ചൂരൽമല-മുണ്ടക്കൈ പുനരധിവാസം: സന്നദ്ധ സംഘടനകളുടെ ഏകോപനം ഉണ്ടാകണം: റിവ്യു സമ്മിറ്റ്
Mail This Article
കൽപറ്റ ∙ ചൂരൽമല, മുണ്ടക്കൈ ഉരുൾ ദുരന്തത്തിലെ അതിജീവിതരുടെ മുന്നോട്ടു പോക്കിനു പ്രതീക്ഷ നൽകുന്നതു വിവിധ സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങളാണെന്നും പുനരധിവാസം കൂടുതൽ കാര്യക്ഷമമാക്കാൻ സംഘടനകളുടെ ഏകോപനം ഉണ്ടാകണമെന്നും പീപ്പിൾസ് ഫൗണ്ടേഷൻ സംഘടിപ്പിച്ച റിവ്യു സമിറ്റ് അഭിപ്രായപ്പെട്ടു. ഉരുൾ ദുരന്തത്തിനു ശേഷം 6മാസം പിന്നിട്ട ഘട്ടത്തിൽ 'ചൂരൽമല-മുണ്ടക്കൈ: അതിജീവനം, പുനരധിവാസം' എന്ന വിഷയത്തിൽ നടത്തിയ റിവ്യു സമ്മിറ്റിൽ രാഷ്ട്രീയ നേതാക്കൾ, എൻജിഒ സംഘടനകൾ, ജനപ്രതിനിധികൾ, മാധ്യമങ്ങൾ, മത സംഘടനകൾ, ദുരിത ബാധിത കുടുംബങ്ങളുടെ പ്രതിനിധികൾ എന്നിവരാണു പങ്കെടുത്തത്.
ദുരിത ബാധിതരുടെ പുനരധിവാസത്തിൽ ഔദ്യോഗിക സംവിധാനങ്ങളെക്കാൾ വേഗതയിലാണു സന്നദ്ധ സംഘടനകൾ പ്രവർത്തിച്ചതെന്നു പരിപാടി ഉദ്ഘാടനം ചെയ്ത ടി.സിദ്ദീഖ് എംഎൽഎ പറഞ്ഞു. പീപ്പിൾസ് ഫൗണ്ടേഷൻ വൈസ് ചെയർമാൻ എം.അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു.ദുരന്ത മേഖലയിൽ പീപ്പിൾസ് ഫൗണ്ടേഷൻ നടത്തിയ ജിയോ മാപ്പിങ് ദുരന്ത വ്യാപ്തി തിട്ടപ്പെടുത്തുന്നതിനും വിവിധ സംഘടനകൾക്കു ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനും സഹായകരമായി എന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ സംവിധാനങ്ങൾക്ക് അപ്പുറത്തു ജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും അഭിപ്രായങ്ങൾ കൂടി പരിഗണിച്ചു കൊണ്ടായിരിക്കണം പുനരധിവാസ പദ്ധതികൾ ആവിഷ്‌ക്കരിക്കേണ്ടതെന്നു പരിപാടിയിൽ സംബന്ധിച്ച ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലെ ഡിസാസ്റ്റർ മാനേജ്‌മെന്റ് സ്റ്റഡീസ് അസോഷ്യേറ്റ് പ്രഫസർ ഡോ.എസ്.മുഹമ്മദ് ഇർഷാദ് അഭിപ്രായപ്പെട്ടു.വയനാട് പോലുള്ള പ്രദേശങ്ങളിൽ ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും അതിനു പ്രാദേശിക സാമൂഹിക, മാധ്യമ കൂട്ടായ്മകളെ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു, കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എൻ.കെ.റഷീദ്, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് പി.എച്ച്. ഫൈസൽ, മാധ്യമ പ്രവർത്തകരായ എം.കെ.രാമദാസ്, സുർജിത് അയ്യപ്പത്ത്, എം.കമൽ, വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി വി.പ്രസന്നകുമാർ, കെഎൻഎം മർക്കസുദ്ദഅ്‌വ യൂണിറ്റി കോഓർഡിനേറ്റർ പി.മഷ്ഹൂദ്, ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് ടി.പി.യൂനുസ്, കെഎൻഎം ജില്ലാ സെക്രട്ടറി സെയ്യിദ് അലി സലാഹി, എംഎസ്എസ് ജില്ലാ പ്രസിഡന്റ് കെ.എം.ബഷീർ, സാലു ഏബ്രഹാം മേച്ചരി, ഫാ. ജിനോജ് പാലത്തടത്തിൽ, കെ.കെ.എസ്.നായർ, സി.കെ.സമീർ, സി.എം.ശരീഫ് എന്നിവർ പ്രസംഗിച്ചു.