താടി വടിക്കാത്തതിനും ബട്ടൺ ഇടാത്തതിനും പ്ലസ് വൺ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂരമർദനം
Mail This Article
നാദാപുരം (കോഴിക്കോട്) ∙ പേരോട് എംഐഎം ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതാൻ പോയ പ്ലസ് വൺ വിദ്യാർഥി മുതിർന്ന 4 വിദ്യാർഥികളുടെ ക്രൂര മർദനത്തിനിരയായി. തൂണേരിയിലെ വലിയ വിളക്കാട്ടു വള്ളി മുഹമ്മദ് റിഷാനാ(17)ണു മർദനത്തിനിരയായത്. ആദ്യം നാദാപുരം താലൂക്ക് ആശുപത്രിയിലും പിന്നീട് വടകര സഹകരണ ആശുപത്രിയിലും ചികിത്സ തേടിയ റിഷാൻ ഇപ്പോഴും ചികിത്സ തുടരുകയാണ്. തലയ്ക്കാണു റിഷാനു പരുക്കേറ്റത്. 4 വിദ്യാർഥികൾക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തു.
താടി വടിക്കാതെയും ഷർട്ടിന്റെ ബട്ടൺ ഇടാതെയും സ്കൂളിൽ വന്നു എന്ന പേരിൽ സദിൻ, മുഹമ്മദ് ജംനാസ്, നജാദ്, ലുബൈബ് എന്നിവർ തല ചുമരിൽ ഇടിച്ചും കൈകൊണ്ടിടിച്ചും പരുക്കേൽപിച്ചെന്നാണു പരാതി. ഇവർക്കു പുറമേ, പ്രായപൂർത്തിയാകാത്ത ചിലർക്കും സംഭവവുമായി ബന്ധമുണ്ടെന്നും ജുവനൈൽ കോടതി മുൻപാകെ ഇവർക്കെതിരെ റിപ്പോർട്ട് നൽകുമെന്നും പൊലീസ് എസ്ഐ എം.പി.വിഷ്ണു അറിയിച്ചു.
പരുക്കേറ്റ കുട്ടിയുടെ പരാതി പ്രകാരമാണ് കേസെടുത്തത്. സ്കൂളിലെ റാഗിങ് വിരുദ്ധ സമിതി റാഗിങ്ങിനെതിരെയുള്ള വകുപ്പുകൾ ചേർക്കുന്നതിനു പരാതി നൽകിയാൽ റാഗിങ് വിരുദ്ധ നിയമ പ്രകാരം കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. റാഗിങ് നിരോധന നിയമ പ്രകാരം കേസെടുക്കാൻ പൊലീസിനു റിപ്പോർട്ട് നൽകുമെന്നും ഇതിനു തീരുമാനമെടുത്തതായും സ്കൂൾ അധികൃതർ പറഞ്ഞു.ഇന്നലെ രക്ഷിതാക്കൾക്കൊപ്പമെത്തിയാണ് പരുക്കേറ്റ മുഹമ്മദ് റിഷാൻ പരീക്ഷയെഴുതിയത്. രണ്ടു മാസം മുൻപും ഈ സ്കൂളിൽ മുതിർന്ന കുട്ടികൾ ചേർന്നു വിദ്യാർഥിയെ മർദിച്ചതിനു പൊലീസ് കേസെടുത്തിരുന്നു.