തടയണ നന്നാക്കാൻ ആരെ തടയണം? നന്നാക്കാൻ മുട്ടാത്ത വാതിലുകളില്ല

Mail This Article
പനമരം ∙ പഞ്ചായത്തിൽ തകർന്നു കിടക്കുന്ന നീർവാരം മണൽക്കടവ് തടയണ നന്നാക്കണമെന്ന ആവശ്യവുമായി കർഷകർ രംഗത്ത്. തടയണ തകർന്ന് പുഴ ഗതിമാറി ഒഴുകി ഏക്കറുകണക്കിന് സ്ഥലം നശിച്ചിട്ടും നടപടിയില്ലാത്തതിൽ പ്രതിഷേധിച്ചാണ് കർഷകർ രംഗത്തെത്തിയത്. പമ്പ് ഹൗസിനോട് ചേർന്ന് വലിയ പുഴയ്ക്ക് കുറുകെ വർഷങ്ങളായി തകർന്നു കിടക്കുന്ന തടയണ വേനൽക്കാലത്ത് നാട്ടുകാർ മണൽച്ചാക്കും മറ്റുമിട്ട് താൽക്കാലികമായി അടച്ചാണ് വെള്ളം പമ്പ് ചെയ്തിരുന്നത്. എന്നാൽ കഴിഞ്ഞ മഴക്കാലത്ത് വലിയ മരം ഒഴുകിയെത്തുകയും പുഴയുടെ ഒരു ഭാഗം ഇടിഞ്ഞുതാണ് പുഴ ഗതിമാറി ഒഴുകുകയും ചെയ്തതോടെ ഇക്കുറി വെള്ളം തടഞ്ഞുനിർത്താൻ സാധിക്കില്ലെന്നായി.
പുഴയോരം മീറ്ററുകളോളം ദൂരത്തിൽ ഇടിഞ്ഞതോടെ പമ്പ് ഹൗസിലേക്കുള്ള വഴിയും നഷ്ടപ്പെട്ടു. തടയണ അടയ്ക്കാൻ കഴിയാത്തതിനാൽ പ്രദേശത്തെ കിണറുകളിലും മറ്റും വെള്ളം വറ്റിത്തുടങ്ങി. പുഴത്തീരം ഇടിഞ്ഞ് പുഴ ഗതിമാറിയതോടുകൂടി 16 കുടുംബങ്ങൾ ഭീതിയിലാണ്. തടയണ നന്നാക്കണമെന്ന് ആവശ്യപ്പെട്ട് ജലസേചന വകുപ്പ് അടക്കമുള്ളവർക്ക് പരാതി നൽകിയതിനെ തുടർന്ന് അധികൃതർ സ്ഥലം സന്ദർശിച്ചെങ്കിലും 20 വർഷം മുൻപ് വരൾച്ച ദുരിതാശ്വാസ പദ്ധതിയിലുൾപ്പെടുത്തി നിർമിച്ച തടയണയായതിനാൽ കലക്ടറേറ്റിൽ നിന്നോ ജില്ലാപഞ്ചായത്തിൽ നിന്നോ ഉള്ള ഫണ്ട് വിനിയോഗിക്കണമെന്ന് അറിയിച്ച് മടങ്ങുകയാണുണ്ടായതെന്ന് നാട്ടുകാർ പറയുന്നു.
കർഷകർ പരാതി നൽകിയതിനെ തുടർന്ന് ജില്ലാ പഞ്ചായത്ത് 35 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി. ഇത്രയും തുക ജില്ലാ പഞ്ചായത്തിന് മുടക്കുവാൻ സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. ജില്ലാ പഞ്ചായത്തും കയ്യൊഴിഞ്ഞതോടെ ഇനി എന്തു ചെയ്യുമെന്ന് അറിയാത്ത അവസ്ഥയിലാണ് പ്രദേശത്തെ കർഷകരടക്കമുള്ളവർ. അടുത്ത മഴക്കാലത്തോടുകൂടി പുഴ പൂർണമായും ഗതിമാറിയൊഴുകിയാൽ നൂറുകണക്കിന് ഏക്കർ കൃഷിയിടങ്ങളും വീടുകളും നഷ്ടപ്പെടുമെന്നും മന്ത്രി അടക്കമുള്ളവർ ഇടപെട്ട് എത്രയും പെട്ടെന്ന് ഇതിനൊരു പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.