ജനവാസ കേന്ദ്രത്തിൽ നിന്ന് പിടികൂടിയ കുട്ടിക്കൊമ്പൻ ആനപ്പന്തിയിൽ ചെരിഞ്ഞു

Mail This Article
ബത്തേരി ∙ മാനന്തവാടി എടയൂർ കുന്നിലെ ജനവാസ കേന്ദ്രത്തിൽ നിന്നു പിടികൂടിയ കുട്ടിക്കൊമ്പൻ ചെരിഞ്ഞു.കഴിഞ്ഞ 11നാണ് ശരീരം നിറയെ മുറിവുകളുമായി ഒരു വയസ്സുള്ള കുട്ടിക്കൊമ്പനെ ജനവാസമേഖലയിൽ കണ്ടത്. തുടർന്നു വനപാലകർ ആനയെ പിടികൂടി പ്രാഥമിക ചികിത്സ നൽകി കാട്ടിക്കുളം വനമേഖലയിൽ ആനക്കൂട്ടത്തിനൊപ്പം കാട്ടിൽ വിട്ടിരുന്നു. എന്നാൽ പിറ്റേന്ന് ആന വീണ്ടും നാട്ടിലെത്തി. തുടർന്നാണ് പിടികൂടി മുത്തങ്ങ ആനപ്പന്തിയിലെത്തിച്ചത്.സുഖം പ്രാപിച്ചു വരുന്നതിനിടെയാണ് 28നു രാത്രി പെട്ടെന്ന് അവശനിലയിലായത്. ഇന്നലെ പുലർച്ചെ മൂന്നരയോടെ ചെരിഞ്ഞു.
ശരീരമാസകലം 17 മുറിവുകളാണ് ഉണ്ടായിരുന്നത്. വലതു പിൻകാലിലെ മുറിവ് ആഴത്തിലുള്ളതായിരുന്നു. മുറിവുകൾ കടുവയുടെ ആക്രമണം നിമിത്തം ഉണ്ടായതാണെന്നു കരുതുന്നു.ഫോറസ്റ്റ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയ, ഡോ. അജേഷ് മോഹൻദാസ്, വയനാട് വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ, റേഞ്ച് ഓഫിസർമാരായ കെ.വി. ബിജു, എസ്. രഞ്ജിത് കുമാർ, സഞ്ജയ് കുമാർ തുടങ്ങിയവർ ചികിത്സയ്ക്ക് നേതൃത്വം നൽകി. പോസ്റ്റ്മോർട്ടം നടത്തിയ ജഡം വയനാട് വന്യജീവി സങ്കേതത്തിൽ സംസ്കരിച്ചു.