ചൂരൽമലയ്ക്കും മുണ്ടക്കൈയ്ക്കും ഇടയിൽ ആളനക്കമില്ലാതെ ഒറ്റപ്പെട്ട് അട്ടമല ഗ്രാമം

Mail This Article
മേപ്പാടി ∙ ഉരുൾ തകർത്തെറിഞ്ഞ ചൂരൽമലയ്ക്കും മുണ്ടക്കൈയ്ക്കും ഇടയിൽ ആളനക്കമില്ലാതെ ഒറ്റപ്പെട്ട് അട്ടമല ഗ്രാമം. നേരത്തെ ചെറിയ കടകളും കെഎസ്ആർടിസി ബസ് സർവീസുമെല്ലാമായി സജീവമായിരുന്ന അട്ടമലയിൽ ഇന്നു താമസക്കാരാരുമില്ല. ദുരന്തത്തിൽ സമീപനാടുകളായ മുണ്ടക്കൈയും ചൂരൽമലയും ഇല്ലാതായപ്പോൾ അട്ടമലക്കാർ പതിയെ താമസം അവസാനിപ്പിച്ചു മടങ്ങുകയായിരുന്നു. ഒട്ടേറെ തോട്ടം തൊഴിലാളികൾ ഒരുമിച്ച് താമസിച്ചിരുന്ന പാടികൾ ആളില്ലാതെ ഒഴിഞ്ഞു കിടക്കുന്നു.
അട്ടമലക്കാരെ കൊണ്ടു പോകുകയും തിരിച്ചെത്തിക്കുകയും ചെയ്തിരുന്ന കെഎസ്ആർടിസി ബസും ദുരന്തത്തിന് ശേഷം സർവീസ് നടത്തിയിട്ടില്ല. ദുർഗാദേവീ ക്ഷേത്രവും ജുമാ മസ്ജിദും കടകളും ടീഷോപ്പുമെല്ലാമുണ്ടായിരുന്ന രാവിലെയും വൈകിട്ടുമെല്ലാം സജീവമായിരുന്ന നാടായിരുന്നു അട്ടമല. പാടികളിലെ അതിഥിത്തൊഴിലാളികളും ദുരന്തമുണ്ടായതിനു പിന്നാലെ സ്വദേശങ്ങളിലേക്കു മടങ്ങി. ചുരുക്കം ചില ആദിവാസി കുടുംബങ്ങൾ മാത്രമാണ് ഇപ്പോൾ അട്ടമലയിലെ താമസക്കാരായുള്ളത്. ടീഷോപ്പും കടയും ദുരന്തത്തിന് പിന്നാലെ ആളുകളില്ലാത്തിനാൽ അടച്ചിരിക്കുകയാണ്.
രാവിലെ മറ്റിടങ്ങളിൽ നിന്ന് ജീപ്പിലെത്തി അട്ടമലയിലെ തേയിലത്തോട്ടങ്ങളിലെ ജോലിക്കുശേഷം വൈകിട്ട് മടങ്ങുന്നവരായ കുറച്ച് തൊഴിലാളികളുണ്ട്. അവരും ഇവിടെ താമസിക്കാറില്ല. അവശേഷിക്കുന്ന എസ്റ്റേറ്റ് തൊഴിലാളികളിൽ ഏറെയും തൊഴിലിടം മാറ്റുന്നതിനായി അപേക്ഷ കൊടുത്ത് കാത്തിരിക്കുകയാണ്. ഇതിനകം ചിലർ അരപ്പറ്റ എസ്റ്റേറ്റിലേക്ക് മാറ്റം വാങ്ങി പോവുകയും ചെയ്തു. തോട്ടം മേഖലയിൽ തൊഴിലെടുക്കുന്നവരും മുൻപ് താമസിച്ചിരുന്നവരും ഇവിടേക്ക് ഇനിയെത്തില്ലെങ്കിൽ ആരും താമസമില്ലാത്ത ഇടമായി അട്ടമല മാറും. താമസക്കാരില്ലാതായതോടെ, തൊഴിലാളികൾ താമസിച്ചിരുന്ന പല പാടികളും നശിക്കാനും തുടങ്ങിയിട്ടുണ്ട്.