പിതാവിനെയും മകനെയും തട്ടിക്കൊണ്ട് പോകാൻ ശ്രമം; 8 പേർ അറസ്റ്റിൽ

Mail This Article
ബത്തേരി ∙ ചരക്കു ലോറിയുമായി ഹൈദരാബാദിലേക്കു പോകുമ്പോൾ അങ്ങാടിപ്പുറം സ്വദേശികളായ സക്കീർ അലി (45), മകൻ സക്കീർ ഹുസൈൻ (18) എന്നിവരെ വാനിലും ലോറിയിലുമെത്തി തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ 8 പേർ അറസ്റ്റിൽ.
എറണാകുളം സ്വദേശികളായ വണ്ടിപ്പേട്ട മാന്നുള്ളിയിൽ പുത്തൽപുരയിൽ ശ്രീഹരി (25), എടക്കാട്ടുവയൽ മനേപറമ്പിൽ എം.ആർ.അനൂപ് (31), തിരുവാണിയൂർ ആനിക്കുടിയിൽ എൽദോ വിൽസൺ (27), പെരീക്കാട് വലിയവീട്ടിൽ വി.ജെ. വിൻസന്റ് (54),തിരുവാണിയൂർ പൂപ്പളളി പി.ജെ.ജോസഫ് (40), ചോറ്റാനിക്കര, മൊതാലിൻ സനൽ സത്യൻ (27), കൊല്ലം കുണ്ടറ രശ്മി നിവാസിൽ രാഹുൽ (26), തിരുവനന്തപുരം വട്ടിയൂർക്കാവ് കുട്ടൻതാഴത്ത് എസ്.ശ്രീക്കുട്ടൻ (28) എന്നിവരാണ് അറസ്റ്റിലായത്.
7നു രാവിലെ ദേശീയപാത 766ൽ നിരപ്പം എന്ന സ്ഥലത്തു വച്ച് ലോറി തടഞ്ഞാണ് പിതാവിനെയും മകനെയും സംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. സക്കീർ അലിയെ വാനിലും സക്കീർ ഹുസൈനെ ലോറിയിലുമാണു കയറ്റിയത്. ലോറി ചുരത്തിൽ കേടായതിനെ തുടർന്നു സംഘം വെള്ളം കുടിക്കാൻ ഇറങ്ങിയ സമയത്ത് സക്കീർ ഹുസൈൻ സമീപത്തെ കടയിൽ സഹായം അഭ്യർഥിക്കുകയായിരുന്നു.
അവർ വിവരമറിയിച്ചതിനെ തുടർന്ന് താമരശ്ശേരി പൊലീസ് ലോറിയിലുള്ളവരെ പിടികൂടി. വാൻ ഏറെദൂരം പിന്നിട്ടിരുന്നെങ്കിലും തൃപ്പൂണിത്തുറ പൊലീസിൽ വിവരമറിയിച്ച് അവരെയും പിടികൂടി. 8 പേരുടെയും അറസ്റ്റ് ബത്തേരി പൊലീസ് രേഖപ്പെടുത്തി.സക്കീർ അലിയും ബിസിനസ് പങ്കാളിയും തമ്മിലുള്ള സാമ്പത്തിക പ്രശ്നങ്ങളാണ് തട്ടിക്കൊണ്ടു പോകലിനു കാരണമെന്നാണു പൊലീസ് പറയുന്നത്. അറസ്റ്റിലായവരെ റിമാൻഡ് ചെയ്തു.