യുവാവ് മർദനമേറ്റു മരിച്ച സംഭവം: സഹോദരീഭർത്താവ് ഉൾപ്പെടെ നാലു പേർ അറസ്റ്റിൽ

Mail This Article
അമ്പലവയൽ ∙ മർദനമേറ്റു യുവാവ് മരിച്ച സംഭവത്തിൽ സഹോദരീഭർത്താവും അയൽവാസികളും ഉൾപ്പെടെ നാലു പേർ അറസ്റ്റിൽ. മലയച്ചംകൊല്ലി ഉൗരിലെ ബിനു (25) ആണു മരിച്ചത്. സഹോദരീഭർത്താവ് മലയച്ചംകൊല്ലി നത്തംകുനി വിനോദ് (39), അയൽവാസികളായ മുരണിവീട്ടിൽ പ്രശാന്ത് (31), കല്ലാറകോട്ടപറമ്പിൽ കെ.ആർ.പ്രജിൽദാസ് (30), നത്തംകുനി ചിറയിൽ ജോജോ (ബേബി–49) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയാണു സംഭവം.
മുൻപുണ്ടായ തർക്കത്തിന്റെ പേരിൽ ബിനുവിനെ എല്ലാവരും ചേർന്നു വിളിച്ചുവരുത്തി മലയച്ചംകൊല്ലി ജംക്‌ഷനിൽ മർദിച്ചതായാണ് കേസ്. മർദനമേറ്റു വീട്ടിലെത്തിയ ബിനുവിനെ രാവിലെയാണ് അവശനിലയിൽ കണ്ടെത്തിയത്. പിന്നീട് ബത്തേരിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. തലയ്ക്കേറ്റ അടിയാണു മരണ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.