ഉരുൾപൊട്ടൽ പുനരധിവാസം: അന്തിമപട്ടികയിലും പരാതി

Mail This Article
കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് ഇന്നലെ പ്രസിദ്ധീകരിച്ച ഒന്നാംഘട്ട അന്തിമ ഗുണഭോക്തൃ പട്ടികയിലും അപാകതയെന്ന് ആക്ഷേപം. 242 കുടുംബങ്ങളെ ഒന്നാംഘട്ടത്തിൽ ഉൾപ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അംഗീകരിച്ച പട്ടികയിൽ ഭൂമിയും വീടുമടക്കം നഷ്ടപ്പെട്ട ആളുകൾ പുറത്തായെന്നാണ് ആക്ഷേപം. ദുരന്തഭൂമിയിലെ വീട്ടിൽ വാടകയ്ക്ക് താമസിച്ചവർ ഒന്നാംഘട്ട അന്തിമ പട്ടികയിൽ ഉൾപ്പെട്ടപ്പോൾ വീട്ടുടമ പട്ടികയ്ക്കു പുറത്തായി.
ചൂരൽമല എച്ച്എസ് റോഡിലെ വിജയ നിവാസിൽ വിപിൻ ആണ് പട്ടികയിൽ നിന്നു പുറത്തായത്. വിപിന്റെ 5 സെന്റ് സ്ഥലവും ആയിരത്തിനു മുകളിൽ ചതുരശ്ര അടി വിസ്തീർണമുള്ള വീടുമാണ് ഉരുൾപൊട്ടലിൽ തകർന്നത്. 18 ലക്ഷം രൂപയോളം മുടക്കിയാണ് വിപിൻ വീട് മറ്റൊരാളിൽ നിന്നു വാങ്ങിയത്. വീടിന്റെ ആധാരവും റേഷൻ കാർഡ് അടക്കമുള്ള രേഖകളും വിപിന്റെ പേരിലാണ്. കഴിഞ്ഞ 7നു ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ ഈ അപാകത ജനപ്രതിനിധികൾ ചൂണ്ടിക്കാണിച്ചിരുന്നു.
എന്നാൽ, തുടർനടപടികളുണ്ടായില്ല. ഉരുൾപൊട്ടൽ ദുരന്തത്തിന് പിന്നാലെ ഉരുൾ കവർന്ന ഭൂമിയിലെ വിപിന്റെ കുടുംബ വീട്ടിൽ നിന്നു 10 ലക്ഷം രൂപയും 70ലധികം പവനും നഷ്ടപ്പെട്ടിരുന്നു. കുടുംബ സ്വത്തായി ഉണ്ടായിരുന്ന 2.5 ഏക്കർ ഏല കൃഷിയും ഭൂമിയും ഉരുൾ കവർന്നു. കഴിഞ്ഞ ഡിസംബർ 20ന് ഇറങ്ങിയ കരടുപട്ടികയിൽ വിപിൻ ഉൾപ്പെട്ടിട്ടുണ്ടായിരുന്നു. പട്ടികയിൽ നിന്നു ഒഴിവാക്കിയതിനെതിരെ നാളെ കലക്ടർക്ക് പരാതി നൽകുമെന്ന് വിപിൻ പറഞ്ഞു. അതേസമയം, ദുരന്തത്തിൽ നാശനഷ്ടം സംഭവിച്ച വീടുകളുടെ ഉടമസ്ഥർക്ക് വേറെ എവിടെയെങ്കിലും താമസ യോഗ്യമായ വീട് ഇല്ലെങ്കിൽ മാത്രമാണ് പുനരധിവാസത്തിന് അർഹരാവുകയെന്നും മറ്റെവിടെയെങ്കിലും വീടുള്ള പക്ഷം വീടുകളുടെ നാശനഷ്ടത്തിന് 4 ലക്ഷം രൂപ നിലവിലെ മാനദണ്ഡങ്ങൾ പ്രകാരം നഷ്ടപരിഹാരമായി അനുവദിക്കുമെന്നുമാണ് സർക്കാർ നിലപാട്.
ഇതിനിടെ, ആദ്യഘട്ട ഗുണഭോക്തൃ പട്ടിക വന്നെങ്കിലും ദുരന്തബാധിതരുടെ ആശങ്കയൊഴിഞ്ഞിട്ടില്ല. ദുരന്ത മേഖലയിൽ (നോ ഗോസോൺ) ഉൾപ്പെട്ടതും നാശനഷ്ടം സംഭവിച്ചിട്ടില്ലാത്ത വീടുകൾ, ദുരന്ത മേഖലയിലൂടെ മാത്രം എത്തിപ്പെടാവുന്ന വീടുകൾ, ദുരന്തം മൂലം ഒറ്റപ്പെട്ടതായ വീടുകൾ എന്നിവരാണ് 2–ാം ഘട്ട പട്ടികയിലുണ്ടാകുക. വിദഗ്ധ സമിതി അതിർത്തി തിരിച്ച സുരക്ഷിത മേഖലയിലുള്ള കുടുംബങ്ങൾ പൂർണമായും 2–ാം ഘട്ട പട്ടികയിലുണ്ടാകാനിടയില്ല. വീടുകളിലേക്ക് വഴിയില്ലാത്തവർക്ക് വഴി നിർമിച്ചു നൽകി പ്രശ്‌നപരിഹാരമുണ്ടാക്കുമെന്ന് മന്ത്രി കെ.രാജനും പറഞ്ഞിരുന്നു.
ഇതോടെ, ഉരുൾദുരന്തത്തിന്റെ ഉത്ഭവ കേന്ദ്രമായ മുണ്ടക്കൈയിലുൾപ്പെടെ സുരക്ഷിത മേഖലയിലുള്ള വീടുകളിലേക്ക് കുടുംബങ്ങൾ മടങ്ങേണ്ടി വരുമോയെന്ന ആശങ്കയിലായി. 2020ൽ ഉരുൾപൊട്ടലുണ്ടായ ചൂരൽമല സ്‌കൂൾ റോഡിനു മുകളിലുള്ള പടവെട്ടിക്കുന്ന് ഭാഗത്തുള്ള കുടുംബങ്ങളും ഗോ സോണിലാണുള്ളത്. സ്‌കൂൾ റോഡിലും ചില വീടുകൾ വിദഗ്ധ സമിതി സ്ഥാപിച്ച അടയാളക്കല്ലിന് പുറത്തുണ്ട്. ഈ കുടുംബങ്ങൾക്ക് റോഡ് നിർമിക്കുന്നതിന് മന്ത്രിയുടെ നിർദേശ പ്രകാരം ഉദ്യോഗസ്ഥർ സ്ഥല പരിശോധന നടത്തിയിരുന്നു.