ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് വായ്പയുമായി വനിതാ വികസന കോർപറേഷൻ
Mail This Article
കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരായ സ്ത്രീകൾക്ക് ഈടില്ലാത്ത വായ്പ പദ്ധതിയുമായി വനിതാ വികസന കോർപറേഷൻ. ദുരന്തമേഖലയിലെ സ്ത്രീകളുടെ അതിജീവനം ലക്ഷ്യമിട്ട്, വനിതാദിനത്തോടനുബന്ധിച്ചു മലയാള മനോരമ ബത്തേരിയിൽ നടത്തിയ ഉരുളിൽ ഒരു വെളിച്ചം– അതിജീവനത്തിന്റെ പെൺപെരുമ എന്ന കോൺക്ലേവിൽ ഉയർന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണു നടപടി.
ആദ്യഘട്ടത്തിൽ, മുണ്ടക്കൈ–ചൂരൽമല സ്വദേശികളായ 4 പേർക്ക് ആടുവളർത്തൽ ഫാം തുടങ്ങുന്നതിനായി 50,000 രൂപ വീതം നൽകാൻ തീരുമാനമായി. ഈ വർഷത്തെ പദ്ധതിയിൽപെടുത്തി 5 പേർക്കു കൂടി വായ്പ അനുവദിക്കാനാകുമെന്നാണു പ്രതീക്ഷയെന്ന് കെ.സി. റോസക്കുട്ടി പറഞ്ഞു. ഈടില്ലാത്ത വായ്പയായാണു നൽകുന്നത്. തയ്യൽ യൂണിറ്റ്, ഭക്ഷ്യസംസ്കരണ യൂണിറ്റ് തുടങ്ങി വ്യക്തികളുടെ സംരംഭങ്ങൾക്കാണു വായ്പ അനുവദിക്കുക.
എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷന്റെ സാങ്കേതിക സഹായവും മേൽനോട്ടവും സംരംഭങ്ങൾക്കു ഗുണം ചെയ്യും. ദുരന്തബാധിതരായ കുട്ടികളുടെ വിദ്യാഭ്യാസം, ജോലി എന്നിവയിൽ പ്രത്യേക ശ്രദ്ധ പുലർത്തും. തൊഴിലെടുക്കാൻ താൽപര്യമുള്ള വനിതകൾക്ക് തൊഴിൽ പരിശീലനം നൽകുന്നതിന്റെ ചെലവേറ്റെടുക്കാനും കോർപറേഷൻ തയാറാണെന്നും കെ.സി. റോസക്കുട്ടി പറഞ്ഞു. വായ്പാവിതരണോദ്ഘാടനം വൈകാതെ നടത്തുമെന്നും അവർ അറിയിച്ചു.