മരണം മണക്കുന്ന മണ്ണിലേക്കില്ല; സൂചനയായി ദുരന്തബാധിതരുടെ സമരം

Mail This Article
ചൂരൽമല ∙ ഇനി എത്ര ജീവൻ വേണം അധികൃതരുടെ കണ്ണു തുറക്കാൻ? ചോദിക്കുന്നത് മുണ്ടക്കൈ–ചൂരൽമല പുനരധിവാസ ടൗൺഷിപ് ഗുണഭോക്തൃപട്ടികയിൽ ഉൾപ്പെടാത്ത 27 കുടുംബങ്ങളാണ്. ഭൗമശാസ്‌ത്രജ്‌ഞൻ ജോൺ മത്തായി ഗോ സോൺ ആയി അടയാളപ്പെടുത്തിയ ചൂരൽമല സ്കൂൾ റോഡ്, പടവെട്ടിക്കുന്ന് പ്രദേശങ്ങളിലെ കുടുംബങ്ങളാണ് ദുരന്തഭൂമിയിലേക്ക് മടങ്ങില്ലെന്നും അർഹരായ മുഴുവൻ ആളുകളെയും ഉൾപ്പെടുത്തി പുനരധിവാസം നടത്തണമെന്നും ആവശ്യപ്പെട്ട് എച്ച്എസ് റോഡ്, പടവെട്ടിക്കുന്ന് ആക്‌ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൂരൽമല ടൗണിൽ സൂചനാ ഉപരോധ സമരം നടത്തിയത്.
പുത്തുമല പൊതു ശ്മശാനം സന്ദർശിച്ചതിനു ശേഷമാണ് ദുരന്തബാധിതർ ചൂരൽമല ടൗണിലേക്ക് എത്തിയത്. ദുരന്തബാധിതരായ കുട്ടികളുൾപ്പെടെ ഒൻപതരയോടെ ചൂരൽമല ടൗണിൽ പ്രതിഷേധ പ്രകടനം ആരംഭിച്ചു. ടൗണിൽ നിന്നു പ്രകടനമായി ബെയ്‌ലി പാലം കടന്ന് ദുരന്തഭൂമിയിലേക്ക് പോകാൻ ശ്രമിച്ച പ്രതിഷേധക്കാരെ തടയാൻ പൊലീസ് ശ്രമിച്ചെങ്കിലും ബലം പ്രയോഗിച്ചില്ല.
പാലം കടന്ന സമരക്കാർ ദുരന്തഭൂമിയിലെത്തി അൽപനേരം മുദ്രാവാക്യങ്ങളുമായി നിലയുറപ്പിച്ചു. വീണ്ടും ടൗണിലെത്തി റോഡ് ഉപരോധിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. ആക്‌ഷൻ കമ്മിറ്റി ചെയർമാൻ സി.എം. യൂനസ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് കൽപറ്റ നിയോജക മണ്ഡലം കൺവീനർ ടി. ഹംസ, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു, ചൂരൽമല വാർഡ് അംഗം സി.കെ. നൂറുദ്ദീൻ, അട്ടമല വാർഡ് അംഗം എൻ.കെ. സുകുമാരൻ, വി. യൂസഫ്, അബ്ദുൽ റഫീഖ്, മുഹമ്മദ് അനീസ് എന്നിവർ പ്രസംഗിച്ചു.
എങ്ങനെ സമാധാനത്തിൽ കഴിയും
നോ ഗോ സോണിൽ നിന്ന് 50 മീറ്റർ പരിധിയിലെ വീടുകളെ പരിഗണിച്ച രണ്ടാം ഘട്ട (ബി) പട്ടികയിൽ പ്രദേശത്തു നിന്നുള്ള 30 കുടുംബങ്ങളിൽ 3 കുടുംബങ്ങൾ മാത്രമാണ് ഉൾപ്പെട്ടിരിക്കുന്നത്. അവശേഷിക്കുന്നവർ ദുരന്തഭൂമിയിലേക്ക് മടങ്ങി പോകേണ്ട സാഹചര്യത്തിലാണ്. എച്ച്എസ് റോഡ്, പടവെട്ടിക്കുന്ന് ആക്‌ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കുടുംബങ്ങൾ സമരമുഖത്തേക്ക് ഇറങ്ങിയത്.
1.5 കിലോ മീറ്റർ ദൂരം ദുരന്തഭൂമിയിലൂടെ യാത്ര ചെയ്തു വേണം 27 കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്തെത്താൻ. അവിടെ ഒറ്റപ്പെട്ട് താമസിക്കണം. ഇനിയൊരു ദുരന്തത്തിനുള്ള സാധ്യത സർക്കാർ പോലും തള്ളിക്കളയാത്ത സാഹചര്യത്തിൽ ഞങ്ങൾ എങ്ങനെ അവിടെ പോയി സമാധാനത്തോടെ ജീവിക്കുമെന്നാണു ദുരന്തബാധിതർ ചോദിക്കുന്നത്. ഇനിയൊരു പരീക്ഷണത്തിന് തങ്ങൾ തയാറല്ലെന്ന് അവർ ഉറപ്പിച്ചു പറയുന്നു.

ആത്മാർഥത ഉണ്ടെങ്കിൽ അപാകതകൾ തിരുത്തണം; സംഷാദ് മരക്കാർ
പുനരധിവാസ പ്രവർത്തനങ്ങളിൽ സർക്കാരിന് ആത്മാർഥതയുണ്ടെങ്കിൽ പട്ടികയിലെ അപാകതകൾ തിരുത്താൻ തയാറാവണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ. ദുരന്തബാധിതരുടെ സൂചനാ ഉപരോധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദുരന്തഭൂമിയിലെ 50 മീറ്റർ അളവുകളും കല്ലുകളും മറ്റുമാണ് പുനരധിവാസ മാനദണ്ഡങ്ങൾ തീരുമാനിക്കുന്നത്. പ്രളയത്തിൽ ഇതൊന്നും ഉണ്ടായിരുന്നില്ല. പാടി എന്ന വാക്ക് സർക്കാർ ഉത്തരവിൽ ഉണ്ടായില്ലെന്ന കാരണത്താൽ റാട്ടപ്പാടിയിലെ ആളുകൾ പട്ടികയിൽ നിന്നു പുറത്തായി. പുത്തുമല ദുരന്തത്തിനു ശേഷം ആളുകളെ മാറ്റണമെന്ന റിപ്പോർട്ട് ഉണ്ടായിരുന്നിട്ടും സർക്കാർ അത് ചെയ്തില്ലെന്നും സംഷാദ് മരയ്ക്കാർ ആരോപിച്ചു.