കെയർടേക്കർ വീസ തട്ടിപ്പ്: മുട്ടിൽ സ്വദേശി അറസ്റ്റിൽ; വ്ലോഗറായ ഭാര്യയെ തിരയുന്നു

Mail This Article
കൽപറ്റ ∙ യുകെയിലേക്ക് കെയർ ടേക്കർ വീസ തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് തിരുവനന്തപുരം സ്വദേശിനിയിൽ നിന്നു 44 ലക്ഷം രൂപ തട്ടിയെന്ന കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. മുട്ടിൽ എടപ്പട്ടി സ്വദേശി ജോൺസൺ സേവ്യറിനെയാണ് (51) വെള്ളിയാഴ്ച ഉച്ചയോടെ കോഴിക്കോട് നിന്നു കൽപറ്റ പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളുടെ ഭാര്യയും കേസിലെ ഒന്നാം പ്രതിയും വ്ലോഗറും കൂടിയായ അന്ന ഗ്രേസ് ഓസ്റ്റിനെ പൊലീസ് അന്വേഷിച്ച് വരികയാണ്.
2023 ഓഗസ്റ്റ് മുതൽ 2024 മേയ് വരെയുള്ള കാലയളവിലാണ് 44,71,675 ലക്ഷം രൂപ സേവ്യറും ഭാര്യയും കൂടെ തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിനിയിൽ നിന്നും ബന്ധുക്കളിൽ നിന്നുമായി തട്ടിയെടുത്തതെന്നു പൊലീസ് പറഞ്ഞു. സോഷ്യൽ മീഡിയ പേജുകൾ വഴിയുള്ള പരസ്യം കണ്ടാണ് ഇവരുമായി യുവതി ബന്ധപ്പെടുന്നത്. ഓട്ടിസം ബാധിച്ച കുട്ടിക്ക് യുകെയിൽ മികച്ച ചികിത്സാ സൗകര്യം ഒരുക്കി നൽകുമെന്നും കുടുംബത്തോടൊപ്പം അവിടെ താമസിക്കാമെന്നും വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്.
സംസ്ഥാനത്ത് വേറെയും ആളുകൾ ഇവരുടെ വലയിൽ അകപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. കൽപറ്റ ഡിവൈഎസ്‌പി പി.എൽ.ഷൈജുവിന്റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ ബിജു ആന്റണി, എസ്ഐ രാംകുമാർ, എസ്‌സിപിഒ മാരായ ഗിരിജ, അരുൺ രാജ്, സിപിഒമാരായ ദിലീപ്, ലിൻ രാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.