മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള പ്രതിദിന സഹായവിതരണം തുടരണമെന്ന്
Mail This Article
മേപ്പാടി ∙ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള പ്രതിദിന സഹായവിതരണം ടൗൺഷിപ് പദ്ധതി പൂർത്തിയാകുന്നതു വരെ നീട്ടി നൽകണമെന്ന് ആവശ്യം. ദിവസം 300 രൂപ വച്ചുള്ള പ്രതിദിന സഹായമായിരുന്നു ദുരന്തബാധിതരുടെ ഏക ആശ്രയം. ദുരന്തമുണ്ടായിട്ടു 6 മാസം പിന്നിട്ടു. എന്നാൽ, കടുത്ത സാമ്പത്തിക ബാധ്യതയും പേറി വാടക വീടുകളിലാണു ഇപ്പോഴും ദുരന്തബാധിതരുടെ താമസം. ഇൗ തുക ഉപയോഗിച്ചായിരുന്നു ആദ്യത്തെ 3 മാസം ദുരന്തബാധിതർ കഴിഞ്ഞിരുന്നത്. ഇതു നിലച്ചതോടെ ദുരന്ത ബാധിതർ പ്രതിസന്ധിയിലാണ്.
ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപന പരിധികളിലെ 778 വാടക വീടുകളിലും 69 സർക്കാർ ക്വാർട്ടേഴ്സുകളിലുമായാണു ദുരന്തബാധിതർ കഴിയുന്നത്. പലർക്കും പഴയ ജോലികളോ മറ്റു വരുമാന മാർഗങ്ങളോ ഇല്ല. മക്കളുടെ തുടർ വിദ്യാഭ്യാസത്തിനുള്ള ചെലവുകൾക്കും ബുദ്ധിമുട്ട് നേരിടുകയാണ്. ദുരന്തത്തിനിരയായി വാടക വീടുകളിലും സർക്കാർ ക്വാർട്ടേഴ്സുകളിലും താമസിക്കുന്നവർക്ക് സഹായമായാണു 300 രൂപ വീതം ദിവസേന കൊടുക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നാണു പ്രതിദിന സഹായം നൽകിയിരുന്നത്.
ഒരു കുടുംബത്തിലെ പ്രായപൂർത്തിയായ 2 പേർക്കാണ് ഇൗ തുക നൽകിയത്. 3 മാസം പിന്നിട്ടതോടെ, ജീവനോപാധി നഷ്ടപ്പെട്ടവർക്കു ഒരു മാസത്തേക്ക് കൂടി 300 രൂപ വീതം നൽകാൻ കഴിഞ്ഞ ഒക്ടോബർ 23ന് സർക്കാർ വീണ്ടും ഉത്തരവിറക്കി. എന്നാൽ, ഇപ്പോഴും ഇൗ തുക കിട്ടാത്തവരുണ്ട്. പുനരധിവാസം പൂർത്തിയാകും വരെ സഹായ വിതരണം തുടരുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും ഉത്തരവോ മറ്റു തീരുമാനങ്ങളോ ഇതുവരെ ഇറങ്ങിയിട്ടില്ല. ടൗൺഷിപ് പൂർത്തിയാകും വരെ സഹായം വിതരണം ചെയ്യുക, അതല്ലെങ്കിൽ സർക്കാർ ഇടപെട്ട് ജോലി നൽകുക എന്നാണ് ദുരന്തബാധിതരുടെ ആവശ്യം. ഇതിനിടെ. വൈദ്യുതി ബില്ലെന്ന കെണി കൂടി ദുരന്തബാധിതരെ കാത്തിരിക്കുന്നുണ്ട്. ദുരന്തമുണ്ടായി 6 മാസം ബില്ലടയ്ക്കേണ്ടതില്ലെന്നായിരുന്നു വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം.