ഓട്ടോ പൊളിച്ചു തൂക്കിവിറ്റ സംഭവം: 2 പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കു ശുപാർശ
Mail This Article
കൽപറ്റ ∙ ഇൻഷുറൻസ് പുതുക്കാത്തതിനു പിടിച്ചെടുത്ത ഓട്ടോറിക്ഷ ഇടിച്ചു പൊളിച്ച ശേഷം ലേലം ചെയ്തു വിറ്റ സംഭവത്തിൽ 2 പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കു ശുപാർശ. മേപ്പാടി മുക്കിൽപ്പീടിക സ്വദേശി എൻ.ആർ. നാരായണന്റെ ഓട്ടോ 2017 ഡിസംബർ 17 മേപ്പാടി പൊലീസ് പിടിച്ചെടുത്തു നശിപ്പിച്ച സംഭവത്തിലാണു 8 വർഷത്തിനു ശേഷം നടപടി വരുന്നത്.മേപ്പാടി പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ, സ്റ്റേഷൻ റൈറ്റർ എന്നിവർക്കു ഗുരുതര വീഴ്ച സംഭവിച്ചതായി ജില്ലാ പൊലീസ് മേധാവി മനുഷ്യാവകാശ കമ്മിഷനു റിപ്പോർട്ട് നൽകി. ഇൻസ്പെക്ടർ സർവീസിൽനിന്നു വിരമിച്ചു.
സ്റ്റേഷൻ റൈറ്ററായിരുന്ന ഉദ്യോഗസ്ഥനെതിരെ ഉചിതമായ നടപടിയെടുക്കാൻ സ്പെഷൽ ബ്രാഞ്ച് എസ്പിയെ ചുമതലപ്പെടുത്തിയതായി മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥിനു നൽകിയ റിപ്പോർട്ടിൽ പറയുന്നു.സ്വന്തമായി ആകെയുണ്ടായിരുന്ന കടമുറി വിറ്റു നാരായണൻ വാങ്ങിയ ഓട്ടോറിക്ഷ, മേപ്പാടി പൊലീസ് ഇടിച്ചു പൊളിച്ചു നശിപ്പിച്ച ശേഷം ലേലം ചെയ്തു വിറ്റ ക്രൂരത 2024 മാർച്ച് 13 മനോരമ പ്രസിദ്ധീകരിച്ച വാർത്തയിലൂടെയാണു പുറംലോകമറിഞ്ഞത്. വാർത്തയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മിഷൻ ഇടപെടുകയും തുടർന്ന് ജില്ലാ പൊലീസ് മേധാവി എഎസ്പി വിനോദ് പിള്ളയെ അന്വേഷണച്ചുമതല ഏൽപിക്കുകയും ചെയ്തു.
ഓട്ടോ ലേലം ചെയ്യുന്നതിന് മുൻപു നാരായണനു റജിസ്ട്രേഡ് തപാലിലും നേരിട്ടും നോട്ടിസ് നൽകിയിരുന്നുവെന്നാണു പൊലീസ് വാദം. എന്നാൽ, നോട്ടിസിന്റെ പകർപ്പോ നോട്ടിസ് നാരായണൻ കൈപ്പറ്റിയെന്നു തെളിയിക്കാനുള്ള രേഖകളോ പൊലീസ് സ്റ്റേഷനിൽ ലഭ്യമല്ലെന്നു റിപ്പോർട്ടിൽ പറയുന്നു. തെളിവുകൾ സ്റ്റേഷനിൽ സൂക്ഷിക്കാതെ പൊലീസ് സേനയുടെ അന്തസ്സിനു ഭംഗം വരുത്തുന്ന തരത്തിൽ വാർത്തകൾ വന്നതിൽ ഉദ്യോഗസ്ഥർക്കു വീഴ്ചയുണ്ടായെന്നും പരാമർശമുണ്ട്. മനോരമ വാർത്ത കണ്ട കൂത്തുപറമ്പ് സ്വദേശിയും ചെന്നൈ നിവാസിയുമായ ടി. ബാലൻ സമ്മാനിച്ച പുതിയ ഓട്ടോ ഓടിച്ചാണിപ്പോൾ നാരായണന്റെ ജീവിതം.