയത്. വയനാടിന്റെ തെക്കേ അറ്റം മുതൽ വടക്ക് കണ്ണൂർ ജില്ലയിലെ ആറളം വന്യജീവി സങ്കേതവുമായി അതിർത്തി പങ്കിടുന്ന അമ്പലപ്പാറ വരെ നീളുന്ന പശ്ചിമഘട്ട മലനിരയിലെ 15 ആകാശ ദ്വീപുകളിലാണ് സർവേ നടത്തിയത്.മഞ്ഞുകാലത്ത് മാത്രം ഇന്ത്യയിലെ വനപ്രദേശങ്ങളിൽ കണ്ടുവരുന്ന ദേശടനക്കിളിയാണ് ഹ്യുംസ് വാർബ്ലർ.

ബാണാസുര ചിലപ്പൻ, നീലഗിരി ഷോലക്കിളി, യൂറേഷ്യൻ മാർട്ടിൻ, കരിചെമ്പൻ പാറ്റപിടിയൻ, ഒലിവ് പിപിറ്റ് എന്നീ അത്യപൂർവ പക്ഷിയിനങ്ങളെയും വയനാടിന്റെ മലനിരകളിൽ കണ്ടെത്തി.ആറളം വന്യജീവി സങ്കേതവുമായി അതിർത്തി പങ്കിടുന്ന അമ്പലപ്പാറയിൽ ചെന്തലയൻ കഴുകന്റെ സാന്നിധ്യം കണ്ടെത്തി. വംശനാശ ഭീഷണി നേരിടുന്ന പക്ഷിയിനമാണ് ചെന്തലയൻ കഴുകൻ. കേരളത്തിൽ വയനാട്ടിൽ മാത്രമാണ് ഇവയുടെ സാന്നിധ്യമുള്ളത്.ഇന്ത്യയിലെ അതീവ വംശനാശഭീഷണി നേരിടുന്ന പക്ഷികളിൽ ഒന്നാണ് ബാണാസുര ചിലപ്പൻ. അവയെ ചെമ്പ്ര വെള്ളരിമല മലനിരകളിൽ കണ്ടെത്തി. കുറിച്യർ മലയിൽ നിന്നു 60 ഒലിവ് പിപിറ്റുകളുടെ കൂട്ടത്തെയും സർവേയിൽ കണ്ടെത്തി. സർവേ സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ.രാമൻ ഉദ്ഘാടനം ചെയ്തു.ഹ്യും സെന്റർ ഡയറക്ടർ സി.കെ.വിഷ്ണുദാസ്, പൂക്കോട് വെറ്ററിനറി കോളജ് അധ്യാപകൻ ഡോ.ആർ.എൽ.രതീഷ്, മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫിസർ ഡി.ഹരിലാൽ എന്നിവർ പ്രസംഗിച്ചു.