പണി തീരും മുൻപ് വേലി തകർത്ത് കാട്ടാന

Mail This Article
നീർവാരം∙ നിർമാണം പൂർത്തിയാക്കും മുൻപ് ക്രാഷ് ഗാർഡ് സ്റ്റീൽ റോപ് വേലി തകർത്ത് കാട്ടാനക്കൂട്ടം. കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരമെന്ന നിലയിൽ കോടികൾ മുടക്കി പണി തുടങ്ങിയ വേലിയാണ് തകർത്തത്. വന്യമൃഗശല്യം പരിഹരിക്കുന്നതിന് 8 കോടിയോളം രൂപ മുടക്കി പാതിരി സൗത്ത് സെക്‌ഷൻ വനാതിർത്തിയിൽ ദാസനക്കര - പാതിരിയമ്പം ഭാഗത്താണ് വേലി നിർമിച്ചത്. വേലിയുടെ കോൺക്രീറ്റ് ചെയ്തുറപ്പിച്ച ഇരുമ്പ് കാലുകളാണ് ദാസനക്കര തരകമ്പം പ്രദേശത്ത് കാട്ടാന ചവിട്ടിമറിച്ച് കർത്തത്. നിർമാണത്തിലെ അപാകതയും അഴിമതിയുമാണ് വേലിയുടെ തകർച്ചയ്ക്കു കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.

പാതിരി സൗത്ത് സെക്‌ഷനിൽ വന്യമൃഗശല്യം പ്രതിരോധിക്കുന്നതിനായി 2016 ൽ ഡിഎസ്ആർ പ്രകാരം ദാസനക്കര മുതൽ പാതിരിയമ്പം വരെ ക്രാഷ് ഗാർഡ് വേലി സ്ഥാപിക്കുന്നതിന് കിഫ്ബി വഴി 7.5 കോടി അനുവദിച്ച് പണി കരാറായിരുന്നു. എന്നാൽ പദ്ധതിയെക്കുറിച്ച് പരിശോധിച്ച കമ്മിറ്റി പദ്ധതിയിൽ മാറ്റം വരുത്തിയതോടെ കരാറുകാരൻ 2018 ലെ ഡിഎസ്ആർ പ്രകാരം കരാർ പുതുക്കണമെന്നും തുക വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. പിന്നീട് ഒട്ടേറെ പ്രതിഷേധ സമരങ്ങൾക്ക് ഒടുവിലാണ് കഴിഞ്ഞവർഷം അവസാനം പണി ആരംഭിച്ചത്. ആഴത്തിൽ കുഴിയെടുത്ത് കുഴിക്കുള്ളിൽ കോൺക്രീറ്റ് ബീം വാർത്ത് കുഴി പൂർണമായും മുടിയാണ് റോപ് കടന്നു പോകേണ്ട കാൽ ഉറപ്പിക്കേണ്ടത്.
എന്നാൽ ഇതൊന്നും പാലിക്കപ്പെടാത്തതാണ് കോൺക്രീറ്റ് അടക്കം മറിഞ്ഞു വീഴാൻ കാരണമെന്ന് പറയുന്നു. പല കുഴികൾക്കും ഒരു മീറ്റർ പോലും ആഴമില്ല. ഇതുകൊണ്ട് തന്നെ ഉറപ്പിച്ച വേലിയുടെ കാൽ കാട്ടാന തട്ടുമ്പോൾ തന്നെ മറിയുന്ന അവസ്ഥയാണ്.എത്രയും പെട്ടെന്ന് പണി പൂർത്തിയാക്കി റോപ് വലിച്ച് ഉറപ്പിച്ചാൽ മാത്രമേ കാട്ടാനയുടെ തള്ളലിൽ വേലി മറിയാതിരിക്കു. ക്രാഷ് ഗാർഡ് സ്റ്റീൽ റോപ് വേലി നിർമിക്കുന്നതിനായി മണ്ണുമാന്തി ഉപയോഗിച്ച് റോപ് വേലി കടന്നു പോകുന്ന ഭാഗത്ത് റോഡ് നിർമിച്ചതോടെ മുൻപ് പ്രതിരോധ സംവിധാനത്തിനായി നിർമിച്ച കിടങ്ങും വൈദ്യുത വേലിയും തകരുകയും ചെയ്തു. ഇതുവഴി ഇപ്പോൾ വനത്തിൽ നിന്ന് കാട്ടാനക്കൂട്ടം വ്യാപകമായി ഇറങ്ങി കൃഷി നശിപ്പിക്കുന്നതും നീർവാരം പ്രദേശത്ത് പതിവാണ്.