വരൾച്ച കടുക്കുമോ? ആശ്വാസമായി വേനൽമഴയും

Mail This Article
കൽപറ്റ ∙ കഴിഞ്ഞ വരൾച്ചയിൽ ജില്ലയിലുണ്ടായത് 88.14 കോടി രൂപയുടെ കൃഷിനാശം. കഴിഞ്ഞ വർഷത്തെക്കാൾ രൂക്ഷമായ വരൾച്ചാ ഭീഷണിയാണ് ഇത്തവണ ജില്ല അഭിമുഖീകരിക്കുന്നത്. 10,552 ഹെക്ടർ കൃഷിഭൂമിയിലാണ് കഴിഞ്ഞ വർഷം വരൾച്ച ബാധിച്ചത്. 9,515 കർഷകർക്ക് ജില്ലയിലാകെ കൃഷിനാശം ഉണ്ടായി. വരൾച്ച ഏറ്റവും കൂടുതൽ ബാധിച്ചത് വാഴക്കർഷകരെയാണ്. 10,029 ഹെക്ടർ ഭൂമിയിലെ 71.85 കോടി രൂപയുടെ വാഴക്കൃഷിയാണ് നശിച്ചത്. 8.35 കോടി രൂപയുടെ കുരുമുളകു കൃഷിയും നശിച്ചു.
1,137 കുരുമുളകു കർഷകരെ വരൾച്ച ബാധിച്ചു. കാപ്പിക്കർഷകർക്ക് 1.45 കോടി രൂപയുടെ നഷ്ടവും കേരകർഷകർക്ക് 2.11 കോടി നഷ്ടവും നെൽക്കർഷകർക്ക് 96 ലക്ഷം രൂപയുടെ കൃഷിനാശവും ഉണ്ടായി. ബത്തേരി ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ കൃഷിനാശം. 7,641 ഹെക്ടർ ഭൂമിയാണ് ബത്തേരിയിൽ വരൾച്ച ബാധിച്ചത്.എന്നാൽ ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത് പനമരം ബ്ലോക്കിലാണ്.
കർണാടക അതിർത്തിയോടു ചേർന്നു കിടക്കുന്ന മുള്ളൻകൊല്ലി പഞ്ചായത്തിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ കൃഷിനാശം റിപ്പോർട്ട് ചെയ്തത്. മുള്ളൻകൊല്ലിയിലെ 2805 കർഷകർക്കു നാശനഷ്ടമുണ്ടായി. 16.7 കോടി രൂപയുടേതാണ് മുള്ളൻകൊല്ലിയിലെ മാത്രം കൃഷി നഷ്ടം. അമ്പലവയൽ പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ പ്രദേശത്ത് വരൾച്ചയുണ്ടായത്. 5,015 ഹെക്ടർ ഭൂമിയാണ് കഴിഞ്ഞ വർഷം അമ്പലവയൽ പഞ്ചായത്തിൽ വരണ്ടുണങ്ങിയത്.
അമ്പലവയലിനോടു ചേർന്ന മീനങ്ങാടിയിലും 2533 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു. കഴിഞ്ഞ വർഷത്തെക്കാൾ വലിയ വരൾച്ചാ സാധ്യതയാണ് ഇത്തവണ ഉള്ളതെന്നാണ് കൃഷി വകുപ്പ് അധികൃതർ പറയുന്നത്. ഇപ്പോൾ തന്നെ പലയിടങ്ങളിലും വരൾച്ച റിപ്പോർട്ട് ചെയ്തു തുടങ്ങിയിട്ടുണ്ട്. അതിനിടെ, ഇന്നലെ ജില്ലയിൽ പലയിടത്തും നല്ലപോലെ വേനൽമഴ ലഭിച്ചു. വരുംദിവസങ്ങളിലും മഴ ശക്തമായി പെയ്താൽ വരൾച്ചാഭീതി ഒഴിവാകുമെന്ന പ്രതീക്ഷയിലാണു കർഷകർ.
വരൾച്ചാപ്രതിരോധം: ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
∙ പൊതയിടലാണ് വേനലിനെ പ്രതിരോധിക്കാൻ ചെയ്യാനാവുന്ന ഏറ്റവും അടിസ്ഥാന പ്രതിരോധ മാർഗം.
∙ തണൽ മരങ്ങൾ മുറിക്കരുത്.
∙ കൃഷിയിടങ്ങളിൽ ചെറിയ കുളങ്ങൾ നിർമിക്കാം
∙ തട്ടു തിരിക്കാം
∙ മൺതിട്ടകളുണ്ടാക്കി തൊണ്ടടുക്കാം
∙ വിളകളുടെ തടത്തിലും തൊണ്ടടുക്കാം
∙ മണ്ണു കുത്തിയിളക്കാൻ പാടില്ല.