ഉറപ്പായ എസ്എസ്എൽസി ചോദ്യങ്ങൾ നൽകാമെന്ന് എംഎസ് സൊലൂഷൻസ്; തെളിവെടുപ്പു നടക്കുമ്പോഴാണ് പുതിയ വാഗ്ദാനം

Mail This Article
കോഴിക്കോട്∙ പൊതുവിദ്യാലയങ്ങളിലെ ചോദ്യക്കടലാസ് ചോർത്തിയ സംഭവത്തിൽ തെളിവെടുപ്പു നടക്കുമ്പോഴും വിദ്യാർഥികൾക്കു കൂടുതൽ ഓഫറുകളുമായി എംഎസ് സൊലൂഷൻസ്. എസ്എസ്എൽസി പരീക്ഷയ്ക്ക് ഉറപ്പായും വരാൻ സാധ്യതയുള്ള ചോദ്യങ്ങൾ നൽകുമെന്നാണു വാഗ്ദാനം. എംഎസ് സൊലൂഷൻസിന്റെ പേരിൽ, സിഇഒ മുഹമ്മദ് ഷുഹൈബിന്റെ ചിത്രം ഉൾപ്പെടെ വച്ചാണ് വാട്സാപ് ഗ്രൂപ്പുകളിൽ പരസ്യം ചെയ്യുന്നത്. ഇതിനായി ക്യുആർ കോഡ് സ്കാൻ ചെയ്ത് പണം അയയ്ക്കണം. മെയിൽ ഐഡി, ബന്ധപ്പെടാനുള്ള നമ്പർ എന്നിവയും നൽകണം. മൂവായിരത്തോളം പേരുള്ള എംഎസ് സൊലൂഷൻസിന്റെ വാട്സാപ് ഗ്രൂപ്പിലാണ് പുതിയ അറിയിപ്പു വന്നത്.
മുഹമ്മദ് ഷുഹൈബിനെ വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി താമരശ്ശേരി കോടതി ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടു. ഷുഹൈബിന്റെ ജാമ്യഹർജി തള്ളിയാണു താമരശ്ശേരി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി നാളെ വൈകിട്ട് അഞ്ചുവരെ കസ്റ്റഡിയിൽ വിട്ടത്. ഷുഹൈബുമായി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വിവിധയിടങ്ങളിൽ തെളിവെടുപ്പ് നടത്തി. ഷുഹൈബിന്റെ ഓൺലൈൻ ട്യൂഷൻ സ്ഥാപനമായ കൊടുവള്ളിയിലെ എംഎസ് സൊലൂഷൻസിലും ചക്കാലയ്ക്കലിലെ ബന്ധുവീട്ടിലുമാണ് തെളിവെടുപ്പ് നടത്തിയത്.
ബന്ധുവീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്നുവെന്ന ഷുഹൈബിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പ്. കേസിലെ മറ്റൊരു പ്രതി മലപ്പുറം മേൽമുറിയിലെ അൺഎയ്ഡഡ് സ്കൂളിലെ ഓഫിസ് പ്യൂൺ അബ്ദുൽ നാസറിനെയും കോടതി ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടു നൽകിയിട്ടുണ്ട്. ഇയാളുമായി മലപ്പുറത്തെ സ്കൂളിലെത്തി തെളിവെടുക്കും. ഷുഹൈബിനെയും അബ്ദുൽ നാസറിനെയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്താൽ ചോദ്യച്ചോർച്ചയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ പ്രതീക്ഷ.