ഈ കുളമ്പടികൾ നാട്ടുകാരുടെ നെഞ്ചത്ത്; കുതിരഫാമിലെ കുതിരകൾ കർഷകരുടെ കൃഷി നശിപ്പിക്കുന്നു

Mail This Article
പുൽപള്ളി ∙ ചേകാടിയിൽ അനധികൃതമായി പ്രവർത്തിക്കുന്ന കുതിരഫാമിലെ കുതിരകളെ പുറത്തേക്ക് അഴിച്ചുവിടുന്നത് നാട്ടുകാർക്ക് ശല്യമാകുന്നെന്നു പരാതി. കഴിഞ്ഞവർഷമാണ് ചേകാടി പന്നിക്കൽ വയലിൽ കുതിരഫാം ആരംഭിച്ചത്. ഇവിടെ 13 കുതിരകളെ ഇപ്പോൾ വളർത്തുന്നുണ്ട്. അതിൽ പകുതിയോളം കുതിരകൾ രാപകൽ നാട്ടിലിറങ്ങി മേഞ്ഞു നടക്കുന്നു. കർഷകരുടെ കൃഷികളും കന്നുകാലികൾക്കായി വളർത്തുന്ന പുല്ലും കുതിരകൾ തിന്നുതീർക്കുന്നു. കൃഷിനശിപ്പിക്കുന്ന കുതിരകളെ ഓടിച്ചുവിടാൻ ശ്രമിച്ചാൽ ആക്രമിക്കുമെന്ന് പ്രദേശവാസിയായ മാനിക്കാട് രാധാകൃഷ്ണൻ പറയുന്നു. കുതിരയുടെ മുന്നിലെത്തിയാൽ ഓടിച്ചിട്ടുകടിക്കും പിന്നിലൂടെയെത്തിയാൽ തൊഴിച്ചുവീഴ്ത്തും.
പ്രദേശവാസികൾക്കു വഴിനടക്കാനാവാത്ത അവസ്ഥയായി. കൂലിപ്പണി കഴിഞ്ഞ് കടയിൽ പോയവരികയായിരുന്ന പന്നിക്കൽ ഊരിലെ തൊഴിലാളിയെ കഴിഞ്ഞയാഴ്ച കുതിര ഇടിച്ചുവീഴ്ത്തി. കുട്ടികളെയും സ്ത്രീകളെയും കണ്ടാൽ ഇവ ഓടിയെത്തി ആക്രമിക്കുന്നു. ശല്യം സഹിക്കാതായപ്പോൾ രാധാകൃഷ്ണൻ പൊലീസിൽ പരാതിനൽകിയെങ്കിലും ആരും അന്വേഷിച്ചെത്തിയില്ല. കുരിതാലയത്തിലെ മാലിന്യങ്ങൾ വയൽനടുവിലൂടെ ഒഴുകുന്ന തോട്ടിലെത്തുന്നു. പന്നിക്കൽ, താഴശേരി ഊരുനിവാസികൾ കുളിക്കാനും തുണിയലക്കാനും ഉപയോഗിക്കുന്ന വെള്ളം മലിനമായി. വലിയപുഴയിൽ പോയി അലക്കിക്കുളിക്കാൻ വനത്തിലൂടെ പോകണം. പകൽ സമയത്തും അവിടെ ആനയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കടുവയെയും കണ്ടു.
കോടതിയെ സമീപിക്കുമെന്ന് നാട്ടുകാർ
ചേകാടിയിൽ പാടംനികത്തി കുതിരഫാം നിർമിച്ചതിനെതിരെ പാടശേഖര സമിതിയുടെയും മനുഷ്യാവകാശ സംഘടനകളുടെയും നേതൃത്വത്തിൽ നടത്തിയ സമരങ്ങൾക്കു പരിഹാരമില്ലാത്തതിനാൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് മനുഷ്യാവകാശ സംഘടനകൾ. 7 മാസം മുൻപാണ് പന്നിക്കൽ പാടത്ത് സ്വകാര്യവ്യക്തി കുതിരാലയം ആരംഭിച്ചത്. ഇതിനെതിരെ പ്രദേശവാസികൾ നൽകിയ പരാതിയിൽ കഴമ്പുണ്ടെന്നും കടുത്ത നിയമലംഘനം നടന്നെന്നും തഹസിൽദാരും സബ്കലക്ടറും റിപ്പോർട്ട് നൽകിയിരുന്നു.പാടത്തെ നിർമാണം പൊളിച്ചുനീക്കി വയൽപൂർവ സ്ഥിതിയിലാക്കണമെന്ന് കലക്ടർ നിർദേശം നൽകിയെങ്കിലും ഉടമ ഹൈക്കോടതിയിൽ നിന്നു സ്റ്റേവാങ്ങി നിയമലംഘനം തുടർന്നു. 4 മാസത്തേക്ക് നടപടി പാടില്ലെന്നായിരുന്നു കോടതി ഉത്തരവ്. അതിന്റെ കാലാവധിയായിട്ടും ജില്ലാഭരണകൂടം നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം.