മുണ്ടക്കൈ–ചൂരൽമല പുനരധിവാസ സമ്മതപത്രം; ഒപ്പിടാതെ 175 ദുരന്ത ബാധിതർ
Mail This Article
കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല പുനരധിവാസ പദ്ധതിയുടെ ഭാഗമായ സമ്മതപത്രത്തിൽ കലക്ടറുമായുള്ള കൂടിക്കാഴ്ചയുടെ രണ്ടാംദിനത്തിലും ഒപ്പിടാതെ 81 ദുരന്തബാധിതർ. ആവശ്യങ്ങൾ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ചാണ്, ടൗൺഷിപ്പിൽ വീടോ ധനസഹായമോ ആവശ്യം എന്നു വ്യക്തമാക്കുന്ന സമ്മതപത്രത്തിൽ ഒപ്പിടാൻ ദുരന്തബാധിതർ മടിക്കുന്നത്. ടൗൺഷിപ്പിനുള്ള ആദ്യഘട്ട പട്ടികയിൽ ഉൾപ്പെട്ടവരുമായി തുടരുന്ന കൂടിക്കാഴ്ചയിൽ 89 ഗുണഭോക്താക്കളെയാണു ഇന്നലെ കലക്ടർ ഡി.ആർ. മേഘശ്രീ നേരിൽ കണ്ടു സംസാരിച്ചത്. എന്നാൽ, 8 പേർ മാത്രമേ ടൗൺഷിപ്പിൽ വീടിനായി സമ്മതപത്രം നൽകിയുള്ളൂ. 242 പേരുടെ പട്ടികയിൽ 196 പേർ മാത്രമാണ് ഇതുവരെ കൂടിക്കാഴ്ചയ്ക്ക് എത്തിയത്. അതിൽ 20 പേർ വീടിനായും ഒരാൾ സാമ്പത്തിക സഹായത്തിനും സമ്മതപത്രം നൽകി. 175 പേർ കൂടിക്കാഴ്ചയ്ക്ക് ശേഷവും ഒപ്പിട്ടില്ല. 46 പേർ ഇനിയും കൂടിക്കാഴ്ചയ്ക്ക് എത്താനുണ്ട്.
തീരാതെ ആവശ്യങ്ങൾ, ആശങ്കൾ
കൂടിക്കാഴ്ചയ്ക്ക് എത്തിയ ഭൂരിപക്ഷം പേരും 10 സെന്റ് സ്ഥലവും വീടും, അല്ലെങ്കിൽ 40 ലക്ഷം രൂപയുമെന്ന നിലപാടിൽ ഉറച്ചു നിന്നു. ടൗൺഷിപ്പിൽ നിർമിക്കുന്ന വീടുകളിലെ രൂപകൽപനയിൽ ചെറിയ മാറ്റങ്ങളും ദുരന്തബാധിതരിൽ ചിലർ ആവശ്യപ്പെട്ടു. മേൽക്കൂരയിലെ ചെരിഞ്ഞ പ്രതലം നിരപ്പാക്കണമെന്നും വീടിനോട് ചേർന്ന് പുറത്തു നിന്നു ടെറസിലേക്കുള്ള ചവിട്ടു പടികൾ ഉള്ളിലേക്ക് മാറ്റണമെന്നും ദുരന്തബാധിതരിൽ ചിലർ ആവശ്യപ്പെട്ടു. ടൗൺഷിപ്പിൽ പശുവിനെ വളർത്താൻ അനുവാദം നൽകണം തുടങ്ങിയ ആവശ്യങ്ങളും ചിലർ മുന്നോട്ടു വെച്ചു.
ടൗൺഷിപ്പിൽ നിർമിക്കുന്ന പൊതു മാർക്കറ്റിലെ കടമുറികളിൽ മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് കച്ചവടം നടത്തിയവർക്ക് മുൻഗണന നൽകണമെന്നും ആവശ്യമുയർന്നു. ൺഷിപ്പിലേക്കുള്ള ശുദ്ധജല വിതരണത്തിൽ ആശങ്ക അറിയിച്ചവരോട് ടൗൺഷിപ്പിൽ ജലസംഭരണി നിർമിച്ച് ജല അതോറിറ്റി മുഖേന ശുദ്ധജലം വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. ആരാധനാലയങ്ങൾ, പൊതു ശ്മശാനം എന്നിവ ടൗൺഷിപ്പിൽ ഉൾപ്പെടുത്തണമെന്നും ഗുണഭോക്താക്കൾ ആവശ്യപ്പെട്ടു. ദുരന്തബാധിതരുടെ ആവശ്യങ്ങളും ആശങ്കകളും സർക്കാരിനെ അറിയിക്കാൻ മാത്രമേ തങ്ങൾക്കു സാധിക്കൂ എന്നും പരാതികൾ എല്ലാം സർക്കാരിനെ അറിയിക്കുമെന്നും കലക്ടറടക്കമുള്ള ഉദ്യോഗസ്ഥർ ഉറപ്പു നൽകി.
ടൗൺഷിപ് തറക്കല്ലിടൽ 27ന്
കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമിക്കുന്ന ടൗൺഷിപ്പ് 27 ന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടുമെന്ന് കലക്ടർ അറിയിച്ചു. ടൗൺഷിപ്പിന്റെ ആദ്യഘട്ട ഗുണഭോക്തൃ ലിസ്റ്റിലുൾപ്പെട്ടവർക്ക് ടൗൺഷിപ്പിൽ വീട് വേണോ, സാമ്പത്തിക സഹായം വേണോ എന്നത് സംബന്ധിച്ച് 24 വരെ സമ്മതപത്രം നൽകാം. ലഭിക്കുന്ന സമ്മതപത്രത്തിൽ പരിശോധന ഏപ്രിൽ 13 ന് പൂർത്തിയാക്കും. ടൗൺഷിപ്പിൽ വീട്, സാമ്പത്തിക സഹായം എന്നത് സംബന്ധിച്ചുള്ള ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ഏപ്രിൽ 20 ന് പ്രസിദ്ധീകരിക്കും.