മംഗലശ്ശേരി മലയിൽ പുലിയെ പിടിക്കാൻ ക്യാമറ ട്രാപ്പ് സ്ഥാപിച്ചു

Mail This Article
വെള്ളമുണ്ട∙ മംഗലശ്ശേരി മലയിൽ പുലിയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് പ്രദേശത്ത് ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ചു. കഴിഞ്ഞ ദിവസം രാത്രി പുല്ലംകന്നപ്പള്ളിൽ ബെന്നി എന്ന കർഷകന്റെ തൊഴുത്തിൽ കെട്ടിയിട്ട പശുക്കുട്ടിയെ പുലി ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു.
പ്രദേശത്ത് കാൽപ്പാട് കണ്ടെത്തിയതിനെത്തുടർന്നാണ് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. അതോടെ പ്രദേശവാസികൾ ആശങ്കയിലാവുകയും ജനവാസ കേന്ദ്രത്തിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ പ്രതിരോധിക്കണമെന്നത് അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു.
അതിന്റെ ഭാഗമായാണ് അധികൃതർ വിവിധ നടപടികൾക്ക് തുടക്കം കുറിച്ചത്. പ്രദേശത്ത് 9 ക്യാമറ ട്രാപ്പുകൾ സ്ഥാപിക്കുകയും 24 മണിക്കൂറും പട്രോളിങ് ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പുലിയെ പിടികൂടുന്നതിന് ആവശ്യമായ കൂട് സ്ഥാപിക്കാനുള്ള നടപടികളും ആരംഭിച്ചതായി അധികൃതർ അറിയിച്ചു.