ശുദ്ധജലക്ഷാമം രൂക്ഷമാകുന്നതിനിടെ പൊതുകുളം സംരക്ഷണഭിത്തി തകർന്ന് കാടുമൂടി നശിക്കുന്നു

Mail This Article
പനമരം ∙ ശുദ്ധജലക്ഷാമം രൂക്ഷമാകുന്നതിനിടെ പൊതുകുളം കരിങ്കൽക്കെട്ടുകൾ തകർന്നും കാടുപിടിച്ചും നശിക്കുന്നു. ചീക്കല്ലൂർ തറവാട്ടുകാർ സൗജന്യമായി നൽകിയ സ്ഥലത്ത് 1994ൽ കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് 2 ലക്ഷം രൂപ മുടക്കി നിർമിച്ച, ചീക്കല്ലൂർ വയലിനോടു ചേർന്നുള്ള കുളമാണു സംരക്ഷണഭിത്തിയും മറ്റും ഇടിഞ്ഞു കാടുകയറി നശിക്കുന്നത്. കടുത്ത വേനലിലും വറ്റാത്ത വെള്ളമുള്ള കുളം കാടുമൂടിയിട്ടു വർഷങ്ങളായെങ്കിലും അതു വെട്ടിമാറ്റാനോ കുളം നവീകരിക്കാനോ അധികൃതർ തയാറാകുന്നില്ലെന്നു നാട്ടുകാർ പരാതിപ്പെടുന്നു.
ഗ്രാമസഭകളിൽ അടക്കം ഈ ആവശ്യം ഉന്നയിക്കുമ്പോഴെല്ലാം കുളം നവീകരണത്തിനു ഫണ്ട് വകയിരുത്തുമെന്നും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കുളം വൃത്തിയാക്കുമെന്നും പറയാറാണു പതിവെന്നും നാട്ടുകാർ പരാതിപ്പെടുന്നു. 5 മീറ്ററോളം ആഴമുള്ള കുളത്തിനു ചുറ്റും കല്ല് കെട്ടിയിരുന്നെങ്കിലും പലയിടങ്ങളിലും തകർന്നിട്ടുണ്ട്. കുളം നവീകരിച്ചാൽ പ്രദേശത്തെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതോടൊപ്പം ചീക്കല്ലൂർ ഇടംവയൽ പാടം കൃഷിയോഗ്യമാക്കാനും കഴിയും. അടിയന്തരമായി കുളം നവീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.