പതിനൊന്നാം മൈലിൽ തോട്ടം കത്തിനശിച്ചു

Mail This Article
തരിയോട്∙ പതിനൊന്നാം മൈൽ പ്രദേശത്ത് ഇന്നലെ ഉണ്ടായ തീ പിടിത്തത്തിൽ ഏക്കർ കണക്കിന് തോട്ടം കത്തി നശിച്ചു. പതിനൊന്നാം മൈൽ ക്വാറിക്കു സമീപത്തെ 12 ഏക്കറോളം സ്വകാര്യ സ്ഥലത്താണ് തീ പടർന്നത്. ഇന്നലെ പകൽ 12ഓടെയാണു തീ പടർന്നത്. കനത്ത ചൂടും കാറ്റും കാരണം ആളിപ്പടർന്ന തീ സമീപ പ്രദേശങ്ങളിലേക്കും വൻ തോതിൽ വ്യാപിക്കുകയായിരുന്നു.
ഇതിനു സമീപത്തായി 5 വീടുകളും ഒരു റിസോർട്ടും ഉള്ളതിനാൽ അവിടേക്ക് തീ പടരാൻ സാധ്യതയുള്ളത് വൻ ആശങ്കയായി. എന്നാൽ നാട്ടുകാരും കൽപറ്റയിൽ നിന്ന് എത്തിയ അഗ്നിശമന സേനാംഗങ്ങളും ചേർന്ന് ഏറെ നേരം നടത്തിയ പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കി. തീ പടരാൻ പ്രധാന കാരണം കാട് പിടിച്ചു കിടക്കുന്ന തോട്ടങ്ങളാണ് എന്നു പ്രദേശവാസികൾ പറഞ്ഞു.
ഭൂമി വാങ്ങിയതിനു ശേഷം കാട് വെട്ടിത്തെളിക്കുകയോ മറ്റ് ജോലികൾ നടത്തുകയോ ചെയ്തിട്ടില്ലാത്ത തോട്ടങ്ങളാണ് വൻ തോതിൽ കാട് കയറിയ നിലയിലായത്. ഇതു കാരണം പ്രദേശത്ത് വന്യമൃഗ ശല്യവും ഏറിയിട്ടുണ്ട്. ഇത്തരം സ്ഥലങ്ങളിലെ കാട് വെട്ടണമെന്ന് ഒട്ടേറെ തവണ ആവശ്യപ്പെട്ടിട്ടും അധികൃതർ നടപടിയെടുത്തില്ലെന്നും പരാതിയുണ്ട്.