ബെംഗളൂരുവിന്റെ ദാഹമകറ്റാൻ കബനിയിൽ വെള്ളം തയാർ

Mail This Article
പുൽപള്ളി ∙ കർണാടക തലസ്ഥാനമായ ബെംഗളൂരുവിലെ ശുദ്ധജല വിതരണത്തിന് വയനാട്ടിൽ നിന്നാരംഭിക്കുന്ന കബനിയിൽ വെള്ളം തയാർ. നഗരത്തിൽ ജലക്ഷാമം രൂക്ഷമായാൽ ജലവിതരണം സുഗമമാക്കാനാണ് കബനിയിലെ ജലം കൃഷിയാവശ്യത്തിനു തുറന്നുവിടാതെ ബീച്ചനഹള്ളി അണക്കെട്ടിൽ സംഭരിച്ചുസൂക്ഷിക്കുന്നത്. കഴിഞ്ഞവർഷം കബനിയിൽ നിന്നെത്തിച്ച വെള്ളമാണ് നഗരത്തിൽ വിതരണം ചെയ്തത്. മുൻ വർഷത്തെക്കാൾ കൂടുതൽ മഴ പെയ്തതിനാൽ ഈ സീസണിൽ സംഭരണികളിൽ ധാരാളം വെള്ളമുണ്ട്.
എന്നാൽ രണ്ടാംവിളയ്ക്ക് വെള്ളം ലഭിക്കാത്തതിനാൽ മൈസൂരു, ചാമരാജ്നഗർ ജില്ലകളിൽ പലയിടത്തും കൃഷിമുടങ്ങി. ബീച്ചനഹള്ളി അണക്കെട്ടിൽ നിന്നുള്ള വെള്ളമുപയോഗിച്ച് 5 താലൂക്കുകളിൽ കൃഷിചെയ്യുന്നുണ്ട്. കുടിവെള്ളത്തിനു പ്രധാന പരിഗണനയുള്ളതിനാലാണ് ഇക്കൊല്ലം കബനീജലം മുഴുവൻ അതിനായി കരുതിവച്ചത്. ബീച്ചനഹള്ളിയിൽ നിന്നു കബനിയിലൂടെ തന്നെ വെള്ളം ടി നരസിപ്പുരയിലെത്തിച്ച് കാവേരിയുടെ ഭാഗമാക്കും.പിന്നീട് കൊള്ളഗലിൽ നിന്നാണ് വെള്ളം ബെംഗളൂരുവിലേക്കു തിരിക്കുന്നത്.
7 ഘട്ടങ്ങളിലായി പമ്പിങ് നടത്തി അവിടെനിന്ന് 70 കിലോമീറ്ററകലെ വെള്ളമെത്തിക്കും.ബെംഗളൂരു ജലവിതരണ ബോർഡാണ് നഗരത്തിൽ ജലവിതരണത്തിന്റെ ചുമതലക്കാർ. കാവേരിയിൽ നിന്നുകൂടുതൽ ജലമെത്തിച്ച് കുടിവെള്ള വിതരണത്തിനു ഇക്കൊല്ലം അധിക സംവിധാനമൊരുക്കിയെന്ന് ബോർഡ് ചെയർമാൻ വി.രാംപ്രശാന്ത് മനോഹർ അറിയിച്ചു.ഭൂജല ലഭ്യത പലേടത്തും കുറയുന്നതിനാലാണ് ജലവിതരണത്തിന് കാവേരി ജലമെത്തിക്കേണ്ടി വരുന്നത്.കാവേരിയുടെ കൈവഴിയായ കബനിയിലെ വെള്ളം 240 കിലോമീറ്റർ അകലെയാണ് കുടിവെള്ളത്തിനായി എത്തിക്കുന്നത്.
കഴിഞ്ഞ തവണത്തെക്കാൾ 2.5 ടിഎംസി ജലം കബനിയിൽ ഇക്കൊല്ലം കൂടുതലുണ്ട്.കഴിഞ്ഞവർഷം കബനിയിലെ ജലമപ്പാടെ കർണാടക കൊണ്ടുപോയപ്പോൾ വയനാട് അതിർത്തി പ്രദേശങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങിയിരുന്നു. ജലസേചന ആവശ്യത്തിന് കാരാപ്പുഴയിൽ നിർമിച്ച അണക്കെട്ടിൽ നിന്നുവെള്ളം തുറന്നുവിട്ടാണ് മരക്കടവിൽ പമ്പിങ് നടത്താനായത്. ഇക്കൊല്ലം കബനിയിലെ ജലനിരപ്പ് താഴാത്തതിനാൽ പമ്പിങ്ങിനു തടസ്സമില്ല.